കേരളത്തിലെ ഹിന്ദു കുടുംബങ്ങളിൽ കുലദേവതയ്ക്കും കുടുംബക്ഷേത്രത്തിനും സവിശേഷ സ്ഥാനമുണ്ട്. തലമുറകളായി ഒരു പ്രത്യേക ദേവതയെ കുടുംബപരദേവതയായി ആരാധിക്കുന്നതും വിവാഹം, ഗൃഹപ്രവേശം, സന്താനലബ്ധി തുടങ്ങിയ വിശേഷസന്ദർഭങ്ങളിൽ അനുഗ്രഹം തേടുന്നതും നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.
എന്നാൽ എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി കുടുംബക്ഷേത്രം ഉണ്ടായിരിക്കണമെന്നില്ല. ചിലർക്ക് പൂർവികർ ആരാധിച്ചിരുന്ന ദേവതയെക്കുറിച്ച് അറിവില്ല. മറ്റു ചിലർക്ക് കാലക്രമത്തിൽ പഴയ ആരാധനാകേന്ദ്രങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവർ എന്തു ചെയ്യണം? കുലദേവതയെ അറിയാത്തവർ ആരെയാണ് ആരാധിക്കേണ്ടത്?
കുടുംബക്ഷേത്രവും കുലദേവതയും
കുടുംബക്ഷേത്രവും കുലദേവതയും തമ്മിൽ ബന്ധമുണ്ടെങ്കിലും രണ്ടും ഒന്നാകണമെന്നില്ല. സ്വന്തമായി ക്ഷേത്രമില്ലാത്ത കുടുംബങ്ങൾക്കും കുലദേവത ഉണ്ടാകാം. ഭഗവതി, ശിവൻ, വിഷ്ണു, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗദേവതകൾ തുടങ്ങി യവ വിവിധ കുടുംബങ്ങളുടെ ആരാധനാ പരമ്പരയിൽ ഇടംപിടിച്ചിട്ടുണ്ട്.
അതോടൊപ്പം മുത്തപ്പൻ, പുളിയാമ്പിള്ളി, നമ്പൂതിരി അച്ഛൻ, യോഗീശ്വരൻ, ചാമുണ്ഡി തുടങ്ങിയ മൂർത്തികളെ ആരാധിച്ചിരുന്ന കുടുംബങ്ങളുമുണ്ട്. ഇവർക്കെല്ലാം പ്രത്യേക ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. തറവാട്ടിലെ ആരാധനാസ്ഥാനങ്ങളിലും കാവുകളിലും പാരമ്പര്യ അനുഷ്ഠാനങ്ങളിലുമായിരുന്നു ആരാധന.
കുലദേവതയെ അറിയാത്തവർ എന്തുചെയ്യണം?
കുടുംബത്തിലെ മുതിർന്നവരിൽ നിന്ന് പൂർവികരുടെ ആരാധനാരീതികളെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. പഴയ തറവാട്, ജന്മദേശം, ആരാധന നടത്തിയിരുന്ന ക്ഷേത്രങ്ങൾ, കാവുകൾ, കുടുംബമൂർത്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാം. പഴയ രേഖകളും കുടുംബത്തിലെ മറ്റു ശാഖകളിൽ നിലനിൽക്കുന്ന ആചാരങ്ങളും സഹായകമാകും.
ഇതിലൂടെ വ്യക്തമായ വിവരം ലഭിക്കാത്തപക്ഷം പരമ്പരാഗത ജ്യോതിഷവിധിപ്രകാരം കുടുംബ പ്രശ്നമോ ദേവപ്രശ്നമോ നടത്താവുന്നതാണ്. എന്നാൽ ലഭിക്കുന്ന സൂചനകൾ കുടുംബചരിത്രവും പ്രാദേശിക ആചാരങ്ങളുമായി ഒത്തു നോക്കണം. അനാവശ്യമായ ഭയമോ സാമ്പത്തിക ബാധ്യതയോ സൃഷ്ടിക്കുന്ന രീതിയിൽ ഇത്തരം കർമങ്ങളെ കാണരുത്.
കുടുംബ മൂർത്തികളെ ആരാധിച്ചിരുന്നവർ പാരമ്പര്യം തുടരുക
മുത്തപ്പൻ, പുളിയാമ്പിള്ളി, നമ്പൂതിരി അച്ഛൻ, യോഗീശ്വരൻ, ചാമുണ്ഡി തുടങ്ങിയ മൂർത്തികളെ ആരാധിച്ചിരുന്ന കുടുംബങ്ങൾ പൂർവികരുടെ അനുഷ്ഠാനങ്ങൾ തന്നെ തുടരുന്നതാണ് ഉചിതം. പുതിയൊരു ക്ഷേത്രമോ ആരാധനാസമ്പ്രദായമോ സ്വീകരിക്കേണ്ട ആവശ്യമില്ല.
ശാക്തേയ പൂജകൾ അനുഷ്ഠിച്ചിരുന്ന കുടുംബങ്ങളും സ്വന്തം സമ്പ്രദായം നിലനിർത്തണം. ഇത്തരം ആരാധനകളിൽ പ്രത്യേക താന്ത്രിക വിധികളും ഗുരുപരമ്പരയും ഉണ്ടായിരിക്കാം. അതിനാൽ പൂജാക്രമങ്ങളിൽ മാറ്റം വരുത്താതെ യോഗ്യ നായ ആചാര്യന്റെയോ തന്ത്രിയുടെയോ നിർദേശപ്രകാരം അനുഷ്ഠാനങ്ങൾ നടത്തണം.
കുലദേവതയെ കണ്ടെത്താനായില്ലെങ്കിൽ ഇഷ്ടദേവതയെ ആരാധിക്കാം
കുടുംബത്തിന്റെ ആരാധനാപരമ്പരയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തവർ ആശങ്കപ്പെടേണ്ടതില്ല. ഹിന്ദു ധാർമിക പാരമ്പര്യത്തിൽ ഇഷ്ടദേവതാരാധനയ്ക്കും നാമജപത്തിനും ക്ഷേത്രദർശനത്തിനും പ്രാധാന്യമുണ്ട്.
ശൈവ, വൈഷ്ണവ, ശാക്തേയ സങ്കൽപ്പങ്ങളിൽ വിശ്വാസമുള്ള ദേവതയെ ഇഷ്ടദേവതയായി സ്വീകരിക്കാം. ശിവനാമജപം, വിഷ്ണു സഹസ്രനാമം, ശ്രീകൃഷ്ണാരാധന, ദുർഗാ-ഭദ്രകാളി ആരാധന എന്നിവ അതത് വിശ്വാസമനുസരിച്ച് നടത്താം.
വീട്ടിൽ സൗകര്യപ്രദമായ ദിവസം നിശ്ചയിച്ച് ലളിതമായ പൂജയും നിവേദ്യവും നടത്താം. കുടുംബാംഗങ്ങൾ ഒന്നിച്ചുചേർന്ന് കുടുംബ ക്ഷേമത്തിനും പൂർവികരുടെ സ്മരണയ്ക്കുമായി പ്രാർഥിക്കുന്നതും നല്ലതാണ്. പ്രത്യേക കുടുംബമൂർത്തിക ളെയോ ശാക്തേയ സമ്പ്രദായത്തെയോ പാരമ്പര്യമായി ആരാധിച്ചിരുന്നവർ സ്വന്തം ആചാരങ്ങൾ തന്നെ തുടരുകയാണ് വേണ്ടത്.
സമീപക്ഷേത്രവുമായി ആരാധനാബന്ധം സ്ഥാപിക്കാം
കുടുംബക്ഷേത്രമില്ലാത്തവർക്ക് സമീപത്തുള്ള ഒരു ക്ഷേത്രത്തെ സ്ഥിരമായ ആരാധനാകേന്ദ്രമായി സ്വീകരിക്കാം. കുടുംബാംഗങ്ങൾ ഒന്നിച്ച് ദർശനം നടത്തുകയും വിശേഷദിവസങ്ങളിൽ വഴിപാടുകൾ നടത്തുകയും ചെയ്യാം. എന്നാൽ ഒരു ക്ഷേത്രത്തെ സ്ഥിരമായി ആരാധിക്കുന്നു എന്നതുകൊണ്ട് അവിടത്തെ പ്രതിഷ്ഠ കുടുംബത്തിന്റെ പാരമ്പര്യ കുലദേവതയാകണമെന്നില്ല.
പൂർവികസ്മരണയും പിതൃകർമങ്ങളും
കുലദേവതാരാധനയും പിതൃകർമങ്ങളും വ്യത്യസ്തമായ ആചാരങ്ങളാണ്. കുടുംബ ക്ഷേത്രമില്ലെങ്കിലും ശ്രാദ്ധം, തർപ്പണം, ബലിതർപ്പണം തുടങ്ങിയ കർമങ്ങൾ കുടുംബാചാരമനുസരിച്ച് നിർവഹിക്കാം. പൂർവികരെ സ്മരിക്കുക, ദാ നധർമങ്ങൾ നടത്തുക, കുടുംബത്തിലെ മുതിർന്നവരെ ആദരിക്കുക, പാരമ്പര്യവിവരങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുക എന്നിവയും പിതൃസ്മരണയുടെ ഭാഗമാണ്.
കുടുംബക്ഷേത്രമില്ലാത്തത് ഒരു കുറവല്ല
കുടുംബക്ഷേത്രമില്ലാത്തതുകൊണ്ട് ഒരു കുടുംബവും ആത്മീയമായി അപൂർണമാകുന്നില്ല. കുലദേവതയെ അറിയാത്തതുകൊണ്ട് ദൈവാനുഗ്രഹം നഷ്ടപ്പെടുമെന്നോ കുടുംബത്തിന് ദോഷമുണ്ടാകുമെന്നോ ഭയപ്പെടേണ്ടതില്ല.
കേരളത്തിലെ കുടുംബാരാധനയുടെ പ്രത്യേകത അതിന്റെ വൈവിധ്യമാണ്. ചിലർക്ക് ക്ഷേത്രങ്ങളും മറ്റു ചിലർക്ക് കാവുകളും തറവാട്ടിലെ സങ്കൽപ്പസ്ഥാനങ്ങളുമാണ് ആരാധനാ കേന്ദ്രങ്ങൾ. വേറെ ചിലർക്ക് കുടുംബമൂർത്തികളുടെ പാരമ്പര്യാനുഷ്ഠാനങ്ങളാണ് പ്രധാനം. അതിനാൽ എല്ലാവരും ഒരേ രീതിയിൽ ആരാധിക്കണമെന്നില്ല. പൂർവികരിൽ നിന്ന് ലഭിച്ച ആചാരങ്ങൾ സംരക്ഷിക്കുകയും അവ അറിയാത്തവർ വിശ്വാസപൂർവം ഇഷ്ടദേവതയെ ആരാധിക്കുകയും ചെയ്യാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates