ന്യൂഡല്‍ഹി: സ്വകാര്യ വാഹനങ്ങളുടെ പുക പരിശോധന സര്‍ട്ടിഫിക്കറ്റുകളുടെ (പിയുസി) കാലാവധിയില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. പുതിയ ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ക്ക് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനിടയിലുള്ള സമയം വര്‍ധിപ്പിക്കുകയും അതേസമയം പഴയ വാഹനങ്ങള്‍ക്ക് നിലവിലുള്ള കുറഞ്ഞ കാലാവധി തന്നെ തുടരുകയും ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ പുതിയ ചട്ടത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ആറ് വര്‍ഷം വരെ പഴക്കമുള്ള ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പുതുക്കിയാല്‍ മതി. ആറു വര്‍ഷത്തിന് മുകളിലും 10 വര്‍ഷം വരെയുമുള്ള വാഹനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ഓരോ ആറ് മാസത്തിലും സര്‍ട്ടിഫിക്കറ്റ് പുതുക്കണമെന്നും ചട്ടത്തില്‍ പറയുന്നു.
ബിഎസ്-VI മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഗതാഗത വാഹനങ്ങള്‍ക്കും പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം കൂടുതല്‍ കാലാവധി ലഭിക്കും. ആറ് വര്‍ഷം വരെ പഴക്കമുള്ള ഇത്തരം വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയാല്‍ മതി. ആറ് വര്‍ഷത്തിന് മുകളിലും 10 വര്‍ഷം വരെയുമുള്ള വാഹനങ്ങള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ പുതുക്കല്‍ ആവശ്യമാണ്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഗതാഗത വാഹനങ്ങള്‍ക്ക് ഓരോ ആറ് മാസത്തിലും സര്‍ട്ടിഫിക്കറ്റ് പുതുക്കുന്ന രീതി തുടരും.
BS-I, BS-II, BS-III മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കണം. BS-IV മാനദണ്ഡങ്ങള്‍ പാലിക്കുന്നവയ്ക്ക് ആറുമാസത്തെയും കാലാവധിയായിരിക്കും ഉണ്ടായിരിക്കുക. 1988ലെ മോട്ടോര്‍ വാഹന നിയമനത്തിന് കീഴിലുള്ള സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് ( പതിനാറാമത് ഭേദഗതി) ചട്ടങ്ങള്‍, 2026 വഴിയാണ് ഈ മാറ്റങ്ങള്‍ വിജ്ഞാപനം ചെയ്തത്. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുന്‍പുള്ള 10 ദിവസത്തിനുള്ളിലാണ് പുതുക്കുന്നതെങ്കില്‍, നിലവിലുള്ള സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരും. കാലാവധി അവസാനിച്ചതിന് ശേഷമാണ് പുതുക്കുന്നതെങ്കില്‍, പുതുക്കുന്ന തീയതി മുതലായിരിക്കും പുതിയ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരിക. ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം ആദ്യമായി പുതുക്കുമ്പോള്‍ മാത്രമേ ഈ പുതിയ കാലാവധി വ്യവസ്ഥകള്‍ ബാധകമാകുകയുള്ളൂ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates