EPFO  ഫയൽ
Business

പിഎഫില്‍ നിന്ന് അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇപിഎഫ്ഒ, വിശദാംശങ്ങള്‍

പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി ഇപിഎഫ്ഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി ഇപിഎഫ്ഒ. ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഉള്‍പ്പെടെ പിഎഫ് അക്കൗണ്ടില്‍ അര്‍ഹമായ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അനുവദിച്ചു. ഇന്നലെ ന്യൂഡല്‍ഹിയില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ (സിബിടി) 238-ാമത് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ, തൊഴിലില്ലായ്മയോ വിരമിക്കലോ ഉണ്ടായാല്‍ മാത്രമേ പൂര്‍ണ്ണമായ പിന്‍വലിക്കല്‍ അനുവദിച്ചിരുന്നുള്ളൂ. അംഗത്തിന് ഒരു മാസം ജോലിയില്ലാതെ കഴിയേണ്ടി വന്നാല്‍ പിഎഫ് ബാലന്‍സിന്റെ 75 ശതമാനവും രണ്ടു മാസത്തിന് ശേഷം ബാക്കി 25 ശതമാനവും പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നിരുന്നാലും, വിരമിക്കുമ്പോള്‍ പൂര്‍ണ്ണ തുക പരിധിയില്ലാതെ പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നു. സാധാരണ രീതിയില്‍ അനുവദനീയമായ പരമാവധി പിന്‍വലിക്കല്‍ അര്‍ഹമായ തുകയുടെ 90ശതമാനമായിരുന്നു. ഭൂമി വാങ്ങുന്നതിനോ, പുതിയ വീടിന്റെ നിര്‍മ്മാണത്തിനോ, ഇഎംഐ തിരിച്ചടവിനോ വേണ്ടി ഭാഗികമായി പിന്‍വലിക്കല്‍ നടത്തുകയാണെങ്കില്‍ ഇപിഎഫ് അംഗങ്ങള്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലുള്ള അര്‍ഹമായ തുകയുടെ 90 ശതമാനം വരെ പിന്‍വലിക്കാന്‍ അനുവാദമുണ്ടായിരുന്നു.ഇതാണ് ഇപ്പോള്‍ 100 ശതമാനമാക്കിയത്.

13 സങ്കീര്‍ണ്ണമായ വ്യവസ്ഥകളെ ലയിപ്പിച്ചുകൊണ്ട് പിന്‍വലിക്കല്‍ വ്യവസ്ഥകള്‍ ലളിതമാക്കാന്‍ സിബിടി തീരുമാനിച്ചു. വിദ്യാഭ്യാസ ചെലവിനായുള്ള പിന്‍വലിക്കല്‍ പരിധി 10 തവണ വരെയാക്കി. നേരത്തെ ഇത് മൂന്ന് തവണയായിരുന്നു. വിവാഹാവശ്യത്തിന് അഞ്ചു തവണ വരെ പണം പിന്‍വലിക്കാം. നേരത്തെ ഇത് മൂന്ന് തവണ മാത്രമാണ് അനുവദിച്ചിരുന്നത്. എല്ലാ ഭാഗിക പിന്‍വലിക്കലുകള്‍ക്കും മിനിമം സേവനത്തിന്റെ ആവശ്യകത ഏകീകൃതമായി 12 മാസമായി ചുരുക്കി. 'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തില്‍ ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കേണ്ടതില്ല എന്നതാണ് മറ്റൊരു സുപ്രധാന തീരുമാനം.

നേരത്തെ, 'പ്രത്യേക സാഹചര്യങ്ങള്‍' എന്ന വിഭാഗത്തില്‍, അംഗം ഭാഗികമായി പണം പിന്‍വലിക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രകൃതി ദുരന്തം, സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍, തുടര്‍ച്ചയായ തൊഴിലില്ലായ്മ, പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടല്‍ തുടങ്ങിയവ. ഇത് പലപ്പോഴും ക്ലെയിമുകള്‍ നിരസിക്കുന്നതിനും തുടര്‍ന്നുള്ള പരാതികള്‍ക്കും കാരണമായി. ഇപ്പോള്‍, ഈ വിഭാഗത്തില്‍ ഒരു കാരണവും നല്‍കാതെ അംഗത്തിന് അപേക്ഷിക്കാം. അതേസമയം, അംഗങ്ങള്‍ എല്ലായ്പ്പോഴും 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 25 ശതമാനം മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത് പലിശ നിരക്ക് (നിലവില്‍ 8.25% വാര്‍ഷിക പലിശ) ലഭിക്കാന്‍ സഹായിക്കും.

EPFO meeting: Members can now withdraw up to 100% of ‘eligible balance’ in PF account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

നടി ആക്രമിക്കപ്പെട്ട കേസ്: അന്തിമ വിധി നാളെ; ദിലീപിന് നിര്‍ണായകം

സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു

പങ്കാളിയെ കൊണ്ട് നേട്ടം, സാമ്പത്തിക നില മെച്ചം

SCROLL FOR NEXT