

പത്തനംതിട്ട: പന്തളത്ത് കടയില്‍ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത കാളവണ്ടി സംഘത്തിലുള്‍പ്പെട്ട സന്യാസി പിടിയില്‍. മഹാരാഷ്ട്ര താനെ സ്വദേശി ഗുരുനാഥ് ആണ് പന്തളം പൊലീസിന്റെ പിടിയിലായത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്രയ്ക്കിറങ്ങിയ സന്യാസി സംഘത്തിലെ അംഗമാണ് പിടിയിലായ ഗുരുനാഥ്.
ഇയാള്‍ക്ക് മാനസിക വെല്ലുവിളി ഉണ്ടായിരുന്നുവെന്നാണ് സംഘാംഗങ്ങള്‍ പറയുന്നത്. യാത്രയുടെ ഭാഗമായി എംസി റോഡില്‍ പന്തളത്ത് എത്തിയപ്പോഴാണ്, യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യാനായി കടയില്‍ കയറിയത്. ലഘുലേഖ നല്‍കിയതിന് പിന്നാലെ ഇയാള്‍ സ്ത്രീയോട് മോശമായി പെരുമാറുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെയും നാട്ടുകാരെയും വിവരം അറിയിച്ചു.
തുടര്‍ന്ന് പൊലീസെത്തി ഗുരുനാഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലെത്തി ഗുരുനാഥിന് മാനസിക വൈകല്യം ഉള്ളതായി അറിയിച്ചു. മൂന്നു കാളവണ്ടികളിലാണ് സംഘം യാത്ര നടത്തുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പന്തളം പൊലീസ് ഗുരുനാഥിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates