

ഡര്‍ബന്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ആധികാരിക ജയം സ്വന്തമാക്കിയപ്പോള്‍ താരമായത് മാര്‍ക്കോ യാന്‍സന്‍. മാത്യു ബ്രീസ്‌കെ സെഞ്ച്വറിയും കേശവ് മഹാരാജ് 4 വിക്കറ്റും നേടി ജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങിലും യാന്‍സന്‍ കളം വാണതാണ് ശ്രദ്ധേയമായത്. മത്സരത്തില്‍ ഒരു കിടിലന്‍ ക്യാച്ചും യാന്‍സന്‍ കൈപ്പിടിയിലൊതുക്കി. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു.
മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ താരം മാറ്റ് റെന്‍ഷോയെ പുറത്താക്കാന്‍ യാന്‍സന്‍ ഒറ്റ കൈയില്‍ ഒതുക്കിയ ക്യാച്ചാണ് അദ്ഭുതപ്പെടുത്തുന്നതായി മാറിയത്. ജെറാര്‍ഡ് കോറ്റ്‌സി എറിഞ്ഞ 37ാം ഓവറിലെ രണ്ടാം പന്തില്‍ റെന്‍ഷോ സിക്‌സിനു ശ്രമിച്ചു. എല്ലാവരും അത് സിക്‌സെന്നും ഉറപ്പിച്ചു. എന്നാല്‍ ഡീപ് മിഡ് വിക്കറ്റില്‍ നിന്നു യാന്‍സന്‍ വലത്തോട്ട് ഓടുകയും സിക്‌സിലേക്ക് പോയ പന്ത് ഡൈവ് ചെയ്ത് ഒറ്റക്കൈയില്‍ ഒതുക്കുകയുമായിരുന്നു. 44 റണ്‍സുമായി റെന്‍ഷോ കത്തി ആളുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പുറത്താകല്‍. റെന്‍ഷോ മടങ്ങിയതിനു പിന്നാലെ ഓസീസിനു തുരുതുരെ വിക്കറ്റുകളും നഷ്ടമായി. കളിയിലെ ഒരു നിര്‍ണായക ബ്രേക്ക് ത്രൂവായിരുന്നു യാന്‍സന്റെ ഈ അമ്പരപ്പിക്കും ക്യാച്ച്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസിനായി യാന്‍സന്‍ 59 പന്തില്‍ 75 റണ്‍സ് അടിച്ച് കിടിലന്‍ ബാറ്റിങും പുറത്തെടുത്തിരുന്നു. താരം 4 സിക്‌സും 7 ഫോറും സഹിതമാണ് ഇത്രയും റണ്‍സ് സ്വന്തമാക്കിയത്. താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ദക്ഷിണാഫ്രിക്ക 297 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസീസിന്റെ പോരാട്ടം 230 റണ്‍സില്‍ അവസാനിപ്പിച്ച് പ്രോട്ടീസ് 67 റണ്‍സിന് ഒന്നാം ഏകദിനം ജയിക്കുകയും ചെയ്തു.
മത്സരത്തില്‍ അമ്പരപ്പിക്കും ക്യാച്ചടക്കം 4 പേരെ കൈയില്‍ ഒതുക്കി പുറത്താക്കിയത് യാന്‍സനാണ്. അര്‍ധ സെഞ്ച്വറിയും 4 ക്യാച്ചും ഒരു വിക്കറ്റുമായി കളം വാണ യാന്‍സന്‍ ഇതോടെ ഒരു എലൈറ്റ് ക്ലബിലുമെത്തി. ഒരു ഏകദിന പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറിയും 4 ക്യാച്ചും വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരമായി യാന്‍സന്‍ മാറി. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, പാക് ഇതിഹാസം യൂനിസ് ഖാന്‍, ഓസീസ് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്, ഓസ്‌ട്രേലിയന്‍ താരം മര്‍നസ് ലാബുഷെയ്ന്‍ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates