തന്ത്രശാസ്ത്രത്തിന്റെ 64 ശാഖകളില്‍ ഏറ്റവും പ്രാധാന്യമുള്ള വിഭാഗമാണ് ഭൈരവ ഉപാസന. മഹാഭൈരവനും മഹാഭൈരവിയും അവരില്‍ നിന്നു ജനിച്ച എട്ട് ഭൈരവന്മാരും അവരുടെ പത്‌നിമാരായ എട്ട് ഭൈരവിമാരും ചേര്‍ന്ന് രൂപംകൊള്ളുന്ന ഗണമാണ് ഭൈരവഗണം. ഭൈരവാരാധന ബോധത്തിന്റെ പരമാവസ്ഥയിലേക്കുള്ള ദര്‍ശനയാത്രയാണ്.
വിജ്ഞാന ഭൈരവ തന്ത്രം
പ്രാചീന കശ്മീര്‍ പണ്ഡിതര്‍ക്കിടയില്‍ അതീവ പ്രസിദ്ധമായ ഗ്രന്ഥമാണ് വിജ്ഞാന ഭൈരവ തന്ത്രം. രുദ്രായാമള തന്ത്രത്തിന്റെ ശാഖയായ ഈ കൃതിയില്‍ ഭൈരവനായ ശിവന്‍ ഭൈരവിയായ പാര്‍വ്വതിക്ക് 112 ധാരണാ രീതികള്‍ വിശദീകരിക്കുന്നു. ഈ കൃതിയെ കശ്മീരി താന്ത്രികനായ അഭിനവഗുപ്തന്‍ ശിവജ്ഞാനോപനിഷത്ത് എന്ന് വിശേഷിപ്പിച്ചിരുന്നു.
1918ല്‍ കശ്മീരില്‍ ആദ്യമായി ഇതിന്റെ വ്യാഖ്യാനപതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. ക്ഷേമരാജയും ശിവോപധ്യായനും ആദ്യ വ്യാഖ്യാതാക്കള്‍. പിന്നീട് ജയ്‌ദേവസിംഗ് 1979ല്‍ ഇംഗ്ലീഷ് വിവര്‍ത്തനം നടത്തി. 2003ല്‍ സത്യാനന്ദ സരസ്വതി സ്വാമി ഹിന്ദിയില്‍ പുനര്‍പ്രസിദ്ധീകരിച്ചു. 28 അദ്ധ്യായങ്ങളിലായി 138 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം യോഗ, മന്ത്ര, ധാരണ, മുദ്ര എന്നിവയുടെ ദാര്‍ശനികത വിശദീകരിക്കുന്നു.
ആരാണ് ഭൈരവന്‍?
ഭൈരവന്‍ ഒരു പുരാണ കഥാപാത്രമെന്നതിലുപരി ബോധത്തിന്റെ പരമാവസ്ഥയാണ്. മനുഷ്യന്‍ ദേഹബോധത്തില്‍ നിന്ന് ആത്മബോധത്തിലേക്ക് ഉയരുന്ന യാത്രയിലാണ് ഭൈരവ ദര്‍ശനം.അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രാകാമ്യം, ഈശിത്വം, വശിത്വം എന്നീ അഷ്ടസിദ്ധികള്‍ തന്ത്രമാര്‍ഗ്ഗത്തിലൂടെ നേടുമ്പോള്‍ ദൈവബോധം പ്രാപിക്കുന്നു. അതിനാല്‍ ഭൈരവതന്ത്രം ദൈവീയബോധത്തിലേക്കുള്ള മാര്‍ഗ്ഗമാണ്.
മൂര്‍ത്ത്യഷ്ടകങ്ങളും സൃഷ്ടി പരമ്പരയും
കശ്മീര്‍ തന്ത്രത്തില്‍ ശിവനില്‍ നിന്നു ഭൈരവന്‍, ഭൈരവനില്‍ നിന്നു ശ്രീകണ്ഠന്‍, ശ്രീകണ്ഠനില്‍ നിന്നു സദാശിവന്‍, പരമേശ്വരന്‍, രുദ്രന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിങ്ങനെ ആകുന്ന സൃഷ്ടി പരമ്പരയാണ് മൂര്‍ത്ത്യഷ്ടകം. ഈ എട്ട് ഭാവങ്ങള്‍ ബോധത്തിന്റെ എട്ട് തലങ്ങളെ പ്രതിനിധീകരിക്കുന്നു.
അഷ്ടഭൈരവന്മാര്‍
ശൈവപരമ്പരയിലും ശാക്തപരമ്പരയിലും ഭൈരവാരാധനാ രീതികള്‍ വ്യത്യസ്തമാണ്. ശൈവതന്ത്രത്തില്‍ ഭൈരവന്‍ ശിവബോധത്തിന്റെ സൂക്ഷ്മരൂപമാണ്.
അഷ്ടഭൈരവന്മാര്‍ ഇവരാണ്:
1. അസിതാംഗ ഭൈരവന്‍
2. സംഹാര ഭൈരവന്‍
3. രുരു ഭൈരവന്‍
4. ക്രോധ ഭൈരവന്‍
5. കപാല ഭൈരവന്‍
6. ചണ്ഡ ഭൈരവന്‍
7. ഭീഷ്ണ ഭൈരവന്‍
8. ഉന്‍മത്ത ഭൈരവന്‍
ഇവര്‍ ബോധത്തിന്റെ എട്ടു തലങ്ങളെ പ്രതിനിധീകരിക്കുന്നു അതിജീവനം, സുരക്ഷ, ചൈതന്യം, പരമസത്യം, വിജയം, ആനന്ദം, സമന്വയം, വിശാലബുദ്ധി. ആകെ 64 ഭൈരവരൂപങ്ങള്‍ ഈ ബോധതത്വങ്ങളുടെ ചിന്താരൂപങ്ങളാണ്.
പുരാണത്തിലെ ഭൈരവന്‍
ബ്രഹ്മാവിന്റെ അഹങ്കാരം ശമിപ്പിക്കാന്‍ ശിവന്‍ ഭൈരവരൂപം സ്വീകരിച്ച് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ശിരസ്സ് എടുക്കുന്ന കഥയാണ് ഏറ്റവും പ്രശസ്തം. അതുമായി ബന്ധിപ്പിച്ചാണ് ഭൈരവ ജയന്തി മാര്‍ഗ്ഗശീര്‍ഷ കൃഷ്ണപക്ഷ അഷ്ടമിയില്‍ ആഘോഷിക്കുന്നത്. നാളെയാണ് ( ബുധനാഴ്ച) ഭൈരവ ജയന്തി.
അന്ധകാസുരനെ സംഹരിച്ച രൂപവും, യമനെ വധിച്ച് മാര്‍ക്കണ്ടേയനെ രക്ഷിച്ച കാലഭൈരവന്‍ രൂപവും ഇതില്‍ പ്രശസ്തമാണ്. ഗ്രഹദോഷങ്ങള്‍ നീക്കാന്‍ കാലഭൈരവന്‍ ആരാധന ഏറെ ഗുണകരമെന്ന വിശ്വാസമുണ്ട്. ശനീശ്വരന്റെ ഗുരുവായ ദേവത കൂടിയാണ് അദ്ദേഹം.
വാഹനങ്ങളും പ്രതീകങ്ങളും
സാധാരണയായി ഭൈരവന്റെ വാഹനം നായയാണ്. കാലത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്. എന്നാല്‍ അഷ്ടഭൈരവന്മാര്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ വാഹനങ്ങളുണ്ട്. ഹംസം, നായ, കാള, ഗരുഡന്‍, ആന, മയില്‍, സിംഹം, കുതിര എന്നിങ്ങനെ. ഈ വാഹനങ്ങള്‍ ബോധത്തിന്റെ വിവിധ ഊര്‍ജങ്ങളെയും ദിശകളെയും പ്രതിനിധീകരിക്കുന്നു.
ഭൈരവ ഉപാസനയും പ്രീതിയും
ഭൈരവ ചാലീസാ ഭക്തിപ്രാര്‍ത്ഥന ഭൈരവഭക്തരുടെ പ്രധാന സ്തുതിഗാനം ആണ്. ഞായറാഴ്ചയും വ്യാഴാഴ്ചയും ആരാധനക്ക് അനുകൂല ദിനങ്ങള്‍. രാഹുദോഷം, ശനീശ്വരദോഷം, പിതൃദോഷം എന്നിവയ്ക്ക് പരിഹാരമായി ഭൈരവാരാധന പ്രധാനമാണ്.
ക്ഷേത്രങ്ങളും ഭൈരവഭാവവും
ഉത്തരേന്ത്യയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കാലഭൈരവക്ഷേത്രം ആണ് ഏറ്റവും പ്രശസ്തം. കാശിയെ സംരക്ഷിക്കുന്ന ദേവനായാണ് കാലഭൈരവനെ കണക്കാക്കുന്നത്.
തമിഴ്‌നാട്ടിലെ സേലം തലമാസലിനടുത്ത് അരഗലൂരിലെ കാമാനന്ദ ഈശ്വര ക്ഷേത്രം അഷ്ടദിക്കുകളെ പ്രതിനിധീകരിക്കുന്ന ഭൈരവമൂര്‍ത്തികള്‍ക്ക് പ്രസിദ്ധമാണ്. ദക്ഷിണേന്ത്യയിലെ ചിദംബരേശ്വരക്ഷേത്രത്തിലും ധനഭൈരവന്‍ പ്രതിഷ്ഠയുണ്ട്. കുബേരോപാസനയുടെ പ്രധാന ദേവതയായി. കേരളത്തിലെ തെയ്യങ്ങളിലുമുണ്ട് ഭൈരവസങ്കല്‍പ്പം. ഭൈരവന്‍ തെയ്യം ശിവസങ്കല്പത്തിന്റെ ഭക്തിരൂപമാണ്.
സാരം
ഭൈരവം ഭയം അല്ല ബോധം ആകുന്നു.ഭൈരവന്‍ മനുഷ്യന്റെ ഉള്ളിലുളള ഈശ്വരതയുടെ പ്രതീകം.ഭൈരവാരാധന ഭക്തിയുടെയും ധാരണയുടെയും അന്തിമരൂപമാണ് മനുഷ്യനെ ആത്മാവബോധത്തിലേക്കുയര്‍ത്തുന്ന ദാര്‍ശനിക മാര്‍ഗ്ഗം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates