12 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 80,000 രൂപ ലാഭം 
Business

Union Budget 2025: 12 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 80,000 രൂപ ലാഭം, ആദായനികുതിയില്‍ അടിമുടി പരിഷ്‌കാരം; അറിയാം പുതിയ സ്ലാബുകള്‍

സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് ലഭിക്കുന്നതരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ നിന്ന് ലാഭിക്കാനാകുക 80,000 രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് ലഭിക്കുന്നതരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ നിന്ന് ലാഭിക്കാനാകുക 80,000 രൂപ. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ നികുതി ഘടന പ്രഖ്യാപിച്ചത്. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെയും ഇളവ് ആണ് ലഭിക്കുക. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. പഴയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ സ്‌കീം തുടരും.

മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപയുടെ ഇളവും കൂടി കണക്കാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

പരിഷ്‌കരിച്ച നികുതി ഘടന അനുസരിച്ച് പുതിയ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്ക് 12 ലക്ഷം രൂപ വരെ നികുതി ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപ കൂടി കണക്കാക്കുമ്പോള്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നാലുലക്ഷം രൂപ മുതലുള്ള വരുമാനം നികുതി വിധേയമാകും. അതായത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപ കൂടി കൂട്ടി 12.75 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന വരുമാനത്തിനാണ് പരിഷ്‌കരിച്ച നികുതി സ്ലാബ് ബാധകമാകുക. വിവിധ സ്ലാബുകളാക്കിയാണ് നികുതി ഘടന പരിഷ്‌കരിച്ചത്. ഇവരുടെ ആദ്യ നാലു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. എന്നാല്‍ നാലുലക്ഷം മുതല്‍ എട്ടു ലക്ഷം വരെ കണക്കാക്കുമ്പോള്‍ അഞ്ചുശതമാനം നികുതി വരും. എട്ടുമുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ള പരിധിയില്‍ 10 ശതമാനം നികുതിയാണ് ഈടാക്കുക. 12-16 ലക്ഷം വരുമാന പരിധിയില്‍ 15 ശതമാനം നികുതിയാണ് വരുക. 16-20 ലക്ഷം പരിധിയില്‍ 20 ശതമാനം നികുതി വരും. 20-24 ലക്ഷം പരിധിയില്‍ 25 ശതമാനവും 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് പുതിയ നികുതി സ്ലാബ്.

അതായത് 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെ ഇളവ് ലഭിക്കും. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 80000 രൂപയും ആദായനികുതിയില്‍ ഇളവ് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച

ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.

നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT