കൊച്ചി മെട്രോ ഫയല്‍
Business

യാത്രയ്ക്ക് പുറമേ ഇനി സാധനങ്ങളും കൊണ്ടുപോകും; ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച് കൊച്ചി മെട്രോ

കൃഷ്ണകുമാർ കെ ഇ

കൊച്ചി: നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച് കൊച്ചി മെട്രോ. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍, എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് നഗരത്തിലുടനീളം ഉല്‍പ്പന്നങ്ങള്‍ തടസ്സമില്ലാതെ കൊണ്ടുപോകാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാനും വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ വ്യക്തമാക്കി.

'മെട്രോ സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് ലഘു ചരക്ക് മേഖലയിലേക്ക് കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍, പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമേ സര്‍വീസുകള്‍ നടത്തൂ' -കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'കെഎംആര്‍എല്‍ ഒരു പഠനം നടത്തി നിരക്ക് നിശ്ചയിക്കും. ചരക്ക് ഗതാഗതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. ഈ ഘട്ടത്തില്‍ ഒരു നിശ്ചിത സമയപരിധി നിശ്ചയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു.'- കെഎംആര്‍എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നഗരങ്ങളിലെ ബിസിനസ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ മെട്രോ ട്രെയിനുകളില്‍ പ്രത്യേക കാര്‍ഗോ കമ്പാര്‍ട്ടുമെന്റുകള്‍ ചേര്‍ക്കാന്‍ ഈ മാസം ആദ്യം കേന്ദ്ര ഊര്‍ജ്ജ മന്ത്രി മനോഹര്‍ ലാല്‍ ഡല്‍ഹി മെട്രോയോട് നിര്‍ദ്ദേശിച്ചിരുന്നു. നഗരങ്ങള്‍ക്കുള്ളില്‍ ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിവിധ മെട്രോ ഏജന്‍സികളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ നിര്‍ദേശം.

എന്നിരുന്നാലും, അധിക കോച്ചുകള്‍ ചേര്‍ക്കുന്നതില്‍ കൊച്ചി മെട്രോ തടസ്സം നേരിടുന്നുണ്ട്. നിലവില്‍, ഒരു മെട്രോ ട്രെയിനിന് മൂന്ന് വാഗണുകള്‍ മാത്രമേയുള്ളൂ. 'നിലവിലുള്ള പ്ലാറ്റ്ഫോമുകളുടെ നീളം ഒരു പ്രശ്‌നമാണ്. അധിക കോച്ചുകള്‍ ഘടിപ്പിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നുണ്ട്.'- ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിലവില്‍ ഓരോ ട്രെയിനിനും 66.55 മീറ്റര്‍ നീളമാണ് ഉള്ളത്. 975 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 136 സീറ്റുകളാണ് ഓരോ ട്രെയിനിലും ക്രമീകരിച്ചിരിക്കുന്നത്.

പകരം, ട്രെയിനുകളുടെ പിന്‍ഭാഗത്ത് പ്രത്യേക ക്രമീകരണം സാധ്യമാണോ എന്നാണ് കെഎംആര്‍എല്‍ പരിശോധിക്കുന്നത്. സ്റ്റേഷനുകളിലെ സ്റ്റോപ്പുകളുടെ ഹ്രസ്വകാല ദൈര്‍ഘ്യമാണ് മറ്റൊരു വെല്ലുവിളി. ഇതിനെ മറികടക്കാന്‍, അനുവദനീയമായ ചരക്ക് വസ്തുക്കള്‍, ചരക്ക് അളവുകള്‍, ഭാരം, വാതില്‍ സംവിധാനം, ട്രെയിന്‍ സ്റ്റോപ്പ് കൃത്യത, സ്വീകാര്യമായ കൈമാറ്റ സമയം തുടങ്ങിയ ഘടകങ്ങള്‍ പഠിക്കാന്‍ ഒരുങ്ങുകയാണ് കൊച്ചി മെട്രോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഫുട്ബോൾ കളിക്കിടെ പന്ത് നെയ്യാറിൽ വീണു; എടുക്കാൻ ഇറങ്ങിയ 10ാം ക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT