വാരഫലം - ജൂലൈ 21 മുതല്‍ 27 വരെ weekly horoscope AI Image
Astrology

പ്രാണിശല്യം കൂടും, ഈയാഴ്ചയും മഴ തന്നെ; ഭൂചലനത്തിനും സാധ്യത

വാരഫലം - ജൂലൈ 21 മുതല്‍ 27 വരെ

Author : ഉണ്ണികൃഷ്ണന്‍ തെക്കേപ്പാട്ട്‌

ജൂലൈ 20-ന് പുലര്‍ച്ചെ 5:22 മുതല്‍ പൂയം ഞാറ്റുവേല തുടങ്ങി. ചെറുപ്രാണികളുടെ പ്രജനനകാലമത്രെ ഇത്. അതുകൊണ്ടുതന്നെ പച്ചക്കറിക്കൃഷിയില്‍ പുഴുക്കേട് കൂടുന്നതാണ്. ബുധന്‍ ഈ ആഴ്ചയും കര്‍ക്കകടകരാശിയില്‍തന്നെ നില്‍ക്കയാല്‍ ശക്തമായ മഴ തുടരുന്ന സൂചനയാണ്. കൂടാതെ ജൂലൈ 26-ന് ശുക്രന്‍ മിഥുനം രാശിയിലേക്ക് മാറുന്നതും മഴയുടെ ശക്തി ശരാശരിയില്‍ തുടരുന്ന ലക്ഷണം കാണിക്കുന്നു. കൂടാതെ ജൂലൈ 24 കര്‍കടകവാവ് കൂടിയാണ്. ജൂലൈ 24-ന് ശ്രാവണമാസവും വര്‍ഷഋതുവും ആരംഭിക്കും. ശനിയുടേയും ബുധന്റേയും വക്രാവസ്ഥ തുടരുന്നത് ഭൂകമ്പം, കാറ്റ് എന്നിവയുടെ ലക്ഷണം തന്നെയാണ് കാണിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അദ്ധ്യാപകര്‍, ഗുരുശ്രേഷ്ഠര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്കെല്ലാം ശോഭിക്കാവുന്ന കാലമാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണകരമായ ആഴ്ചയാണിത്. ക്രയവിക്രയങ്ങള്‍ക്കും വാഗ്വൈഭവത്തിലും ധനലാഭത്തിനും സ്ഥാനമാനപ്രാപ്തിക്കും യോഗമുണ്ട്. വിവാഹാദി മംഗളകര്‍മങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നിരുന്നാലും അകാരണമായ മനശ്ചാഞ്ചല്യത്തിനും വീഴ്ച, മുറിവേല്‍ക്കാനിടവരുക എന്നിവയ്ക്കും യോഗം പറയാവുന്നതാണ്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണിത്. സംഗീതസാഹിത്യ നൃത്തകലാദികളിലുള്ളവര്‍ക്ക് വളരെ ഗുണപരമായ മാറ്റങ്ങളുടെ കാലമാണിത്. പാലുല്പാദനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദ്യരംഗത്തുള്ളവര്‍ക്കും മധ്യസ്ഥവൃത്തിയിലുള്ളവര്‍ക്കും വളരെ നല്ല സമയമാണ്. കാര്‍ഷികരംഗത്തുള്ളവര്‍ക്കും പ്രായേണ നല്ല കാലമാണ്. എണ്ണ, നെയ്യ് മുതലായവ വിറ്റുജീവിക്കുന്നവര്‍ക്കും ഇത് നല്ല സമയമാണ്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈശ്വരാനുഗ്രഹമുള്ള സമയമാണിത്. വാഗ്വൈഭവംകൊണ്ട് സ്വന്തം കഴിവ് പ്രകടിപ്പിക്കാവുന്ന കാലമാണിത്. ഉന്നത സ്ഥാനമാനപ്രാപ്തിക്കും വിദേശവാസ യോഗത്തിനും ഇക്കാലത്ത് യോഗമുണ്ട്. ഗവേഷണരംഗത്തുള്ളവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം

എല്ലാ കാര്യങ്ങള്‍ക്കും ഒരു തടസ്സമുള്ള സമയമാണ്. സല്‍കര്‍മങ്ങള്‍ക്കും വീട്, വാഹനം എന്നിവയ്ക്കായി ചെലവുകള്‍ക്കും യോഗമുണ്ട്. അനാവശ്യ സംസാരം മൂലം കലഹസാധ്യതകള്‍ക്ക് ആധിക്യമുള്ള സമയമാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനം ധാരാളമുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധിക്കും ധനലാഭം, ആരോഗ്യം, കുടുംബൈശ്വര്യം ഇത്യാദികള്‍ക്കെല്ലാം യോഗമുണ്ട്. പുണ്യതീര്‍ത്ഥസ്‌നാനാദി ഗുണം, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം, ധര്‍മാനുഷ്ഠാനതല്പരത എന്നിവയ്ക്കും സാധ്യതയുണ്ട്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ ആഴ്ചയാണിത്. കര്‍ഷകര്‍ക്കും വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും അത് ഗുണകരമാണ്. ഇതിനുപുറമെ സര്‍ക്കാര്‍ വക ഉദ്യോഗലബ്ധിക്കും പ്രശസ്തിക്കുംകൂടി യോഗമുണ്ട്. കൂടാതെ ജലാശയങ്ങളുടെ നിര്‍മിതി, സംരക്ഷണം, ധനധാന്യസമൃദ്ധി എന്നിവയ്‌ക്കെല്ലാം ഗുണപ്രദമായ ആഴ്ചയാണിത്.

ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

വളരെ ഈശ്വരാധീനമുള്ള സമയമാണിത്. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയം വരിക്കാനും ദേവാരാധന താല്പര്യം, ഗുരുശ്രേഷ്ഠന്മാരെ ബഹുമാനിക്കുന്നതുമൂലം ഐശ്വര്യം എന്നിവയ്ക്ക് യോഗമുണ്ട്. തന്നെയുമല്ല, വിദ്വജ്ജനസമാഗമം, ധര്‍മാനുഷ്ഠാന തല്പരത, കൃഷിയിലും ക്രയവിക്രയങ്ങളിലും ലാഭം എന്നിവയ്ക്കും യോഗമുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

അകാരണഭയം, നാശനഷ്ടങ്ങള്‍, ഉദരരോഗസാധ്യതകള്‍, തടസ്സങ്ങള്‍, നല്ലത് ചെയ്താലും ചീത്തഫലങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതാണ്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഗവേഷണവിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, ശാസ്ത്രസാങ്കേതികരംഗത്തുള്ളവര്‍, കലാരംഗത്തുള്ളവര്‍, ആതുരസേവനരംഗത്തുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഗുണകരമായ സമയമാണിത്. വിദേശവാസയോഗത്തിനും സാധ്യതയുണ്ട്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് അത്ര ഗുണകരമായ സമയമല്ല. പലതരത്തിലും നാശനഷ്ടങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ചതിയേല്‍ക്കാനും സാധ്യതയുള്ള സമയമാണ്. രക്തദൂഷ്യം, അഗ്നിഭയം, വൃക്ഷാദികളില്‍നിന്നോ തിരിച്ചോ വീഴ്ച മുതലായവയ്ക്കും യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 2, 3 പാദങ്ങള്‍

ഇവര്‍ക്ക് ഈശ്വരാനുഗ്രഹം ഏറെയുള്ള സമയമാണ്. ആരോഗ്യം, കുടുംബൈശ്വര്യം, കര്‍മഗുണാനുഭവങ്ങള്‍, പണ്ഡിതശ്രേഷ്ഠരുമായി സഹവാസം തുടങ്ങിയവയ്‌ക്കൊക്കെ യോഗമുണ്ട്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഈ നക്ഷത്രക്കാര്‍ക്ക് അലസതയ്ക്ക് യോഗമുണ്ടെങ്കിലും ആത്യന്തികമായ വിജയസാധ്യതയുള്ള കാലമാണ്. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സമയമാണ്. കൃഷി മുതലായവയില്‍നിന്നും ധനലാഭത്തിനും യോഗമുണ്ട്.

weekly horoscope for july 21-28

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!