ന്യൂഡല്‍ഹി: ഇനി ഫോണില്‍ അജ്ഞാത കോള്‍ കാണുമ്പോള്‍ ആരാണ് എന്ന് ആലോചിച്ച് തലപുകയ്ക്കുന്നത് അവസാനിപ്പിക്കാം. ഫോണ്‍ വിളിക്കുന്നയാളുടെ പേര് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്ന പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഏതെങ്കിലുമൊരു സര്‍ക്കിളില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ പരീക്ഷണം ആരംഭിക്കണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോമിന്റെ ഉത്തരവില്‍ പറയുന്നത്. മൊബൈല്‍ വഴിയുള്ള തട്ടിപ്പ് ഒരുപരിധി വരെ കുറയ്ക്കാന്‍ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കുമെന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
അധികം വൈകാതെ ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കോളിങ് നെയിം പ്രസന്റേഷന്‍ എന്നു പേരിട്ടിരിക്കുന്ന പരിഷ്‌കാരത്തിനായി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. 60 ദിവസം വരെ ഈ പരീക്ഷണം തുടരും. സിം എടുത്ത സമയത്ത് കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോമില്‍ നല്കിയിരുന്ന പേരാകും സ്‌ക്രീനില്‍ എഴുതി കാണിക്കുക.
രാജ്യത്തെ ഫോര്‍ ജി നെറ്റ് വര്‍ക്കുകളിലും പുതിയ നെറ്റ് വര്‍ക്കുകളിലുമാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്. ടെക്നിക്കല്‍ ബുദ്ധിമുട്ട് കാരണമാണിത്. അടുത്ത ഘട്ടത്തില്‍ 2ജി സിം ഉപയോഗിക്കുന്നവര്‍ക്കും സേവനം ലഭ്യമാക്കാനാണ് നീക്കം. ഫോണ്‍ വിളിക്കുന്ന ആളുടെ ഐഡന്റിറ്റി കൃത്യമായി മനസിലാക്കാനും തട്ടിപ്പ് കോളുകളില്‍ നിന്ന് രക്ഷപ്പെടാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഏതു സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്ന് മൊബൈല്‍ സേവനദാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ആഴ്ച്ചയും കൃത്യമായ റിപ്പോര്‍ട്ട് കമ്പനികള്‍ നല്‍കണം. വിദഗ്ധ സമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കും. ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍. ഇതിന് 100 ശതമാനം ആധികാരികതയില്ല. പുതിയ പരിഷ്‌കാരം വരുന്നതോടെ ആരുടെ പേരില്‍ എടുത്ത നമ്പറാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates