ന്യൂഡല്‍ഹി: പെട്രോളിനേക്കാള്‍ 20 രൂപ കുറവില്‍ എഥനോള്‍ ഇന്ധനം അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനം ഡല്‍ഹിയിലാണ് പുറത്തിറക്കിയത്. രാജ്യത്തെ ആദ്യ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറും ബൈക്കുകളും പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ എഥനോള്‍ ഇന്ധനം അവതരിപ്പിച്ചത്.
ആദ്യ ഇ85 ഇന്ധന വിതരണ കേന്ദ്രം പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്നലെ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയിലിന്റെ പുസ റോഡിലെ ഔട്ട്‌ലെറ്റിലാണ് രാജ്യത്തെ ആദ്യ ഇ85 കോമേഴ്‌സ്യല്‍ പമ്പ് പ്രവര്‍ത്തനമാരംഭിച്ചത്. സാധാരണ പെട്രോളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹരിതഗൃഹ വാതകങ്ങളുടെയും മറ്റ് മലിനീകരണ വസ്തുക്കളുടെയും പുറന്തള്ളല്‍ 61 ശതമാനം വരെ കുറയ്ക്കാന്‍ ഇ85 ഇന്ധനത്തിന് കഴിയുമെന്ന് ഇന്ത്യന്‍ ഓയില്‍ വ്യക്തമാക്കി.
നിലവില്‍ ഡല്‍ഹി- എന്‍സിആര്‍ മേഖലയിലാണ് ഇ85 ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തില്‍ തലസ്ഥാന നഗരിയിലെ 7 റീട്ടെയ്ല്‍ ഇന്ധന ഔട്ട്‌ലെറ്റുകള്‍ വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. ലിറ്ററിന് 82.12 രൂപയാണ് ഡല്‍ഹിയിലെ വില. പെട്രോളിന് 102.12 രൂപ വിലയുള്ളപ്പോഴാണ് 20 രൂപ കുറവില്‍ എഥനോള്‍ ഇന്ധനം വിപണിയില്‍ എത്തിയത്.
ആദ്യ ഘട്ടത്തില്‍ ഡല്‍ഹി- എന്‍സിആര്‍, മുംബൈ-പുനെ- നാഗ്പൂര്‍ കോറിഡോറുകളിലായി 100 ഇ85 സ്‌റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ ഇതിന്റെ എണ്ണം 500 ആയും 2027 അവസാനത്തോടെ രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളമായി 5000 ഔട്ട്‌ലെറ്റുകളായും ഉയര്‍ത്താനാണ് ലക്ഷ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates