കൊച്ചി: ഫോണില്‍ യുപിഐ ഉണ്ടോ? ഇനി പണമില്ലെങ്കിലും ധൈര്യമായി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങാം. പ്രമുഖ യുപിഐ പ്ലാറ്റ്‌ഫോമായ ഭാരത് പേയാണ് ഈ സേവനം നല്‍കുന്നത്.
ഉപഭോക്താക്കള്‍ക്കായി 'ഭാരത്‌പേ ഫ്ളെക്സ്' എന്ന പേരിലാണ് പുതിയ ക്രെഡിറ്റ്-ഓണ്‍-യുപിഐ സേവനം അവതരിപ്പിച്ചത്. യെസ് ബാങ്കുമായി സഹകരിച്ചാണ് കമ്പനി ഈ പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി അനുമതി ലഭിച്ച ഡിജിറ്റല്‍ ക്രെഡിറ്റ് പരിധി ഉപയോഗിച്ച് യുപിഐ വഴി തത്സമയം പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ഈ സംവിധാനം. ബില്‍ പേയ്മെന്റുകള്‍, ഇന്ധനത്തിനായുള്ള പേയ്മെന്റുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, ഷോപ്പിങ്, ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുള്ള പേയ്മെന്റുകള്‍, യാത്രകള്‍, മറ്റ് ദൈനംദിന ചെലവുകള്‍ എന്നിവ അക്കൗണ്ടില്‍ പണമില്ലെങ്കിലും ഈ സൗകര്യം പ്രയോജനപ്പെടുത്തി നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം.
ഉപഭോക്താക്കളുടെ തിരിച്ചടവ് താല്‍പ്പര്യത്തിനനുസരിച്ച്, ബില്ലിങ് സൈക്കിളിനുള്ളില്‍ തുക പൂര്‍ണ്ണമായി അടയ്ക്കാനോ അല്ലെങ്കില്‍ ചെലവഴിച്ച തുക ഫ്‌ലെക്‌സിബിള്‍ പ്രതിമാസ ഗഡുക്കളായി (EMIs) മാറ്റാനോ ഉള്ള ഓപ്ഷന്‍ ഭാരത്‌പേ ഫ്‌ലെക്‌സ് നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് യുപിഐ വഴി പണമടയ്ക്കാനും 45 ദിവസം വരെയുള്ള പലിശരഹിത കാലാവധിക്കുള്ളില്‍ കുടിശ്ശിക തീര്‍ക്കാനും സാധിക്കും. സാധാരണ യുപിഐ ഇടപാടുകളില്‍ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തത്സമയം പണം കുറയുമ്പോള്‍, ഭാരത്‌പേ ഫ്ളെക്സ് വഴി അക്കൗണ്ടില്‍ പൂജ്യം ബാലന്‍സ് ആണെങ്കിലും ഇടപാടുകള്‍ തടസമില്ലാതെ പൂര്‍ത്തിയാക്കാം. പൂര്‍ണ്ണമായും ഡിജിറ്റലായുള്ള ഓണ്‍ബോര്‍ഡിങ്ങും ആക്ടിവേഷനും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് മൂന്ന് മിനിറ്റിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഭാരത്‌പേ ആപ്പിലൂടെ പൂര്‍ണമായും ഡിജിറ്റലായുള്ള കെവൈസി (KYC) പ്രക്രിയ പൂര്‍ത്തിയാക്കുന്നതിലൂടെ അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കകം ഈ ക്രെഡിറ്റ് ലൈന്‍ ലഭ്യമാകും. മാസാവസാനങ്ങളിലോ ശമ്പളം ലഭിക്കാന്‍ വൈകുന്ന സാഹചര്യങ്ങളിലോ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ മറികടക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. മെഡിക്കല്‍ എമര്‍ജന്‍സികള്‍, വാഹന റിപ്പയറിങ്, പെട്ടെന്ന് വരുന്ന വലിയ വീട്ടുചെലവുകള്‍ എന്നിവയ്ക്ക് വലിയ പലിശയ്ക്ക് കടം വാങ്ങാതെ തന്നെ താല്‍ക്കാലിക ആശ്വാസം കണ്ടെത്താന്‍ ഭാരത്‌പേ ഫ്ളെക്സ് ഉപഭോക്താക്കളെ പ്രാപ്തരാക്കും. നിലവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ ഇടപാടുകളില്‍ സജീവമായവര്‍ക്കും ഇതൊരു മികച്ച ബദല്‍ മാര്‍ഗമാണ്. ഭാരത്‌പേ ആപ്പ് വഴി തന്നെ ഉപഭോക്താക്കള്‍ക്ക് ചെലവുകള്‍, കുടിശ്ശികകള്‍, തിരിച്ചടവ് തീയതികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും.
ഭാരത്‌പെ ഫ്‌ലെക്‌സിനായി എങ്ങനെ എന്റോള്‍ ചെയ്യാം?
ആപ്പ് തുറന്ന ശേഷം, 'BharatPe Flex' എന്നതില്‍ ക്ലിക്ക് ചെയ്ത് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ്ങും കെവൈസി (KYC) പ്രക്രിയയും പൂര്‍ത്തിയാക്കുക.
കെവൈസി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, അനുവദിച്ച ക്രെഡിറ്റ് ലൈന്‍ യുപിഐയുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും.
തുടര്‍ന്ന് യുപിഐ പിന്‍ (UPI PIN) സെറ്റ് ചെയ്യേണ്ടതുണ്ട്, ഇതിന് ശേഷം പണമിടപാടുകള്‍ നടത്തിത്തുടങ്ങാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates