മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ റാലി. ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമായതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിക്ക് കരുത്തായത്. കരാറിന്റെ ഭാഗമായി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 18 ശതമാനമായി അമേരിക്ക കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം സെന്‍സെക്‌സ് 2000ലധികം പോയിന്റ് ആണ് വര്‍ധിച്ചത്. നിഫ്റ്റി 25,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് അരികില്‍ എത്തി.
വ്യാപാരത്തിനിടെ സെന്‍സെക്‌സ് 4000ലധികം പോയിന്റ് ഉയര്‍ന്നിരുന്നു. എന്നാല്‍ ലാഭമെടുപ്പ് വില്ലനാവുകയായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റദിനം നിഫ്റ്റി ഇത്രയുമധികം ഉയരുന്നത്. രൂപ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിച്ചത്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഒഎന്‍ജിസി, ഐടിസി ഓഹരികള്‍ നഷ്ടം നേരിട്ടു. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. ഇന്ന് ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിന്റെ പാതയിലാണ്. എണ്ണവില കുറഞ്ഞതും വിപണിക്ക് കരുത്തായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates