ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് ജിഎല്‍സി നവംബര്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഏകദേശം 80 മുതല്‍ 85 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്. ഈ ഇലക്ട്രിക് എസ് യുവി ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്താണ് വിപണിയില്‍ എത്തിക്കുക.
ഇന്ത്യയ്ക്കായി ഇലക്ട്രിക് ജിഎല്‍സി 400 4മാറ്റിക് വേരിയന്റില്‍ മാത്രമാണ് ലഭ്യമാകുക. 94kwh ബാറ്ററി പായ്‌ക്കോടെ വരുന്ന എസ് യുവിയ്ക്ക് 715 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. ഓള്‍ വീല്‍ ഡ്രൈവ് സ്റ്റാന്‍ഡേര്‍ഡായി വരുന്ന തരത്തില്‍ ഡ്യുവല്‍ മോട്ടോര്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് 483 ബിഎച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2500 കിലോയിലധികം ഭാരമുണ്ടെങ്കിലും പൂജ്യത്തില്‍ നിന്ന് നൂറ് കിലോമാറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.3 സെക്കന്‍ഡ് സമയം മതി.
റിയര്‍ വീല്‍ സ്റ്റിയറിങ്ങും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. 2,972 എംഎ വീല്‍ബേസിലാണ് എസ് യുവി വിപണിയില്‍ എത്തുക. തിളങ്ങുന്ന വലിയ ഗ്രില്‍, സ്റ്റാര്‍ പാറ്റേണ്‍ എല്‍ഇഡി ലൈറ്റിങ് സിഗ്നേച്ചര്‍, ഡാഷ് ബോര്‍ഡിലുടനീളം നീണ്ടുകിടക്കുന്ന 39.1 ഇഞ്ച് എംബിയുഎക്‌സ് ഹൈപ്പര്‍സ്‌ക്രീന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹൈപ്പര്‍സ്‌ക്രീനില്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീന്‍, പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിവ ഒരൊറ്റ യൂണിറ്റായി നല്‍കിയിരിക്കുന്നു. ബില്‍റ്റ് ഇന്‍ എഐ അസിസ്റ്റന്റുള്ള പുതിയ എംബിയുഎക്‌സ് വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുക. ഭൂരിഭാഗം ഇവികളിലും കാണുന്ന ടച്ച് നിയന്ത്രണങ്ങള്‍ക്ക് പകരം സ്റ്റിയറിങ് വീലിലും സെന്റര്‍ കണ്‍സോളിലും ബട്ടണുകളും നോബുകളും തിരികെ കൊണ്ടുവന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates