retirement plan പ്രതീകാത്മക ചിത്രം
Business

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോടി രൂപ കിട്ടിയിട്ട് കാര്യമുണ്ടോ?; അറിയാം സമ്പാദ്യശീലത്തില്‍ ശ്രദ്ധിക്കേണ്ട ചില യാഥാര്‍ഥ്യങ്ങള്‍

റിട്ടയര്‍മെന്റ് കാലം സുഖമായി ജീവിക്കുന്നതിന് മുന്‍കൂട്ടി സമ്പാദ്യശീലം തുടങ്ങുന്നവരാണ് ഇന്നുള്ള തലമുറ

സമകാലിക മലയാളം ഡെസ്ക്

റിട്ടയര്‍മെന്റ് കാലം സുഖമായി ജീവിക്കുന്നതിന് മുന്‍കൂട്ടി സമ്പാദ്യശീലം തുടങ്ങുന്നവരാണ് ഇന്നുള്ള തലമുറ. വിരമിക്കുന്ന സമയത്ത് കൈയില്‍ കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും സമ്പാദ്യമായി വേണമെന്ന് കരുതി പ്ലാന്‍ ചെയ്ത് നിക്ഷേപിക്കുന്നവരാണ് ഒട്ടുമിക്ക യുവതീയുവാക്കളും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോടി രൂപ കിട്ടിയതുകൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കാന്‍ കഴിയുമോ എന്ന ചോദ്യവും ചര്‍ച്ചയാവുന്നുണ്ട്.

2045 ആകുമ്പോഴേക്കും ആ സ്വപ്ന സംഖ്യ കൊണ്ട് കഷ്ടിച്ച് അടിസ്ഥാനകാര്യങ്ങള്‍ മാത്രമേ നിറവേറ്റാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണ ചെലവുകള്‍ കുതിച്ചുയരുകയും പണപ്പെരുപ്പം നിരന്തരം തുടരുകയും ആളുകള്‍ എക്കാലത്തേക്കാളും കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യുന്ന ഈ കാലത്ത്.

ഭാവിയില്‍ ഒരു കോടി രൂപ ഒട്ടും സുരക്ഷിതമല്ലെന്നും അതിനപ്പുറം ആസൂത്രണം ചെയ്യുന്നില്ലെങ്കില്‍ അത് ഒരു കെണിയായി മാറുമെന്നും ചെന്നൈ ആസ്ഥാനമായുള്ള ഓഡിറ്റ് വിദഗ്ദ്ധന്‍ ബി ഗോവിന്ദ രാജു ലിങ്ക്ഡ്ഇന്നില്‍ മുന്നറിയിപ്പ് നല്‍കി. 'നമ്മള്‍ ദീര്‍ഘായുസ്സോ പണപ്പെരുപ്പമോ ആസൂത്രണം ചെയ്യുന്നില്ല. അതുകൊണ്ടാണ്, പല ഇന്ത്യക്കാര്‍ക്കും ജീവിതം അവസാനിക്കുന്നതിന് മുമ്പ് പണം തീര്‍ന്നുപോകാന്‍ കാരണം'- അദ്ദേഹത്തിന്റെ കുറിപ്പില്‍ പറയുന്നു.

'ഉദാഹരണമായി നിങ്ങള്‍ 60 വയസ്സില്‍ ഒരു കോടി രൂപയുമായി വിരമിക്കുകയും 85 വയസ്സ് വരെ ജീവിക്കുകയും ചെയ്താല്‍, അത് നിങ്ങള്‍ക്ക് 25 വര്‍ഷത്തേക്ക് പ്രതിമാസം 33,000 വീതം നല്‍കുന്നു. എന്നാല്‍ പണപ്പെരുപ്പം നിശ്ചലമാകില്ല. 10 വര്‍ഷത്തിനുള്ളില്‍ ആ 33,000 രൂപയ്ക്ക് ഇന്നത്തെ 17,500 രൂപയുടെ മൂല്യമേ ഉണ്ടാവൂ.നിങ്ങള്‍ക്ക് 85 വയസ്സ് ആകുമ്പോഴേക്കും, അതിന്റെ മൂല്യം 16,000 രൂപ ആയി വീണ്ടും താഴും. പലരും ഇന്ന് പലചരക്ക് സാധനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും മാത്രം ചെലവഴിക്കുന്നതിനേക്കാള്‍ കുറവായിരിക്കും ഈ തുക.'

'വര്‍ദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ബില്ലുകള്‍, കുടുംബപരമായി വരുന്ന അടിയന്തര ആവശ്യകതകള്‍, വാടക, അടിസ്ഥാന ജീവിതച്ചെലവുകള്‍ എന്നിവ കൂടി ചേര്‍ത്താല്‍ നിങ്ങള്‍ അപകടകരമാംവിധം ഫണ്ടില്ലാത്ത ഒരു വിരമിക്കല്‍ അവസ്ഥയിലേക്ക് മാറാം. ഒരുകാലത്ത് ഒരു സുവര്‍ണ്ണ സംഖ്യയായി തോന്നിയിരുന്ന ഒരു കോടി രൂപയുടെ തിളക്കം വേഗത്തില്‍ മങ്ങാം.'- യഥാര്‍ത്ഥത്തില്‍, 2045 ആകുമ്പോഴേക്കും അതിന്റെ മൂല്യം ഏകദേശം 23 ലക്ഷം ആയി കുറയുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ നാലില്‍ ഒരാള്‍ മാത്രമാണ് വിരമിക്കല്‍ മുന്‍കൂട്ടി കണ്ട് സമ്പാദിക്കുന്നത്. പലരും പ്രതിമാസം 5,000 രൂപയില്‍ താഴെയുള്ള പെന്‍ഷന്‍ സ്‌കീമാണ് തെരഞ്ഞെടുക്കുന്നത്. ഇതിനായി 20 ലക്ഷത്തില്‍ താഴെയുള്ള പെന്‍ഷന്‍ കോര്‍പ്പസ് മാത്രമാണ് സൃഷ്ടിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ പ്രധാന നഗരങ്ങളില്‍ 4-5 കോടി വിരമിക്കല്‍ കോര്‍പ്പസ് ആവശ്യമാണ്. ചെറിയ പട്ടണങ്ങളില്‍ പോലും കഷ്ടിച്ച് ജീവിച്ച് പോകാന്‍ 2.5 കോടിയാണ് കോര്‍പ്പസ് തുകയായി വേണ്ടി വരിക.

നേരത്തെ നിക്ഷേപം ആരംഭിക്കുക എന്നതാണ് ഈ പ്രതിസന്ധിയെ നേരിടാന്‍ ഉള്ള പോംവഴിയെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എല്ലാ വര്‍ഷവും എസ്‌ഐപികളിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ഇക്വിറ്റിക്കും കടപ്പത്രത്തിനും ഇടയില്‍ വൈവിധ്യവല്‍ക്കരിക്കുക, ഒരു പ്രത്യേക ചെലവായി കണക്കാക്കി ആരോഗ്യ സംരക്ഷണത്തിനായി ആസൂത്രണം ചെയ്യുക, നിഷ്‌ക്രിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് നല്ലതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

retirement plan: Expert warns India’s middle class is unprepared

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്തിയും ജീവനക്കാരും പരിക്കേല്‍ക്കാത രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT