പുതിയ കാര്‍ വാങ്ങുമ്പോള്‍ അതിന്റെ നിറവും വേരിയന്റും ഫീച്ചറുകളും തെരഞ്ഞെടുക്കാന്‍ നാം ആഴ്ചകളോളം സമയം ചെലവഴിക്കാറുണ്ട്. എന്നാല്‍ കാറിനുള്ള പണം കണ്ടെത്താന്‍ ഫിനാന്‍സിങ് അല്ലെങ്കില്‍ ലോണ്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലോ? ഭൂരിഭാഗം ആളുകളും മിനിറ്റുകള്‍ക്കകം അതില്‍ തീരുമാനം എടുത്തു കളയും. എന്നാല്‍ ഇത് പിന്നീട് നിങ്ങളുടെ പോക്കറ്റിന് വലിയ തിരിച്ചടിയായേക്കാം. പലിശ നിരക്ക്, ലോണ്‍ കാലാവധി, പ്രൊസസിങ് ഫീസ്, തിരിച്ചടവ് വ്യവസ്ഥകള്‍ എന്നിവയെല്ലാം കാറിനായി നിങ്ങള്‍ നല്‍കുന്ന ആകെ തുകയില്‍ വലിയ മാറ്റമുണ്ടാക്കും.
ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ ഉപഭോക്താക്കള്‍ക്ക് നിരവധി ലോണ്‍ ഓപ്ഷനുകള്‍ താരതമ്യം ചെയ്യാന്‍ സാധിക്കുന്നുണ്ടെങ്കിലും, ഏറ്റവും കുറഞ്ഞ തുകയായി തോന്നുന്ന ലോണ്‍ എല്ലായ്‌പ്പോഴും മികച്ചതാകണമെന്നില്ല. കുറഞ്ഞ പലിശ നിരക്കിനൊപ്പം മറ്റ് അധിക ചാര്‍ജുകള്‍ ഉണ്ടായേക്കാം. അതുപോലെ നീണ്ട കാലാവധിയുള്ള ലോണ്‍ മാസം തോറുമുള്ള തിരിച്ചടവ് എളുപ്പമാക്കുമെങ്കിലും നിങ്ങള്‍ നല്‍കേണ്ട ആകെ പലിശ തുക വര്‍ധിപ്പിക്കും. മികച്ച കാര്‍ ലോണ്‍ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് നോക്കാം.
1. അപേക്ഷിക്കുന്നതിന് മുന്‍പ് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക
നിങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കിനെ നിര്‍ണയിക്കുന്നതില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് വലിയ പങ്കുണ്ട്. മികച്ച ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍ അനുകൂലമായ ലോണ്‍ വ്യവസ്ഥകളും പെട്ടെന്നുള്ള അപ്രൂവലും ലഭിക്കാനുള്ള സാധ്യത കൂടും. ബാങ്കുകളുടെ മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും 750ല്‍ കൂടുതലുള്ള സ്‌കോര്‍ മികച്ചതായി കണക്കാക്കപ്പെടുന്നു.
ലോണിന് അപേക്ഷിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ ക്രെഡിറ്റ് ബ്യൂറോയില്‍ പരാതി നല്‍കി അത് തിരുത്തുക. കൂടാതെ, കുടിശ്ശികയുള്ള പേമെന്റുകള്‍ തീര്‍ക്കുകയും നിലവിലുള്ള കടങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യുക. പലിശ നിരക്കിലെ ചെറിയ വ്യത്യാസം പോലും നിങ്ങള്‍ തിരിച്ചടയ്ക്കുന്ന ആകെ തുകയെ ബാധിക്കാം. അതിനാല്‍ അപേക്ഷിക്കുന്നതിന് മുന്‍പ് നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നത് മികച്ച ഡീല്‍ ഉറപ്പാക്കാന്‍ സഹായിക്കും.
2. ആദ്യത്തെ ഓഫറില്‍ വീഴാതെ ലെന്‍ഡര്‍മാരെ താരതമ്യം ചെയ്യുക
കാര്‍ ഡീലര്‍ഷിപ്പുകള്‍ പലപ്പോഴും ലോണ്‍ ശരിയാക്കി നല്‍കാന്‍ സഹായിക്കാറുണ്ട്. ഇത് നടപടിക്രമങ്ങള്‍ എളുപ്പമാക്കുമെങ്കിലും, ഡീലര്‍ നല്‍കുന്ന ആദ്യത്തെ ഓഫര്‍ ഏറ്റവും മികച്ചതാകണമെന്നില്ല. ഒരേ ഉപഭോക്താവിന് തന്നെ വ്യത്യസ്ത ബാങ്കുകളും ഡിജിറ്റല്‍ ലെന്‍ഡിങ് പ്ലാറ്റ്ഫോമുകളും വ്യത്യസ്ത പലിശ നിരക്കുകളും പ്രൊസസിങ് ഫീസും ലോണ്‍ തുകയുമൊക്കെ വാഗ്ദാനം ചെയ്‌തേക്കാം. വരുമാനം, ക്രെഡിറ്റ് ഹിസ്റ്ററി, തൊഴില്‍ പശ്ചാത്തലം എന്നിവയെ ആശ്രയിച്ചിരിക്കും ഇത്.
തീരുമാനമെടുക്കുന്നതിന് മുന്‍പ് ഒന്നിലധികം ഓഫറുകള്‍ താരതമ്യം ചെയ്യണം. നിലവിലുള്ള ബാങ്ക് നല്‍കുന്ന ഓഫറുകളും മറ്റ് ലെന്‍ഡര്‍മാരുടെ ഓഫറുകളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലെ നിരക്കുകളും പരിശോധിക്കുക. ഒരേ ലോണ്‍ തുകയ്ക്കും കാലാവധിക്കും കീഴില്‍ ഏതാണ് കൂടുതല്‍ ലാഭകരമെന്ന് നോക്കി മനസ്സിലാക്കുക. മാസം തോറുമുള്ള ഇഎംഐ കുറവാണെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം ഒരു ലോണ്‍ തെരഞ്ഞെടുക്കരുത്. ആകെ തിരിച്ചടവ് തുകയും കൃത്യമായി പരിശോധിക്കുക.
3. പരസ്യത്തിലെ പലിശ നിരക്കുകള്‍ക്കപ്പുറം നോക്കുക
കുറഞ്ഞ പലിശ നിരക്കുകള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. എന്നാല്‍ അത് വായ്പയുടെ യഥാര്‍ഥ ചെലവ് മുഴുവന്‍ കാണിച്ചുതരുന്നില്ല. പ്രൊസസിങ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ എന്നിവയെല്ലാം നിങ്ങള്‍ നല്‍കേണ്ട തുക വര്‍ധിപ്പിക്കും. ലോണിനൊപ്പം എന്തെങ്കിലും ഓപ്ഷനല്‍ ആഡ്-ഓണുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നും അവയുടെ വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും പരിശോധിക്കുക.
ഇഎംഐ, ഫീസ്, ആകെ തിരിച്ചടവ് തുക എന്നിവ ഉള്‍പ്പെടുന്ന മൊത്തത്തിലുള്ള ചെലവുകളുടെ വ്യക്തമായ കണക്ക് ലെന്‍ഡറോട് ചോദിച്ചു മനസ്സിലാക്കുക. കൂടാതെ മുന്‍കൂര്‍ തിരിച്ചടവ് വ്യവസ്ഥകളും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ബോണസോ മറ്റ് അധിക വരുമാനമോ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, ലോണ്‍ തുകയുടെ ഒരു ഭാഗം മുന്‍കൂട്ടി അടച്ചു തീര്‍ക്കാനുള്ള സൗകര്യം പ്രിന്‍സിപ്പല്‍ തുകയും പലിശഭാരവും കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഇതിനുള്ള ചാര്‍ജുകള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
4. ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നല്‍കുക, ശരിയായ കാലാവധി തെരഞ്ഞെടുക്കുക
നിങ്ങള്‍ എടുക്കുന്ന ലോണ്‍ തുകയും അത് തിരിച്ചടയ്ക്കാന്‍ എടുക്കുന്ന സമയവും കാറിന്റെ അന്തിമ ചെലവിനെ സാരമായി ബാധിക്കും. ഉയര്‍ന്ന ഡൗണ്‍ പേയ്‌മെന്റ് നല്‍കുകയാണെങ്കില്‍ ലോണ്‍ പ്രിന്‍സിപ്പല്‍ തുക കുറയുന്നു. മറ്റ് വ്യവസ്ഥകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഇത് കുറഞ്ഞ ഇഎംഐയിലേക്കും മൊത്തത്തില്‍ കുറഞ്ഞ പലിശയിലേക്കും നയിക്കും.
ലോണ്‍ കാലാവധിയും വളരെ പ്രധാനപ്പെട്ടതാണ്. ദീര്‍ഘകാലത്തേക്ക് ലോണ്‍ എടുക്കുമ്പോള്‍ പ്രതിമാസ ഇഎംഐ കുറയുമെന്നതിനാല്‍ ലോണ്‍ താങ്ങാനാവുന്നതായി തോന്നാം. എന്നാല്‍ കാലക്രമേണ നിങ്ങള്‍ വലിയ തുക പലിശയായി നല്‍കേണ്ടി വരും. ഉദാഹരണത്തിന്, 9 ശതമാനം പലിശ നിരക്കില്‍ 8 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് എടുത്താല്‍ മാസം ഏകദേശം 16,600 രൂപ ഇഎംഐ വരും. 60 മാസം കൊണ്ട് ആകെ പലിശയായി ഏകദേശം 1.96 ലക്ഷം രൂപ നല്‍കേണ്ടി വരും. ഇതേ ലോണ്‍ 7 വര്‍ഷത്തേക്ക് നീട്ടിയാല്‍ ഇഎംഐ 12,900 രൂപയായി കുറയുമെങ്കിലും, ആകെ പലിശ 2.84 ലക്ഷം രൂപയായി വര്‍ധിക്കും.
5. ബജറ്റ് തെറ്റിക്കാതെ ഓഫറുകള്‍ പ്രയോജനപ്പെടുത്തുക
ഉത്സവ സീസണുകളില്‍ പ്രോസസിങ് ഫീസിലെ ഇളവുകള്‍ അല്ലെങ്കില്‍ പ്രത്യേക പലിശ നിരക്കുകള്‍ പോലുള്ള ഓഫറുകള്‍ സാധാരണമാണ്. യഥാര്‍ഥ വ്യവസ്ഥകള്‍ താരതമ്യം ചെയ്യുകയാണെങ്കില്‍ ഇവ ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ സഹായിക്കും. എന്നാല്‍ പരിമിതകാല ഓഫറുകള്‍ കണ്ട് മാത്രം ഉദ്ദേശിച്ചതിനേക്കാള്‍ വിലകൂടിയ കാര്‍ വേരിയന്റോ വലിയ ലോണോ തെരഞ്ഞെടുക്കാന്‍ മുതിരരുത്.
കുറഞ്ഞ ഇഎംഐ എന്നത് മികച്ച ഡീലിനേക്കാള്‍ നീണ്ട തിരിച്ചടവ് കാലാവധിയെയാണ് കാണിക്കുന്നത്. അതുപോലെ, ഫീസ് ഇളവ് ലഭിച്ചതുകൊണ്ട് മാത്രം ഉയര്‍ന്ന പലിശ നിരക്കിനെ മറികടക്കാനാകില്ല. ഇതിനൊരു പരിഹാരം ഷോറൂമില്‍ പോകുന്നതിന് മുന്‍പ് തന്നെ ലോണ്‍ പ്രീ-അപ്രൂവല്‍ എടുക്കുക എന്നതാണ്. ഇത് നിങ്ങളുടെ വായ്പാ ശേഷിയെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുകയും, കാറിന്റെ വിലയും ഫിനാന്‍സിങ്ങും വെവ്വേറെ ചര്‍ച്ച ചെയ്ത് ഉറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.
കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് വാഹനത്തിന്റെ അന്തിമ വിലയും ലോണ്‍ ചെലവുകളും ഒരുമിച്ച് താരതമ്യം ചെയ്യുക. ഡിജിറ്റല്‍ ലെന്‍ഡിങ് വളരുന്നതനുസരിച്ച് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ നിരവധി ഫിനാന്‍സിങ് ഓപ്ഷനുകളുണ്ട്. ലഭ്യമായ ആദ്യത്തെ ഓഫര്‍ തെരഞ്ഞെടുക്കുന്നതിന് പകരം ഈ ഓപ്ഷനുകള്‍ ശ്രദ്ധാപൂര്‍വം താരതമ്യം ചെയ്യുക എന്നതാണ് പ്രധാനം. ലോണ്‍ സംബന്ധമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഇന്ന് നിങ്ങള്‍ ചെലവഴിക്കുന്ന ചെറിയ സമയം, വരും വര്‍ഷങ്ങളില്‍ ലോണ്‍ തിരിച്ചടയ്ക്കുമ്പോള്‍ വലിയ തുക ലാഭിക്കാന്‍ നിങ്ങളെ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates