LPG Cylinder Rules file
Business

പാചകവാതക വില കൂട്ടി, എൽപിജി സബ്സിഡി, സ്ഥിര നിക്ഷേപം...; ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

പതിവ് പോലെ ഒക്ടോബർ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പതിവ് പോലെ ഒക്ടോബർ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ, സ്ഥിര നിക്ഷേപ വ്യവസ്ഥകളിൽ മാറ്റം, വാണിജ്യ സിലിണ്ടർ വില വർധന തുടങ്ങി നിരവധി കാര്യങ്ങളിലാണ് ഇന്നുമുതൽ ( വ്യാഴാഴ്ച) മാറ്റം വന്നത്. ഇവ ഓരോന്നും ചുവടെ:

ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധം

ഇന്ത്യയിൽ സബ്സിഡിയോടെ ഗാർഹിക എൽപിജി സിലിണ്ടർ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഒക്ടോബർ ഒന്നുമുതലാണ് ഇത് നടപ്പാക്കിയത്.

ഓതന്റിക്കേഷൻ ഇതുവരെ പൂർത്തിയാക്കാത്ത കുടുംബങ്ങൾക്ക് റീഫിൽ ഡെലിവറി സമയത്തോ, എൽപിജി വിതരണക്കാരുടെ ഷോറൂമിലോ, അല്ലെങ്കിൽ എണ്ണ വിതരണ കമ്പനികളുടെ മൊബൈൽ ആപ്പുകൾ വഴിയോ ഇത് ചെയ്യാവുന്നതാണെന്നും സർക്കാർ വ്യക്തമാക്കി. അർഹതപ്പെട്ടവർക്ക് മാത്രമാണ് സബ്സിഡിയോട് കൂടിയ എൽപിജി ലഭ്യമാകുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

ഗാർഹിക സിലിണ്ടറുകൾ വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. കൂടാതെ വ്യാജമായ കണക്ഷനുകൾ ഒഴിവാക്കുക എന്നതും പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇൻഡെൻ ഉപയോക്താക്കൾക്ക് ഇന്ത്യൻഓയിൽ വൺ ആപ്ലിക്കേഷനും ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ഹലോബിപിസിഎൽ എന്ന ആപ്പും എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് എച്ച്പി പേ ആപ്ലിക്കേഷനും ഉപയോഗിച്ച് സെൽഫ് ഇ-കെവൈസി നടത്താൻ സാധിക്കും.

സ്ഥിര നിക്ഷേപ വ്യവസ്ഥയിൽ മാറ്റം

രാജ്യത്ത് ഒക്ടോബർ ഒന്നുമുതൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപ വ്യവസ്ഥയിൽ മാറ്റം. റിസർവ് ബാങ്ക് ചട്ടം അനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ബാങ്കുകളുടെ എല്ലാ ശാഖകളിലും നിശ്ചിത എഫ്ഡിക്ക് ഒരേ പലിശ നിരക്ക് ആയിരിക്കും ബാധകമാകുക. അതായത് ഒരു ബാങ്കിന്റെ വ്യത്യസ്ത ശാഖകളിൽ ഒരേ ദിവസം, ഒരേ തുകയ്ക്കും ഒരേ കാലാവധിക്കും എഫ്ഡി തുടങ്ങിയാൽ ഇനി മുതൽ ഒരേ പലിശ നിരക്കാകും ലഭിക്കുക.

ഒരു മെട്രോ ബ്രാഞ്ചിലോ ഗ്രാമീണ മേഖലയിലോ ടേം ഡെപ്പോസിറ്റ് ആരംഭിച്ചാലും ഒരേ ബാങ്ക് ഒരേ നിരക്കായിരിക്കും നൽകുക. ഇത് നിരക്കുകളിലെ വിവേചനം ഒഴിവാക്കാൻ സഹായിക്കും. ഒരേ തീയതിയിൽ ഒരേ തുക നിക്ഷേപിക്കുന്ന ഓരോ ഉപഭോക്താവിനും ഒരേ പോലെയുള്ള റിട്ടേൺ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് പുതിയ നടപടി.

പുതിയ വ്യവസ്ഥ അനുസരിച്ച് മൂന്ന് കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളെ ബൾക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കും. വിപണിയിൽ പൂർണമായി സുതാര്യത ഉറപ്പാക്കാൻ ബാങ്കുകൾ ദിവസേനയുള്ള ബൾക്ക് ഡെപ്പോസിറ്റ് നിരക്കുകൾ എല്ലാ ദിവസവും രാവിലെ പത്തുമണിക്ക് മുൻപായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഈ നടപടി നിർബന്ധമായും 10.10നകം പൂർത്തിയാക്കിയിരിക്കണം. എന്നാൽ പുതിയ ചട്ടം വരുന്നത് കൊണ്ട് ഒക്ടോബർ ഒന്നുമുതൽ എഫ്ഡി പലിശനിരക്ക് ഒറ്റയടിക്ക് വർധിക്കുകയോ കുറയുകയോ ചെയ്യില്ല. വിപണിയിലെ സാഹചര്യങ്ങൾക്കും ഫണ്ടിന്റെ ചെലവിനും അനുസരിച്ചായിരിക്കും ബാങ്കുകൾ പലിശ നിരക്ക് തീരുമാനിക്കുക.

ജനന, മരണ രജിസ്‌ട്രേഷൻ

ജനന, മരണ രജിസ്‌ട്രേഷൻ നടത്താൻ വൈകിയ കുടുംബങ്ങൾ ഒക്ടോബർ ഒന്നുമുതൽ കൂടുതൽ വെരിഫിക്കേഷൻ നടപടികൾ പാലിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ഒരു വർഷത്തിലധികം വൈകുകയും എന്നാൽ രണ്ടു വർഷത്തിനകം രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ ഉറപ്പുവരുത്തുന്നതിനായി അധിക വെരിഫിക്കേഷൻ ആവശ്യമാണ്. രജിസ്‌ട്രേഷൻ രേഖകളുടെ വിശ്വസനീയത മെച്ചപ്പെടുത്തുന്നതിനാണ് ഈ അധിക വെരിഫിക്കേഷൻ.

രണ്ടുവർഷത്തിലധികം വൈകുന്ന കേസുകളിൽ കൂടുതൽ ഉയർന്ന തലത്തിലുള്ള പരിശോധന ആവശ്യമാണ്. അത്തരം രജിസ്‌ട്രേഷനുകൾ പൂർത്തിയാക്കുന്നതിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവ് നിർബന്ധമാണ്.

പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് വില വർധന നടപ്പാക്കിയിരിക്കുന്നത്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് വിവിധ നഗരങ്ങളിൽ 71.50 രൂപ വരെയാണ് വർധന രേഖപ്പെടുത്തിയത്.

ഡൽഹിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 62.50 രൂപ വർദ്ധിച്ച് 2,810 രൂപയായി. സെപ്റ്റംബറിൽ 2,747.50 രൂപയായിരുന്നു വില. മറ്റുപല നഗരങ്ങളിലും ഇതിലും ഉയർന്നതോതിലാണ് വില കൂടിയത്. മുംബൈയിൽ 63 രൂപ വർധിച്ച് വില 2,764 രൂപയായി. ചെന്നൈയിൽ 66.50 രൂപ വർധിച്ച് 2,983 രൂപയിലെത്തി. ഏറ്റവും ഉയർന്ന വർധന പട്നയിലാണ് രേഖപ്പെടുത്തിയത്. 71.50 രൂപ വർധിച്ച് സിലിണ്ടർ വില 3,100.50 രൂപയായി. അഹമ്മദാബാദിൽ 2,831.50 രൂപയായും കന്യാകുമാരിയിൽ 3,046 രൂപയായും വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് ഉയർന്നു.

ഗാർഹിക ഉപഭോക്താക്കൾ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമില്ല. ഡൽഹിയിൽ 942 രൂപ, മുംബൈയിൽ 941.50 രൂപ, ചെന്നൈയിൽ 957.50 രൂപ, ലഖ്നൗവിൽ 979.50 രൂപ, പട്നയിൽ 1,031.50 രൂപ എന്നിങ്ങനെയാണ് നിലവിലെ ഗാർഹിക നിരക്കുകൾ. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില വ്യതിയാനങ്ങളും കറൻസി മൂല്യവുമാണ് എൽപിജി നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത്. നിലവിലെ വില വർധന റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയാണ് ബാധിക്കുക.

LPG Subsidy, FD Interest Rates, lpg rate hike...; New Rules From today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആദ്യം മൂത്ത മകളെ, മരണം ഉറപ്പാക്കിയ ശേഷം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു': കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മ നിവേദ്യയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് പ്രഖ്യാപിച്ചു; അറിയാം പിപിഎഫ്, എസ് സിഎസ്എസ്, കെവിപി, എന്‍എസ് സി പലിശനിരക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഈ സേവനങ്ങള്‍ക്ക് ഇനി പണം നല്‍കണം

ബന്ധുക്കളും നാട്ടുകാരും കരുതി ജോസ് മരിച്ചെന്ന്; 13 വര്‍ഷത്തിനുശേഷം കഞ്ചാവ് കേസ് പ്രതി ആന്ധ്രയിൽ പിടിയിൽ

NISH Job Vacancy: അധ്യാപകർക്ക് അവസരം; നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം