Income Tax Return  പ്രതീകാത്മക ചിത്രം
Business

ഇതുവരെ ടാക്‌സ് റീഫണ്ട് കിട്ടിയില്ലേ?; അറിയാം അഞ്ചു കാരണങ്ങള്‍

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ ടാക്‌സ് റീഫണ്ടുകള്‍ നികുതിദായകര്‍ക്ക് എളുപ്പം ലഭിക്കുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെ ടാക്‌സ് റീഫണ്ടുകള്‍ നികുതിദായകര്‍ക്ക് എളുപ്പം ലഭിക്കുന്നുണ്ട്. മുന്‍പ് ആഴ്ചകളും മാസങ്ങളും എടുത്തിരുന്ന സ്ഥാനത്ത് ദിവസങ്ങള്‍ക്കകം ടാക്‌സ് റീഫണ്ട് ലഭിച്ച അനുഭവങ്ങള്‍ നിരവധിപ്പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. റീഫണ്ടുകള്‍ നികുതിദായകരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാന്‍ പരമാവധി 4-5 ആഴ്ച വരെയാണ് സമയം എടുക്കാറ്. ഈ കാലയളവിലും റീഫണ്ട് ലഭിച്ചില്ലെങ്കില്‍ ആദായനികുതി റിട്ടേണില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിദഗ്ധര്‍ വിരല്‍ ചൂണ്ടുന്നത്. റീഫണ്ട് സംബന്ധിച്ച് ഐടി വകുപ്പില്‍ നിന്നുള്ള ഏതെങ്കിലും അറിയിപ്പിനായി ഇ-മെയില്‍ പരിശോധിക്കേണ്ടത്് പ്രധാനമാണ്. ഇത്തരത്തില്‍ റീഫണ്ടുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസത്തിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഇവ ഓരോന്നും പരിശോധിക്കാം.

ഐടിആറിന്റെ വെരിഫിക്കേഷന്‍ വൈകുന്നത്

ഫയല്‍ ചെയ്ത റിട്ടേണ്‍ വെരിഫൈ ചെയ്യാത്തതാണ് ആദായനികുതി റീഫണ്ടുകള്‍ വൈകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. റിട്ടേണ്‍ സമര്‍പ്പിച്ച ശേഷം, വെരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാക്കേണ്ടത് നിര്‍ണായകമാണ്. റിട്ടേണുകള്‍ വെരിഫൈ ചെയ്തു എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ നികുതി വകുപ്പ് അവയുടെ പ്രോസസ്സിങ് ആരംഭിക്കൂ. അതുകൊണ്ട് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ വെരിഫൈ ചെയ്ത് ഉറപ്പാക്കുന്നത് മറന്നുപോയാല്‍ റീഫണ്ട് ഇഷ്യു പ്രക്രിയ ആരംഭിക്കില്ല. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ ഫയലിങ് പ്രക്രിയ പൂര്‍ത്തിയാകൂ.

പൊരുത്തക്കേട്

റിട്ടേണുകളില്‍ ക്ലെയിം ചെയ്ത നികുതി തുകകളും ഫോം 26ASല്‍ പ്രതിഫലിക്കുന്ന വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടാണ് റീഫണ്ട് കാലതാമസത്തിനുള്ള മറ്റൊരു കാരണം. നികുതിദായകന്റെ പേരിലുള്ള നികുതികളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രസ്താവനയാണ് ഫോം 26AS. സ്ഥാപനങ്ങളാണ് ഇത് തയ്യാറാക്കുന്നത്. അടച്ച നികുതി തിരികെ ലഭിക്കുന്നതിന് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും ഫോം 26ASലെ കണക്കുകള്‍ റിട്ടേണിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ നികുതി വകുപ്പ് ചോദ്യം ഉന്നയിക്കും.

'നികുതിദായകര്‍ അത്തരം അറിയിപ്പുകള്‍ക്കോ ചോദ്യങ്ങള്‍ക്കോ ഉടനടി മറുപടി നല്‍കണം. കാരണം നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ (സാധാരണയായി 15 ദിവസം) മറുപടി നല്‍കാത്തത് റിട്ടേണ്‍ വികലമായി കണക്കാക്കാന്‍ ഇടയാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപ്രകാരം, നികുതി റിട്ടേണ്‍ ഒരിക്കലും ഫയല്‍ ചെയ്തിട്ടില്ല എന്നാണ് ആദായനികുതി വകുപ്പ് കണക്കാക്കുക. ഇത് നികുതി റീഫണ്ട് വൈകുന്നതിനോ നിരസിക്കുന്നതിനോ കാരണമാകും.

വലിയ റീഫണ്ടുകള്‍

വലിയ റീഫണ്ടുകളുടെ ക്ലെയിമുകള്‍ ചിലപ്പോള്‍ നികുതി വകുപ്പ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ ടാക്്‌സ് റീഫണ്ട് നീണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇത് ഒരു ശ്രമകരമായ പ്രക്രിയയാണെങ്കിലും, നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും അഭ്യര്‍ത്ഥിച്ച ഏതെങ്കിലും വിവരങ്ങള്‍ ഉടനടി നല്‍കുകയും ചെയ്യുന്നത് പരിഹാരം വേഗത്തിലാക്കാന്‍ സഹായിക്കും.

സാങ്കേതിക തകരാറുകള്‍, പിശകുകള്‍

നികുതി വകുപ്പിന്റെ പ്രോസസ്സിങ് പ്രക്രിയയിലെ അപൂര്‍വമായ സാങ്കേതിക തകരാറുകള്‍ അല്ലെങ്കില്‍ സിസ്റ്റം പിശകുകള്‍ റീഫണ്ട് ഇഷ്യൂവില്‍ കാലതാമസത്തിന് കാരണമായേക്കാം. സിസ്റ്റം അപ്ഗ്രേഡുകള്‍ അല്ലെങ്കില്‍ അറ്റകുറ്റപ്പണികള്‍ പോലുള്ള വിവിധ കാരണങ്ങളാല്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമല്ലെങ്കിലും ടാക്‌സ് റീഫണ്ട് വൈകാം. ഉദാഹരണത്തിന് ബാങ്ക് അക്കൗണ്ടിലും പാന്‍ രേഖയിലുമുള്ള പേരില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ സിസ്റ്റം റീഫണ്ട് ക്രെഡിറ്റ് നിരസിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് രേഖകള്‍ പാന്‍ വിശദാംശങ്ങളുമായി യോജിക്കുന്നുണ്ടെന്നും ആദായനികുതി പോര്‍ട്ടലില്‍ അക്കൗണ്ട് കൃത്യമായി വാലിഡേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

ഈ കാലതാമസങ്ങള്‍ പരിഹരിക്കുന്നതിന്, കൃത്യവും പൂര്‍ണ്ണവുമായ രേഖകള്‍ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എല്ലാ നിക്ഷേപങ്ങളുടെയും കിഴിവുകളുടെയും അനുബന്ധ രേഖകളുടെയും ട്രാക്ക് സൂക്ഷിക്കുക. റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ അവ എളുപ്പത്തില്‍ ലഭ്യമാണെന്ന് ഉറപ്പാക്കുക. കൃത്യവും പൂര്‍ണ്ണവുമായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിലൂടെ, റിട്ടേണ്‍ സൂക്ഷ്മപരിശോധനയ്ക്കോ വിലയിരുത്തലിനോ വിധേയമാകാനുള്ള സാധ്യത കുറയ്ക്കുന്നു.

Know why your income tax refund is getting delayed?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT