ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നിര്‍ണായക നീക്കം. കരാര്‍ ഒപ്പുവെക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഔദ്യോഗിക നിര്‍ദ്ദേശം യൂറോപ്യന്‍ കമ്മീഷന്‍ യൂറോപ്യന്‍ കൗണ്‍സിലിന് കൈമാറി. ചര്‍ച്ചകള്‍ പൂര്‍ത്തിയായി നിയമപരമായ രൂപരേഖ തയ്യാറാക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് സുപ്രധാന തീരുമാനം. യൂറോപ്യന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയാല്‍, ഇയുവും ഇന്ത്യയും ചേര്‍ന്ന് ഇതുവരെ ഒപ്പുവെച്ചതില്‍ വെച്ചേറ്റവും വലിയ വ്യാപാര കരാറായി ഇത് മാറും.
ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ ചരക്ക് കയറ്റുമതിയുടെ 96 ശതമാനത്തോളം ഉല്‍പന്നങ്ങളുടെ തീരുവ പൂര്‍ണമായി ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഇതിലൂടെ യൂറോപ്യന്‍ ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവയില്‍ പ്രതിവര്‍ഷം ഏകദേശം 400 കോടി യൂറോയുടെ (ഏകദേശം 36,000 കോടി രൂപയിലധികം) ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 18,000 കോടി യൂറോയിലധികം മൂല്യമുള്ള ചരക്കുകളും സേവനങ്ങളുമാണ് ഇന്ത്യയും ഇയുവും തമ്മില്‍ കൈമാറുന്നത്. ഇത് യൂറോപ്യന്‍ യൂണിയനില്‍ മാത്രം ഏകദേശം 8,00,000 തൊഴിലവസരങ്ങള്‍ക്ക് വഴിതുറക്കും.
യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗമായ കമ്മീഷന്‍ നിയമനിര്‍മ്മാണങ്ങളും നയങ്ങളും നിര്‍ദ്ദേശിക്കുമ്പോള്‍, 27 അംഗരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും കൗണ്‍സില്‍ പ്രസിഡന്റും കമ്മീഷന്‍ പ്രസിഡന്റും അടങ്ങുന്ന യൂറോപ്യന്‍ കൗണ്‍സിലാണ് അന്തിമ തീരുമാനം എടുക്കുന്നത്. കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ അനുമതിയോടെ കരാര്‍ ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. സമാന്തരമായി ഇന്ത്യന്‍ അധികൃതരും ആഭ്യന്തര അനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
ചൈനയുടെ വര്‍ധിച്ചുവരുന്ന വ്യാപാര മിച്ചവും വിതരണ ശൃംഖലയിലെ ആധിപത്യവും തടയുക എന്ന ലക്ഷ്യത്തോടെയാണ് 2022-ല്‍ ഇന്ത്യയും ഇയുവും വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചത്. ആഗോളതലത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.
ഉദാഹരണത്തിന്, ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് യൂറോപ്പ് 35 ശതമാനം വരെ തീരുവ ചുമത്തുമ്പോള്‍, ഇന്ത്യയും ചൈനീസ് വാഹനങ്ങള്‍ക്ക് മേല്‍ 100 ശതമാനത്തിലധികം ഇറക്കുമതി തീരുവയാണ് നിലനിര്‍ത്തുന്നത്. കരാര്‍ നിലവില്‍ വരുന്നതോടെ യൂറോപ്യന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ അനുകൂല സാഹചര്യത്തില്‍ മത്സരിക്കാനും, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉല്‍പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates