ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് പുതിയ ഭേദഗതി നിര്‍ദേശിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം. 2007ലെ പേയ്‌മെന്റ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി ചെയ്ത് ഏതെല്ലാം തരം യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ചുമത്താമെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്രത്തിന് നല്‍കും. അതായത് സീറോ എംഡിആര്‍ ഏതെല്ലാം ഇടപാടുകള്‍ക്ക് തുടരണമെന്ന് കേന്ദ്രത്തിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഭേദഗതി.
നിലവില്‍ സീറോ എംഡിആര്‍ വ്യവസ്ഥയാണ് യുപിഐയില്‍ നിലനില്‍ക്കുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകളെയും പേയ്‌മെന്റ് സിസ്റ്റം പ്രൊവഡൈര്‍മാരെയും വിലക്കുന്ന സെക്ഷന്‍ 10എ പ്രകാരമുള്ള സീറോ എംഡിആര്‍ വ്യവസ്ഥ ഒഴിവാക്കാനാണ് പുതിയ ഭേദഗതി. ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ വരും. മറ്റു ഇടപാടുകള്‍ സീറോ എംഡിആറില്‍ തന്നെ തുടരും. പുതിയ ഭേദഗതി അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക കേന്ദ്ര സര്‍ക്കാരാണ്.
എന്താണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്?
ഉപഭോക്താക്കള്‍ നടത്തുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികള്‍ ബാങ്കുകള്‍ക്കും പേയ്‌മെന്റ് പ്രൊവൈഡര്‍മാര്‍ക്കും നല്‍കേണ്ട ഫീസാണിത്. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2020 മുതല്‍ യുപിഐ, റുപേ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സീറോ എംഡിആര്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണമായി ഉപഭോക്താവ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആയിരം രൂപയുടെ ഇടപാട് നടത്തുമ്പോള്‍ അതില്‍ നിന്ന് ചെറിയൊരു ശതമാനം തുക എംഡിആര്‍ ആയി ഈടാക്കിയ ശേഷം ബാക്കി തുകയാണ് വ്യാപാരിക്ക് ലഭിക്കുന്നത്. എന്നാല്‍ യുപിഐ ഇടപാടുകളില്‍ വ്യാപാരിക്ക് മുഴുവന്‍ തുകയും ലഭിക്കുന്നുണ്ട്.
പുതിയ ഭേദഗതി യുപിഐ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
പുതിയ ഭേദഗതി പാസാകുന്നതോടെ, എംഡിആര്‍ നിരക്കുകളും ഏതെല്ലാം തരം ഇടപാടുകള്‍ക്കാണ് ഇത് ബാധകമാകുക എന്നും ധനമന്ത്രാലയം പ്രഖ്യാപിക്കും. യുപിഐ ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താക്കള്‍ക്ക് എംഡിആര്‍ ചുമത്തുന്ന കാര്യം ബില്ലില്‍ നിര്‍ദേശിക്കുന്നില്ല. ഇതിന്റെ ചെലവ് വ്യാപാരികള്‍ക്ക് മാത്രമാണ് വഹിക്കേണ്ടി വരുന്നത്. അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് അധിക ചാര്‍ജുകളോ ട്രാന്‍സാക്ഷന്‍ ഫീസോ നല്‍കേണ്ടി വരില്ല. സീറോ എംഡിആര്‍ നയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുപിഐ നെറ്റ് വര്‍ക്കിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തികമായി പ്രയാസമുണ്ടാക്കുന്നു എന്ന പേയ്‌മെന്റ് ഇന്‍ഡസ്ട്രിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭേദഗതിയുമായി മുന്നോട്ടുപോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates