ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളിലുള്ള നഷ്ടത്തിന് ശേഷം വലിയ തോതില്‍ തിരിച്ചുകയറി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് ഇന്ന് 750 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 24,550 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്.
തുടര്‍ച്ചയായി ആറു ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഓഹരി വിപണിയുടെ മുന്നേറ്റം. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രഡിന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയാണ് കഴിഞ്ഞ ആഴ്ചകളില്‍ ഓഹരി വിപണിയെ കാര്യമായി ബാധിച്ചത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന നിക്ഷേപകരുടെ വിലയിരുത്തലാണ് ഇന്ന് വിപണി തിരിച്ചുകയറാനുള്ള ഒരു പ്രധാന കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ആഗോള ഓഹരി വിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ഇത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിച്ചതായി വിദഗ്ധര്‍ പറയുന്നു. എണ്ണവില കുറഞ്ഞതാണ് വിപണി തിരിച്ചുകയറാനുള്ള മറ്റൊരു കാരണം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 0.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 66.26 ഡോളറായാണ് വില താഴ്ന്നത്. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും തമ്മില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ചര്‍ച്ചയുടെ ഫലം വിപണിയെ സ്വാധീനിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് റിലയന്‍സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates