ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ ബിഎസ്ഇ സെന്‍സെക്‌സ് 2400 പോയിന്റ് ആണ് കൂപ്പുകുത്തിയത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 500 ഓളം പോയിന്റ് ഇടിഞ്ഞ് 24,200ലേക്കാണ് നിഫ്റ്റി താഴ്ന്നത്. നിക്ഷേപകരുടെ ആസ്തിയില്‍ ഒറ്റയടിക്ക് 17 ലക്ഷം കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. കഴിഞ്ഞയാഴ്ചയും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ഓഹരി വിപണിയില്‍ കനത്ത ഇടിവ് ഉണ്ടാവാന്‍ ഇടയാക്കിയ നാലുകാരണങ്ങള്‍ ചുവടെ:
അമേരിക്ക മാന്ദ്യ ഘട്ടത്തിലേക്ക് കടക്കുമോ എന്ന ഭയമാണ് ആഗോള വിപണിയെ ബാധിച്ചത്. അമേരിക്കയില്‍ ജൂലൈയില്‍ 1,14,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രതിമാസ ശരാശരിയായ 215,000 തൊഴിലവസരങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ, 2021 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയത്. 4.3 ശതമാനമായാണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്.
യുഎസ് വിപണികള്‍ മാത്രമല്ല, ജപ്പാന്‍ വിപണിയും നഷ്ടം നേരിടുകയാണ്. ബാങ്ക് ഓഫ് ജപ്പാന്‍ അതിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് ഉയര്‍ത്തിയ ബുധനാഴ്ച മുതല്‍ വിപണി പ്രതിസന്ധി നേരിടുകയാണ്. യുഎസ് ഡോളറിനെതിരെ ജാപ്പനീസ് യെനിന്റെ മൂല്യം ഉയര്‍ത്തിയത് ഈ പലിശ നിരക്ക് വര്‍ധനയാണ്. നേരത്തെ പലിശനിരക്ക് കുറവായിരുന്നതിനാല്‍ യെനില്‍ കടം വാങ്ങുകയും ഉയര്‍ന്ന വരുമാനമുള്ള ആസ്തികളില്‍ നിക്ഷേപിക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ പലിശനിരക്ക് ഉയര്‍ത്തിയതോടെ, ഫോറിന്‍ എക്‌സ്‌ചേഞ്ച് വ്യാപാരികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റില്‍ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം മുറുകുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. സംഘര്‍ഷം കടുക്കുന്നത് എണ്ണ വില ഉയരാന്‍ ഇടയാക്കുമെന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
കമ്പനികളുടെ നിരാശപ്പെടുത്തിയ ഒന്നാം പാദ ഫലങ്ങളാണ് വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം.ആവശ്യകത കുറഞ്ഞതും ഉഷ്ണതരംഗവുമാണ് കമ്പനികളെ ബാധിച്ചത്. മുന്‍ പാദത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ കമ്പനികളുടെ ലാഭത്തില്‍ ശരാശരി 9.4 ശതമാനം ഇടിവാണ് നേരിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates