ന്യൂഡല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി(INDIAN ECONOMY) മാറിയെന്ന നീതി ആയോഗിന്റെ അവകാശവാദത്തെ തള്ളി ഐഎംഎഫ് കണക്കുകള്‍. ഐഎംഎഫ് കണക്കുകളെ തന്നെ ഉദ്ധരിച്ചാണ് നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യം ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് അവകാശപ്പെട്ടത്. എന്നാല്‍ ഐഎംഎഎഫിന്റെ യഥാര്‍ഥ കണക്കുകള്‍ അനുസരിച്ച് ഇന്ത്യ ജപ്പാനെ മറികടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഐഎംഎഫിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച് 2024-25 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയുടെ ജിഡിപി 3.9 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍ ജപ്പാന്റെ ജിഡിപിയായി ഐഎംഎഫ് പ്രതീക്ഷിക്കുന്നത് 4.026 ലക്ഷം കോടി ഡോളറാണ്. ഐഎംഎഫ് കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപിയേക്കാള്‍ മുകളിലാണ് ജപ്പാന്‍.
കഴിഞ്ഞ ദിവസം ബിവിആര്‍ സുബ്രഹ്മണ്യം വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ അവകാശവാദമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. 'ഞാന്‍ പറയുമ്പോള്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് നമ്മള്‍. ഇത് എന്റെ ഡാറ്റയല്ല, ഇത് ഐഎംഎഫ് ഡാറ്റയാണ്. ഇന്ത്യ ജപ്പാനേക്കാള്‍ വലുതാണ്'- ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ ഈ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങള്‍ ആഘോഷമാക്കി. ഇതിനെ അടിസ്ഥാനമാക്കി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെയാണ് ഐഎംഎഫിന്റെ കണക്കുകള്‍ പുറത്തുവന്നത്.
ഐഎംഎഫ് റിപ്പോര്‍ട്ട് അനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മാത്രമേ ജപ്പാനെ ഇന്ത്യ മറികടക്കൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ആ ഘട്ടത്തില്‍, ഇന്ത്യയുടെ ജിഡിപി 4.187 ലക്ഷം കോടി ഡോളറിലെത്തുമെന്നും ഐഎംഎഫ് കണക്കുകൂട്ടുന്നു. ഇത് ജപ്പാന്റെ 4.186 ലക്ഷം കോടി ഡോളറിനേക്കാള്‍ അല്‍പ്പം മുന്നിലാണ്. ഇന്ത്യയുടെ സാമ്പത്തിക വര്‍ഷത്തെ (ഏപ്രില്‍-മാര്‍ച്ച്) കലണ്ടര്‍ വര്‍ഷമായി ഐഎംഎഫ് അവതരിപ്പിച്ചതാകാം തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഐഎംഎഫും ഇന്ത്യയും സാമ്പത്തിക വര്‍ഷം എങ്ങനെ കാണിക്കുന്നു എന്നതിലെ വ്യത്യാസമാണ് അവ്യക്തത വര്‍ദ്ധിപ്പിക്കുന്നത്. ഐഎംഎഫ് 2024-25 സാമ്പത്തിക വര്‍ഷത്തെ 2024 സാമ്പത്തികവര്‍ഷമായിട്ടാണ് കാണിക്കുന്നത്. അതേസമയം ഇന്ത്യയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തെ 2025 സാമ്പത്തികവര്‍ഷം എന്നാണ് വിളിക്കുന്നത്. ഇതാകാം ഐഎംഎഫിന്റെ 2025 പ്രവചനങ്ങളെ നിലവിലെ ഡാറ്റയായി തെറ്റായി വ്യാഖ്യാനിക്കാന്‍ കാരണമായത് എന്ന് കരുതുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, 2025 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി 324 ലക്ഷം കോടിയായിരിക്കുമെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ അനുമാനം. അതായത് ഏകദേശം 3.85 ലക്ഷം കോടി ഡോളര്‍. ഇതുമായി തട്ടിച്ചുനോക്കുമ്പോഴും ജപ്പാനേക്കാള്‍ പിന്നിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 മെയ് 30ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം നാലാം പാദ ജിഡിപി ഡാറ്റ പുറത്തിറക്കുമ്പോള്‍ കൂടുതല്‍ വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates