മുംബൈ: ഉച്ചവരെ വലിയ ചലനമില്ലാതിരുന്ന ഓഹരി വിപണി ക്ലോസിങ്ങിനോടടുത്തപ്പോള്‍ കനത്ത ഇടിവ് നേരിട്ടു. ഒടുവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 893 പോയിന്റ് നഷ്ടത്തോടെയും നിഫ്റ്റി 279 പോയിന്റ് ഇടിവോടെയുമാണ് ക്ലോസ് ചെയ്തത്. നിക്ഷേപകരുടെ ആസ്തിയില്‍ നിന്ന് 5.77 ലക്ഷം കോടിയാണ് ഒലിച്ചുപോയത്.
കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം കാഴ്ച വെച്ച സെന്‍സെക്‌സ് 76,200ലേക്കാണ് കൂപ്പുകുത്തിയത്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 23,850 ലെവലിന് താഴെ പോയി. ഇന്‍ഫോസിസ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ബിഇഎല്‍, അദാനി പോര്‍ട്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏകദേശം 3.5 ശതമാനത്തിന്റെ ഇടിവാണ് ഈ കമ്പനികള്‍ നേരിട്ടത്. ആഗോള വിപണികള്‍ നഷ്ടം നേരിട്ടത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഇതിന് പുറമേ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമെന്ന സൂചനകളും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. ഇത്തരത്തില്‍ പലിശനിരക്ക് കൂട്ടിയാല്‍ അത് ഡോളര്‍ ശക്തിപ്പെടാന്‍ ഇടയാക്കും. അങ്ങനെ വന്നാല്‍ രൂപ വീണ്ടും ദുര്‍ബലമാകുമെന്ന ചിന്തകളും വിപണിയില്‍ പ്രതിഫലിച്ചു.
ഐടി ഓഹരികളില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ സ്വാധീനിച്ചു. ടെക്‌നോളജി രംഗത്ത് എഐ പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും ഐടി കമ്പനികളുടെ വരുമാനത്തില്‍ ഉണ്ടായ ഇടിവുമാണ് ഐടി ഓഹരികളെ ബാധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും ഓഹരി വിപണിയെ നേരിട്ടു ബാധിച്ചു. കഴിഞ്ഞയാഴ്ച മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഉണ്ടായ ലാഭമെടുപ്പും വിപണിയില്‍ പ്രതിഫലിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates