റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ പൊതുവേ ബാങ്ക് എഫ്ഡിയേയാണ് കൂടുതലായി ആശ്രയിക്കുന്നത്. നിക്ഷേപം സുരക്ഷിതമാണ് എന്നതാണ് ഇവരെ ബാങ്ക് എഫ്ഡിയിലേക്ക് അടുപ്പിക്കുന്നത്. ബാങ്ക് എഫ്ഡി പോലെ സുരക്ഷിതവും എന്നാല്‍ കൂടുതല്‍ റിട്ടേണും ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാണ്. ഇവ ചുവടെ:
എന്‍പിഎസ്
റിട്ടയര്‍മെന്റ് കാലത്ത് വരുമാനം നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് എന്‍പിഎസ്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുള്ള ഈ പദ്ധതി പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് കൈകാര്യം ചെയ്യുന്നത്. എന്‍പിഎസില്‍ 60 വയസാകുമ്പോള്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാന്‍ അനുവാദമുണ്ട്. ബാക്കി തുക പതിവ് പെന്‍ഷനിനായി ഒരു ആന്വിറ്റി വാങ്ങാന്‍ ഉപയോഗിക്കാം. ഇത് എല്ലാ പൗരന്മാര്‍ക്കും ലഭ്യമാണ്. റിസ്‌ക് ടോളറന്‍സും പ്രായവും അടിസ്ഥാനമാക്കി എത്ര പണം ഓഹരി വിപണിയിലേക്ക് നീക്കിവെയ്ക്കണമെന്ന് നിക്ഷേപകന് തീരുമാനിക്കാം. എന്‍പിഎസ് നിക്ഷേപത്തില്‍ ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ട്
8.05 ശതമാനമാണ് ആര്‍ബിഐ ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടിന്റെ പലിശ നിരക്ക്. ഓണ്‍ലൈനായി ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് പോര്‍ട്ടല്‍ വഴിയോ, അല്ലെങ്കില്‍ തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവ വഴി ഓഫ്‌ലൈനായോ വാങ്ങാവുന്നതാണ്. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല.
നിക്ഷേപങ്ങള്‍ ആര്‍ബിഐയുടെ സ്വന്തം ബോണ്ട് ലെഡ്ജര്‍ അക്കൗണ്ടിലാണ് സൂക്ഷിക്കുക. വ്യക്തിഗതമായോ സംയുക്തമായോ അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടിയോ ബോണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്. കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. നിലവിലെ 8.05 ശതമാനം പലിശ നിരക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് (എഫ്ഡി) പലിശ നിരക്കുകളേക്കാള്‍ വളരെ ആകര്‍ഷകമാണ്. അതേസമയം ആര്‍ബിഐയുടെ ഈ ബോണ്ട് പദ്ധതിക്ക് 7 വര്‍ഷത്തെ ലോക്ക്-ഇന്‍ കാലാവധിയുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമായിട്ടുള്ള നിക്ഷേപകര്‍ക്ക് മാത്രമേ നിശ്ചിത പിഴയോടെ നിര്‍ദിഷ്ട കാലാവധിക്ക് മുന്‍പ് ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടില്‍ നിന്നും പണം പിന്‍വലിക്കാനാകൂ.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം
മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.
മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.
കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടു തന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.
മാസം തോറുമുള്ള വരുമാന പദ്ധതി
നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.
നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം രണ്ടു ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates