ലൈറ്റ് ട്രാമിന്റെ എഐ ഇമേജ് IMAGE CREDIT: grok
Business

കൊച്ചിയില്‍ ലൈറ്റ് ട്രാം സര്‍വീസ്, കെഎംആര്‍എല്‍ മുന്നോട്ട്; എംജി റോഡ്- ഹൈക്കോടതി-തേവര റൂട്ടില്‍ 6.2 കിലോമീറ്റര്‍

എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാല്‍, ചെലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാര്‍ഥ്യമായ കേരളത്തിലെ ആദ്യത്തെ നഗരമായി കൊച്ചി മാറും

കൃഷ്ണകുമാർ കെ ഇ

കൊച്ചി: എല്ലാം പ്രതീക്ഷിച്ച പോലെ നടന്നാല്‍, ചെലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാര്‍ഥ്യമായ കേരളത്തിലെ ആദ്യത്തെ നഗരമായി കൊച്ചി മാറും. മെട്രോ സാധ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനാണ് ലൈറ്റ് ട്രാം സംവിധാനം.

കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്ത ലൈറ്റ് ട്രാം പദ്ധതിക്ക് ജീവന്‍ നല്‍കി, പ്രാഥമിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. പദ്ധതിയുടെ അനുമതിയും ഫണ്ട് വിഹിതവും തേടി കൊച്ചി മെട്രോ ഇപ്പോള്‍ കേരള സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

''ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. കൊച്ചിയിലാണ് ആദ്യം പരിഗണിക്കുന്നത്. ഷണ്‍മുഖം റോഡ് വഴി 6.2 കിലോമീറ്റര്‍ നീളമുള്ള എംജി റോഡ്-ഹൈക്കോടതി-തേവര ഭാഗമാണ് ആദ്യം പരിഗണിക്കുന്നത്,'- കെഎംആര്‍എല്ലിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് പദ്ധതിയെക്കുറിച്ച് ആദ്യം ആലോചിച്ചത്. ഇതിനെത്തുടര്‍ന്ന്, ബ്രിസ്‌ബേനിലും (ഓസ്‌ട്രേലിയ) ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൈറ്റ് ട്രാം സര്‍വീസ് നടപ്പിലാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള എച്ച്ഇഎസ്എസ് ഗ്രീന്‍ മൊബിലിറ്റി, എംജി റോഡ്-തേവര-മറൈന്‍ ഡ്രൈവ് ലൂപ്പ് ഉള്‍പ്പെടെ കൊച്ചിയിലെ വിവിധ റൂട്ടുകളെ കുറിച്ച് ഒരു സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 'സ്വിസ് ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ട് അടുത്തിടെ ബോര്‍ഡിന് സമര്‍പ്പിച്ചു, സാധ്യതാ പഠനം നടത്തുന്നതിന് ബോര്‍ഡ് ഔദ്യോഗികമായി അനുമതി നല്‍കി. പദ്ധതിക്ക് അനുമതി തേടി ഞങ്ങള്‍ വരുന്ന ആഴ്ച സംസ്ഥാന സര്‍ക്കാരിന് കത്തെഴുതും. കേന്ദ്ര സര്‍ക്കാരാണ് ധനസഹായം നല്‍കേണ്ടത്. സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ഞങ്ങള്‍ കേന്ദ്രത്തെ സമീപിക്കും. ടെന്‍ഡര്‍ പ്രഖ്യാപിക്കല്‍, ഡിപിആര്‍ തയ്യാറാക്കല്‍ തുടങ്ങിയ വിവിധ ഘട്ടങ്ങളിലും ഇതേ പ്രക്രിയ പിന്തുടരും,'-ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ പോലുള്ള നഗരങ്ങളില്‍ കൂടുതല്‍ സുസ്ഥിരവും ചെലവ് കുറഞ്ഞതും റോഡ് തലത്തിലും ഉയര്‍ന്നതും ഭൂഗര്‍ഭ പാതയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതുമായതിനാല്‍ ലൈറ്റ് ട്രാം മെട്രോകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കേരളത്തിന് ഈ പദ്ധതി കൂടുതല്‍ അനുയോജ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 'പരമ്പരാഗത മെട്രോ സംവിധാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൈറ്റ് ട്രാം സംവിധാനം ചെലവ് കുറഞ്ഞതാണ്. മെട്രോ സംവിധാനത്തിന് കിലോമീറ്ററിന് ഏകദേശം 300 കോടി രൂപ ചെലവാകുമ്പോള്‍ ഒരു ലൈറ്റ് ട്രാം സ്ഥാപിക്കുന്നതിനുള്ള ചെലവ് 75 കോടി രൂപ മാത്രമാണ്. ഉല്‍പ്പാദനം പ്രാദേശികമായി നടത്തിയാല്‍ ഇനിയും ചെലവ് കുറയ്ക്കാന്‍ കഴിയും,'- ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

25 മീറ്റര്‍ നീളമുള്ള മൂന്ന് കോച്ച് ലൈറ്റ് ട്രാമിന് 240 യാത്രക്കാരെ വരെ വഹിക്കാന്‍ കഴിയും. ആറ് മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായും ഇലക്ട്രിക്-ഹൈബ്രിഡ് ട്രാമുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഒറ്റ ചാര്‍ജില്‍ 45 കിലോമീറ്റര്‍ സഞ്ചരിക്കാം. പടികള്‍ കയറേണ്ടി വരാത്തതിനാല്‍ യാത്രക്കാര്‍ക്ക് 3-4 മിനിറ്റ് നഷ്ടപ്പെടില്ല.

'കൊച്ചിക്ക് ചെലവ് കുറഞ്ഞ ഗതാഗത സൊല്യൂഷനുകള്‍ ആവശ്യമുള്ളതിനാല്‍ ഞങ്ങള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. ലൈറ്റ് ട്രാം റെയില്‍ അധിഷ്ഠിതവും റോഡ് ഇടനാഴിയോട് കൂടിയ വെസ്റ്റിബ്യൂള്‍ ബസ് സിസ്റ്റം പോലെയും ആകാം. നേരത്തെ കെഎംആര്‍എല്ലിന് പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിച്ച എച്ച്ഇഎസ്എസ് ഗ്രീന്‍ കമ്പനി ബംഗളൂരുവില്‍ ഒരു ബസ് നിര്‍മ്മാണ യൂണിറ്റ് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ അംഗീകൃത ലൈറ്റ് ട്രാമുകള്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍ ചെലവ് കൂടുതല്‍ കുറയ്ക്കാനാകും,'- കൊച്ചി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ ചെയര്‍മാന്‍ ഡി ധനുരാജ് പറഞ്ഞു.

'സിറ്റി ബസുകള്‍ പോലുള്ള മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കും ഈ സംവിധാനത്തിലൂടെ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഗുണം. എന്നാല്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത രീതിയില്‍ കണക്റ്റിവിറ്റി പരമാവധിയാക്കാന്‍ സഹായിക്കുന്ന ഒരു സംയോജിത ഗതാഗത പദ്ധതി ഇതിന് ആവശ്യമാണ്,' -അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT