ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) വര്‍ഷങ്ങളായി ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയിലെ വിശ്വസനീയമായ ഒരു പേരാണ്. സുരക്ഷിത നിക്ഷേപങ്ങളും നല്ല വരുമാനവും ആഗ്രഹിക്കുന്ന ആളുകള്‍ പലപ്പോഴും എല്‍ഐസി പ്ലാനുകള്‍ തെരഞ്ഞെടുക്കുന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായമായവര്‍ക്കും കമ്പനി വൈവിധ്യമാര്‍ന്ന പോളിസികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
നിരവധി സവിശേഷതകളുള്ള അനേകം പോളിസികളാണ് ഇന്ത്യയിലെ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ആവശ്യം അനുസരിച്ച് പലതരത്തിലുള്ള സ്‌കീമുകള്‍ എല്‍ഐസിയിലുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, അപകട പരിരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ലിസ്റ്റ് നീളും. അത്തരത്തില്‍ എല്‍ഐസി പോളിസികളില്‍ ഏറ്റവും ജനപ്രീതിയുള്ള ഒരു സ്‌കീമാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇന്‍ഷുറന്‍സ് പരിരക്ഷയും, മികച്ച വരുമാനവും നല്‍കുന്ന ഒരു സ്‌കീമാണ് ഇത്.
എല്‍ഐസി ജീവന്‍ ആനന്ദ്
ടേം ഇന്‍ഷുറന്‍സും മെച്യൂരിറ്റി ആനുകൂല്യങ്ങളും സംയോജിപ്പിക്കുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. കുറഞ്ഞ പ്രീമിയത്തില്‍ സുരക്ഷിത നിക്ഷേപവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും ഒരുപോലെ ചേരാവുന്ന ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ ആനന്ദ്. ഇവിടെ പ്രായം ഒരു പ്രശ്‌നമല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജീവന്‍ ആനന്ദ് പോളിസിയുടെ പരമാവധി കാലാവധി 35 വര്‍ഷമാണ്. ഈ കാലാവധിക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ കുറഞ്ഞ കാലാവധി 15 വര്‍ഷമാണ്. അതായത് 15 വര്‍ഷമെങ്കിലും പോളിസി തുടരണമെന്ന് അര്‍ത്ഥം. എങ്കില്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ബോണസുകള്‍ക്കു യോഗ്യത നേടാന്‍ കഴിയുകയുള്ളൂ.
മറ്റു പോളിസികളില്‍ നിന്നും വ്യത്യസ്തമായി കുറഞ്ഞ പ്രീമിയം എന്ന സവിശേഷതയും ജീവന്‍ ആനന്ദിനുണ്ട്. ഇതു തന്നെയാണ് നിരവധി പേര്‍ ജീവന്‍ ആനന്ദ് പോളിസിയുടെ ഭാഗമാവുന്നതും. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഭാവിയിലേക്ക് ശക്തമായ ഒരു ഫണ്ട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു നല്ല ഓപ്ഷനാണെന്ന് തെളിയിക്കാനാകും.
35 വര്‍ഷത്തേക്ക് ഈ പോളിസി തിരഞ്ഞെടുക്കുന്ന ഒരാള്‍ പ്രതിമാസം ഏകദേശം 1,358 നിക്ഷേപിക്കണം. അതായത് ഏകദേശം 45 രൂപ പ്രതിദിന നിക്ഷേപം. പതിവ് നിക്ഷേപങ്ങള്‍ക്ക് പോളിസി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 25 ലക്ഷം കോര്‍പ്പസ് സൃഷ്ടിക്കാന്‍ കഴിയും. ഈ കാലയളവില്‍ മൊത്തം അടക്കുന്ന പ്രീമിയം തുക 5,70,360 രൂപയായിരിക്കും.
പോളിസി പ്രകാരം പ്രിന്‍സിപ്പല്‍ സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയായി നിശ്ചയിച്ചാല്‍, നിക്ഷേപകന് 8.60 ലക്ഷം രൂപയുടെ ബോണസും, 11.50 ലക്ഷം രൂപയുടെ റിവിഷന്‍ ബോണസും ലഭിക്കും. നിക്ഷേപവും, ആനുകൂല്യങ്ങളുമെല്ലാം കണക്കാക്കുമ്പോള്‍ 25 ലക്ഷം രൂപയോളം അക്കൗണ്ടില്‍ എത്തും. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ ഈ കാലാവധിക്കു മുന്നേ തന്നെ പോളിസി നിക്ഷേപം നിര്‍ത്തിയാല്‍ നിക്ഷേപിച്ച പണത്തിന്മേലുള്ള അധിക ബോണസ് നഷ്ടപ്പെടും. 35 വര്‍ഷം വരെ നിക്ഷേപം തുടരാന്‍ സാധിക്കില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ കാലാവധിയായ 15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം നിലനിര്‍ത്താന്‍ ശ്രമിക്കുക.
അധിക ആനുകൂല്യങ്ങള്‍
നിരവധി ഓപ്ഷണല്‍ റൈഡറുകള്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ആക്‌സിഡന്റല്‍ ഡെത്ത് ആന്‍ഡ് ഡിസെബിലിറ്റി റൈഡര്‍, ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡര്‍, ന്യൂ ടേം ഇന്‍ഷുറന്‍സ് റൈഡര്‍, ന്യൂ ക്രിട്ടിക്കല്‍ ബെനിഫിറ്റ് റൈഡര്‍ എന്നിവ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. പോളിസി കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, മരണ ആനുകൂല്യത്തിന്റെ 125 ശതമാനം നോമിനിക്ക് ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates