

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയത്. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഭൂമി അളക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ നടക്കുന്ന ഭൂമി സര്‍വേയില്‍ സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാനും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാറിന് വേണ്ടി അഡ്വക്കേറ്റ് ജോര്‍ജ് പൂന്തോട്ടം നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.
സംസ്ഥാന സര്‍ക്കാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി, കേരള ഗവര്‍ണര്‍, കേരള സര്‍വകലാശാല, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവരാണ് ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. 1977-ല്‍ അന്നത്തെ മുഖ്യമന്ത്രി എ കെ. ആന്റണി, കേരള സര്‍വകലാശാലയുടെ ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് വേണ്ടി അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച ഭൂമിയില്‍ പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാതെ, അത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കേരള സര്‍വകലാശാല ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ടെന്നും, എകെജി സെന്റര്‍ നിര്‍മ്മിച്ച ഭൂമി സര്‍വകലാശാലയ്ക്ക് തിരികെ നല്‍കണമെന്നുമാണ് ആര്‍. എസ് ശശികുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ശശികുമാര്‍ നല്‍കിയ പരാതിയില്‍ നിലവിലെ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യുകയും, സര്‍വകലാശാലയ്ക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ഔദ്യോഗികമായി കത്ത് നല്‍കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates