Post Office schemes file
Business

പലിശയായി മാത്രം രണ്ടുലക്ഷത്തിലധികം സമ്പാദിക്കാം; ഇങ്ങനെ നിക്ഷേപിക്കൂ!, വേറിട്ട തന്ത്രം

പോസ്റ്റ് ഓഫീസിന്റെ നിരവധി ലഘു സമ്പാദ്യ പദ്ധതികളില്‍ രണ്ടെണ്ണമാണ് മാസംതോറുമുള്ള വരുമാന പദ്ധതിയും ആര്‍ഡി സ്‌കീം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പോസ്റ്റ് ഓഫീസിന്റെ നിരവധി ലഘു സമ്പാദ്യ പദ്ധതികളില്‍ രണ്ടെണ്ണമാണ് മാസംതോറുമുള്ള വരുമാന പദ്ധതിയും ആര്‍ഡി സ്‌കീം. ഇവ രണ്ടും ചേര്‍ന്നുള്ള ഒരു സ്ട്രാറ്റജി പരിചയപ്പെടാം.

മാസംതോറുമുള്ള വരുമാന പദ്ധതി

നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്ന ഈ സ്‌കീം കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രധാന ഫീച്ചര്‍.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

ആര്‍ഡി സ്‌കീം

പോസ്റ്റ് ഓഫീസ് വഴിയുള്ള മറ്റൊരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം. ഏതൊരു സാധാരണക്കാരനും നിക്ഷേപിക്കാവുന്ന സ്‌കീമാണിത്. യാതൊരുവിധ സേവിങ്‌സും ഇല്ലാത്തവര്‍ക്ക് തുടക്കമിടാവുന്ന പ്ലാനാണിത്. മാസംതോറും കുറച്ച് പണം മാറ്റിവെച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഒരു നല്ല തുക സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും.

ഇതില്‍ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീം അഥവാ ആര്‍ഡി നിക്ഷേത്തിന്റെ കാലാവധി 5 വര്‍ഷമാണ്. അത് 10 വര്‍ഷമായി നീട്ടാന്‍ സാധിക്കും. നിലവിലെ കണക്ക് പ്രകാരം നിക്ഷേപത്തിന്റെ പലിശ നിരക്ക് 6.7 ശതമാനമാണ്. ഇത് എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ബാധകമാണ്.

വെറും 100 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാവുന്ന സ്‌കീമാണിത്. സാമ്പത്തിക ശേഷിക്ക് അനുസരിച്ച് എത്ര രൂപ വരെയും നിക്ഷേപിക്കാം. ഒപ്പം ആകര്‍ഷകമായ പലിശയും ചേരുമ്പോള്‍ പണം എളുപ്പത്തില്‍ വളരും. അക്കൗണ്ട് തുറന്നതിനു ശേഷം ചില കാരണത്താല്‍ ആ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍ അതിനും സാധിക്കും. അതായത് ഈ സ്‌കീമില്‍ പ്രീമെച്വര്‍ ക്ലോഷര്‍ സൗകര്യം നല്‍കിയിട്ടുണ്ട്.

ഇനി അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ നിക്ഷേപത്തില്‍ നിന്നും ലോണ്‍ സൗകര്യവും ലഭിക്കും. എന്നാല്‍ അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷത്തിന് ശേഷം നിക്ഷേപ തുകയുടെ 50 ശതമാനം വരെ മാത്രമേ വായ്പയായി എടുക്കാന്‍ സാധിക്കൂ. ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തികള്‍ക്ക് ഈ പദ്ധതിയില്‍ ചേരാം. ഒരു വ്യക്തിയുടെ പേരിലോ സംയുക്തമായോ ഒന്നിലധികം ആര്‍ഡി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയും. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് 18 വയസ്സ് തികയുമ്പോള്‍, മൈനര്‍ അക്കൗണ്ട് മുതിര്‍ന്നവരുടെ അക്കൗണ്ടാക്കി മാറ്റുന്നതിന് പുതിയ കെവൈസിയും പുതിയ അക്കൗണ്ട് തുറക്കല്‍ ഫോമും സമര്‍പ്പിക്കണം.

ന്യൂ സ്ട്രാറ്റജി

ഉദാഹരണമായി കൈവശം അഞ്ചു ലക്ഷം രൂപ ഉണ്ടെങ്കില്‍ ഇത് മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. അങ്ങനെയെങ്കില്‍ മാസംതോറും 3,083 രൂപയാണ് വരുമാനമായി ലഭിക്കുക. ഈ വരുമാനം എടുക്കാതെ വീണ്ടും നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ് പുതിയ സ്ട്രാറ്റജി. ഈ 3083 രൂപ ആര്‍ഡി സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചു വര്‍ഷം കൊണ്ട് 1,84,980 രൂപയാണ് നിക്ഷേപമായി വരിക. ആര്‍ഡി സ്‌കീമില്‍ 6.7 ശതമാനമാണ് പലിശ. ഈ പലിശയും കൂടി ചേര്‍ത്താല്‍ ഏകദേശം രണ്ടേകാല്‍ ലക്ഷത്തോളം രൂപയാണ് ലഭിക്കുക. ഈ തുകയും മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ കൂടി ചേരുമ്പോള്‍ ഏകദേശം ഏഴേകാല്‍ ലക്ഷത്തോളം രൂപയാണ് കൈയില്‍ ഉണ്ടാവുക.

post office investment schemes, strategy

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

​Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു

പാലക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു