ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഫെബ്രുവരി 20ന് പഞ്ച് ഇവി ഫെയ്‌സ് ലിഫ്റ്റ് വിപണിയില്‍ അവതരിപ്പിക്കും. 2024 ജനുവരി മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്കെത്തിയ ഈ ഇലക്ട്രിക് എസ്യുവിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഫെയ്‌സ് ലിഫ്റ്റ്. അടുത്തിടെ പഞ്ചിന്റെ ഐസിഇ പതിപ്പിന്റെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. വരാനിരിക്കുന്ന പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് ഇതില്‍ നിന്ന് വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പഞ്ച് ഇവി ഫെയ്‌സ് ലിഫ്റ്റിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പരിമിതമാണെങ്കിലും ഐസിഇ പതിപ്പില്‍ കാണുന്ന ഡിസൈന്‍ മാറ്റങ്ങള്‍ ഇത് സൂക്ഷ്മമായി പിന്തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കണക്റ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡിആര്‍എല്‍), ഫ്രണ്ട് ചാര്‍ജിംഗ് ലിഡ്,എയറോഡൈനാമിക്കായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകള്‍, ഐസിഇ പതിപ്പിന് സമാനമായ കണക്റ്റഡ് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ എന്നിവ പുതിയ വാഹനത്തിലും പ്രതീക്ഷിക്കുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റില്‍ ADAS സ്യൂട്ടും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ICE പതിപ്പില്‍ നിലവില്‍ ADAS ഇല്ലെങ്കിലും പഞ്ച് ഇവി ഫെയ്‌സ് ലിഫ്റ്റില്‍ ഇത് പ്രതീക്ഷിക്കുന്നുണ്ട്. ഡാഷ്ബോര്‍ഡ് ലേഔട്ട് വലിയ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് വലിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 360-ഡിഗ്രി കാമറ, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍ (IRVM), ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകള്‍.
പവര്‍ട്രെയിനിന്റെ കാര്യത്തില്‍, പഞ്ച് ഇവി ഫെയ്സ്ലിഫ്റ്റ് നിലവിലുള്ള ബാറ്ററി ഓപ്ഷനുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. 25kWh ബാറ്ററി പായ്ക്കില്‍ 265 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. 35kWh ബാറ്ററി പായ്ക്കില്‍ ഇതില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ സാധിക്കും. 365 കിലോമീറ്റര്‍ ദൂരമാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates