

തിരുവനന്തപുരം: വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായതിലൂടെ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. കൃഷി കേവലം ഒരു തൊഴിൽ മാത്രമല്ല, അതൊരു സംസ്കാരവും ജീവിതശൈലിയും അതിജീവനത്തിന്റെ അടിത്തറയുമാണ്. ഈ തിരിച്ചറിവ് പുതുതലമുറയിലേക്ക് പകരാനാണ് ആദ്യഘട്ടത്തിൽ 500 വിദ്യാലയങ്ങളിൽ 'കതിർ' കാർഷിക ക്ലബ് പദ്ധതി നടപ്പിലാക്കുന്നത്.
അടുത്തവർഷം മുതൽ കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. ഒപ്പം തന്നെ കൃഷി ചെയ്യുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനും ഇതിൻ്റെ ഭാഗമായി തീരുമാനിച്ചിട്ടുണ്ട് . കതിർ എന്നത് കേവലം ഒരു പദ്ധതിയായിട്ടല്ല, സർക്കാർ കാണുന്നത്. നാളത്തെ കേരളീയ കാർഷിക മേഖലയുടെ അടയാളപ്പെടുത്തലായ് കൂടിയാണ്. അതിനുള്ള വിത്ത് നമുക്ക് ഒരുമിച്ച് പാകാം, നല്ല നാളേക്കായ്. മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.
'കതിർ' പദ്ധതി വലിയൊരു വിപ്ലവമായി മാറട്ടെയെന്ന് ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട മോഹൻലാൽ ആശംസിച്ചു. കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്. വെർച്വൽ ലോകത്തെ സ്‌ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയ്യാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates