reward point ai image
Business

കാര്‍ഡില്‍ റിവാര്‍ഡ് പോയിന്റ് ഉണ്ടോ?, എങ്ങനെ പ്രയോജനപ്പെടുത്താം?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന ലോയല്‍റ്റി ആനുകൂല്യങ്ങളാണ് റിവാര്‍ഡ് പോയിന്റുകള്‍.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന ലോയല്‍റ്റി ആനുകൂല്യങ്ങളാണ് റിവാര്‍ഡ് പോയിന്റുകള്‍. കാര്‍ഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകളിലൂടെ ലഭിച്ച പോയിന്റുകള്‍ ഉപയോഗിച്ച് അടുത്ത ബില്ലിലെ തുക കുറയ്ക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും സന്തോഷമുള്ള കാര്യമാണ്. പക്ഷേ ഈ പോയിന്റുകള്‍ എങ്ങനെയാണ് ലഭിക്കുന്നത്? അവയ്ക്ക് എത്ര രൂപയുടെ മൂല്യമുണ്ട്? എവിടെയൊക്കെ ഉപയോഗിക്കാം? കാലാവധി കഴിഞ്ഞാല്‍ നഷ്ടപ്പെടുമോ? ഇവ ഓരോന്നും പരിശോധിക്കാം.

എന്താണ് റിവാര്‍ഡ് പോയിന്റുകള്‍?

ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിശ്ചിത ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്ന ലോയല്‍റ്റി ആനുകൂല്യങ്ങളാണ് റിവാര്‍ഡ് പോയിന്റുകള്‍. എന്നാല്‍ ഡെബിറ്റ് കാര്‍ഡിനെ അപേക്ഷിച്ച് ആകര്‍ഷണീയമായ ഓഫറുകള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കാണ് സാധാരണഗതിയില്‍ ലഭിക്കാറ്.

കാര്‍ഡിന്റെ പ്രത്യേകത അനുസരിച്ച് ഓരോ നിശ്ചിത തുക ചെലവഴിക്കുമ്പോഴും നിശ്ചിത പോയിന്റുകള്‍ അക്കൗണ്ടില്‍ ലഭിക്കും. എന്നാല്‍ എല്ലാ ഇടപാടുകള്‍ക്കും ഒരേ നിരക്കില്‍ പോയിന്റുകള്‍ ലഭിക്കണമെന്നില്ല. ചില കാര്‍ഡുകളില്‍ ഷോപ്പിങ്ങിനും യാത്രയ്ക്കും ഭക്ഷണത്തിനും കൂടുതല്‍ പോയിന്റുകള്‍ ലഭിക്കാം. ഇന്ധനം, ഇഎംഐ ഇടപാടുകള്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയ ചില ഇടപാടുകള്‍ക്ക് പോയിന്റുകള്‍ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്. ബാങ്ക് നിശ്ചയിച്ച മൂല്യത്തിനും നിബന്ധനകള്‍ക്കും അനുസരിച്ച് റിവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

വൗച്ചറുകള്‍, ഉല്‍പ്പന്നങ്ങള്‍, യാത്രാ ബുക്കിങ്ങുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ തുക കുറയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കണമെന്നില്ല. ചില വ്യാപാര സ്ഥാപനങ്ങളുമായി സഹകരിച്ച് ബാങ്കുകള്‍ ഈ ഓഫര്‍ നല്‍കാറുണ്ട്. ചില സ്ഥാപനങ്ങളില്‍ ബില്ലടയ്ക്കുമ്പോള്‍ ക്യാഷ്യര്‍ തന്നെ പോയന്റുകള്‍ ഉപയോഗിക്കണോ എന്ന് ചോദിച്ചേക്കാം. മറ്റു ചിലയിടങ്ങളില്‍ ഉപഭോക്താവ് ക്യാഷ്യറോട് ആവശ്യപ്പെടണം. കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന മെഷീനിലൂടെയോ പ്രത്യേക പേയ്‌മെന്റ് സംവിധാനത്തിലൂടെയോ പോയിന്റുകള്‍ ഉപയോഗിക്കാനാകും.

ഒരു റിവാര്‍ഡ് പോയിന്റിന് എല്ലാ ബാങ്കുകളിലും ഒരേ മൂല്യമല്ല. ഒരേ ബാങ്കിന്റെ വ്യത്യസ്ത കാര്‍ഡുകളില്‍പ്പോലും മൂല്യം മാറാം. ഉദാഹരണത്തിന്, ഒരു കാര്‍ഡില്‍ ഒരു പോയിന്റിന് 25 പൈസ ലഭിക്കുമ്പോള്‍ മറ്റൊരു കാര്‍ഡില്‍ അതിന് വ്യത്യസ്ത മൂല്യമായിരിക്കാം. പോയിന്റുകള്‍ ഉപയോഗിക്കുന്ന രീതിയും മൂല്യത്തെ ബാധിക്കും.അതിനാല്‍ പോയിന്റുകളുടെ എണ്ണം മാത്രം നോക്കാതെ അവ ഉപയോഗിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ എത്ര രൂപയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് കണക്കാക്കണം.

പല ബാങ്കുകളും റിവാര്‍ഡ് പോയിന്റുകള്‍ക്ക് നിശ്ചിത കാലാവധി നിശ്ചയിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞാല്‍ ഉപയോഗിക്കാത്ത പോയിന്റുകള്‍ നഷ്ടപ്പെടാം. അതിനാല്‍ ബാങ്കിന്റെ മൊബൈല്‍ ആപ്പിലോ നെറ്റ് ബാങ്കിങ് സംവിധാനത്തിലോ പോയിന്റുകളുടെ ബാലന്‍സും കാലാവധി തീരുന്ന തീയതിയും ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്.

എവിടെയൊക്കെ ഉപയോഗിക്കാം?

ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍: ബാങ്കിന്റെ റിവാര്‍ഡ് കാറ്റലോഗിലുള്ള ഇലക്ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക്.

ഷോപ്പിങ്: ബാങ്കിന്റെ പങ്കാളികളായ കടകളിലും ഓണ്‍ലൈന്‍ ഷോപ്പിങ് വൗച്ചറുകള്‍ വാങ്ങാനും.

യാത്ര: വിമാന ടിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയവയ്ക്ക്.

ഭക്ഷണവും വിനോദവും: പങ്കാളികളായ റെസ്റ്റോറന്റുകളിലും മറ്റ് സേവനങ്ങളിലും.

പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കാലാവധി പരിശോധിക്കുക: ഉപയോഗിക്കാതെ കിടക്കുന്ന പോയിന്റുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ അവയുടെ കാലാവധി ശ്രദ്ധിക്കുക.

2. റിഡംപ്ഷന്‍ മൂല്യം താരതമ്യം ചെയ്യുക: വൗച്ചര്‍, ഉല്‍പ്പന്നം, സ്റ്റേറ്റ്മെന്റ് ക്രെഡിറ്റ് തുടങ്ങിയ ഓപ്ഷനുകളില്‍ ഏതിനാണ് കൂടുതല്‍ മൂല്യം ലഭിക്കുന്നതെന്ന് പരിശോധിക്കുക.

3. റിഡംപ്ഷന്‍ ചാര്‍ജ് അറിയുക: ചില ബാങ്കുകള്‍ പോയിന്റുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.

4. അനാവശ്യമായി സാധനങ്ങള്‍ വാങ്ങരുത്: പോയിന്റുകള്‍ നഷ്ടപ്പെടാതിരിക്കാനായി ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് സാമ്പത്തികമായി ബുദ്ധിയല്ല. പോയിന്റുകളുടെ പേരില്‍ അധികം ചെലവഴിക്കരുത്.

5. ബാങ്കിന്റെ നിബന്ധനകള്‍ വായിക്കുക: കുറഞ്ഞത് എത്ര പോയിന്റ് വേണം, എത്ര പോയിന്റ് ഉപയോഗിക്കാം, ഏത് ഇടപാടുകള്‍ക്ക് പോയിന്റുകള്‍ ലഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ഓരോ കാര്‍ഡിലും വ്യത്യസ്തമായിരിക്കും.

6. ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യമായി അടയ്ക്കുക: റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കാനായി കാര്‍ഡ് ഉപയോഗിച്ചിട്ട് ബില്‍ കൃത്യസമയത്ത് അടയ്ക്കാതിരുന്നാല്‍ പലിശയും മറ്റു ചാര്‍ജുകളും വരാം. ലഭിക്കുന്ന റിവാര്‍ഡിനേക്കാള്‍ വലിയ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിക്കാം.

reward points on your card? How can you make use of them? Things to keep in mind

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വനിതാ അറ്റൻഡർ, ഫാർമസിസ്റ്റ് ഒഴിവുകൾ; ഹോമിയോ വകുപ്പിന് കീഴിൽ ജോലി നേടാം

'കുറേ കൊടികൾ കണ്ടപ്പോൾ, രാഷ്ട്രീയ സമ്മേളനം പോലെ തോന്നി, ധനുഷ് അഭിനയം നിർത്തരുത്'; അഭ്യൂഹങ്ങൾക്ക് പിന്നാലെ സായ് പല്ലവി

'എനിക്കുള്ള അരിമണി എനിക്കുതന്നെ വരും; ഞാനിവിടെ ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ട്': അനുശ്രീ

"വീട്ടമ്മമാര്‍ ജാഗ്രതൈ...!!!"; കണ്ണൂരില്‍ വയോധികയ്ക്ക് ലിഫ്റ്റ് നല്‍കി മാലപൊട്ടിച്ചു