ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ മാറ്റമില്ലാതെ തുടരുന്നതിനാല്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയായും ഡീസലിന് 35 രൂപയായും നഷ്ടം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എണ്ണവില ബാരലിന് 120 ഡോളറിലേക്കാണ് കുതിച്ചത്. നിലവില്‍ 100 ഡോളറിനും 95 ഡോളറിനും ഇടയിലാണ് എണ്ണവില.
പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ധനവില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുനല്‍കിയിരുന്നെങ്കിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ,ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നി കമ്പനികള്‍ 2022 ഏപ്രില്‍ മുതല്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ബാരലിന് 100 ഡോളറിന് മുകളിലെത്തിയ ആഗോള എണ്ണ വില, ഈ വര്‍ഷം ആദ്യം 70 ഡോളറിലേക്ക് താഴ്ന്നിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഇത് വീണ്ടും 120 ഡോളറിലേക്ക് കുതിക്കുന്നതിനാണ് ലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ മാസം എണ്ണ വില ഏറ്റവും പീക്കിലേക്ക് ഉയര്‍ന്ന സമയത്ത് മൂന്ന് കമ്പനികളും പ്രതിദിനം ഏകദേശം 2,400 കോടി രൂപയുടെ നഷ്ടം നേരിട്ടിരുന്നു. അതിനുശേഷം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചതിനുശേഷം ഇത് പ്രതിദിനം ഏകദേശം 1,600 കോടി രൂപയായി ചുരുങ്ങി. ഈ കുറവ് ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. പക്ഷേ നഷ്ടം ഭാഗികമായി നികത്താന്‍ ഇത് സഹായിച്ചുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ബാരലിന് ഓരോ യുഎസ് ഡോളറും വര്‍ദ്ധിക്കുമ്പോള്‍ ലിറ്ററിന് ഏകദേശം 6 രൂപ എണ്ണ കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാള്‍, തമിഴ്നാട് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഈ മാസം അവസാനം ഇന്ധന വില വര്‍ധന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates