ഉപരിപഠനം ഉള്‍പ്പെടെ പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്ത മാതാപിതാക്കള്‍ ആരും ഉണ്ടാവില്ല. ഭാവി സുരക്ഷിതമാക്കാന്‍ എവിടെ നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന ചിന്തയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. കുട്ടികള്‍ക്കു വേണ്ടിയുള്ള സമ്പാദ്യ പദ്ധതികള്‍ താരതമ്യേന കുറവാണെങ്കിലും സുകന്യ സമൃദ്ധി യോജന, പിപിഎഫ്, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയെല്ലാം മികച്ച നേട്ടം നല്‍കുന്നവയാണ്.
സുകന്യ സമൃദ്ധി യോജനയും പിപിഎഫും സുരക്ഷിത നിക്ഷേപമാര്‍ഗങ്ങളാണ്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ റിസ്‌ക് ഉണ്ട്. എന്നാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായതിനാല്‍ ഭാവി മുന്നില്‍ കണ്ട് നിക്ഷേപിച്ചാല്‍ മറ്റു നിക്ഷേപ പദ്ധതികളെക്കാള്‍ കൂടുതല്‍ നേട്ടം മ്യൂച്ചല്‍ ഫണ്ട് വഴി സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
വര്‍ദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകളും മറ്റും സാമ്പത്തിക ആസൂത്രണത്തെ കൂടുതല്‍ നിര്‍ണ്ണായകമാക്കുന്നു. അതിനാല്‍ ദീര്‍ഘകാല സമ്പാദ്യ പദ്ധതികള്‍ക്കാണ് മാതാപിതാക്കള്‍ പ്രാധാന്യം നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്നും നിശ്ചിത തുക എല്ലാ മാസവും മാറ്റി വെച്ചാല്‍ കുട്ടികള്‍ വലുതാവുമ്പോഴേക്കും അവരുടെ ആവശ്യങ്ങള്‍ക്ക് വലിയൊരു കോര്‍പ്പസ് ഉണ്ടാക്കാന്‍ സാധിക്കും.
സുകന്യ സമൃദ്ധി യോജന:
2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഈ പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.
നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ കാലാവധി പൂര്‍ത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അതായത് അക്കൗണ്ട് കൈവശമുള്ള പെണ്‍കുട്ടിക്ക് ജീവന് ഭീഷണിയായ ഒരു രോഗം മൂലം ചികിത്സ ആവശ്യമായി വന്നാലോ, അക്കൗണ്ട് നടത്തുന്ന രക്ഷിതാവ് മരണപ്പെട്ടാലോ നേരത്തെ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ അനുവാദമുണ്ട്.
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്):
ഈ സ്‌കീമില്‍ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപിക്കാം. കുട്ടികളുടെ ഭാവിക്ക് വേണ്ടി മാതാപിതാക്കള്‍ക്കും പിപിഎഫില്‍ നിക്ഷേപം തുടങ്ങാം. പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്കാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. ഈ സ്‌കീമില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതൊരു ദീര്‍ഘകാല പദ്ധതിയാണ്.
ആദ്യത്തെ 15 വര്‍ഷം വരെ ലോക്ക്-ഇന്‍- പിരിയഡായിരിക്കും. പക്ഷേ, നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെ ഓരോ ബ്ലോക്കുകളാക്കി കാലാവധി നീട്ടാം. ഇത് വരുമാനം വര്‍ദ്ധിക്കാന്‍ കാരണമാവുന്നു. നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി വകുപ്പ് സെക്ഷന്‍ 80 സി പ്രകാരം ഇളവുകളും ലഭിക്കും.
മ്യൂച്വല്‍ ഫണ്ട്:
ഈ രണ്ട് നിക്ഷേപങ്ങളില്‍ നിന്നും വ്യത്യസ്തമായി വിപണിയുമായി ബന്ധപ്പെട്ട പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് അപകട സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 12 ശതമാനം റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ അത് 13 ശതമാനം, 14 ശതമാനം അല്ലെങ്കില്‍ അതിന് മുകളിലേക്കും ഉയര്‍ന്നേക്കാം.
പക്ഷേ വിപണിയിലെ അസ്ഥിരത കാരണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ പല മാതാപിതാക്കളും മടിക്കുന്നു. വിപണിയില്‍ ഇടിവുണ്ടാവുമ്പോള്‍ പലരും നിക്ഷേപം നിര്‍ത്തുന്നതിനാലാണ് നഷ്ടം സംഭവിക്കുന്നത്. തുടര്‍ച്ചയായി നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ വലിയ തുകയായിരിക്കും കോര്‍പ്പസായി ലഭിക്കുന്നത്.
കുട്ടികളുടെ ഭാവി മുന്നില്‍ കണ്ട് നിക്ഷേപത്തില്‍ വൈവിധ്യവല്‍ക്കരണം നടത്തുന്നത് നല്ലതാണ് എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഒരു നിശ്ചിത തുക വീതം മൂന്ന് പദ്ധതികളിലേക്കും നീക്കിവെച്ചാല്‍ ഭാവിയില്‍ വലിയ കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. ഉദാഹരണമായി വിപണിയില്‍ ഇടിവ് ഉണ്ടായാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം വഴി ഉണ്ടാവാന്‍ ഇടയുള്ള നഷ്ടം സുകന്യ സമൃദ്ധി യോജന, പിപിഎഫ് എന്നിവ വഴി നികത്താന്‍ കഴിയും. എന്നാല്‍ നിക്ഷേപം പിന്‍വലിക്കുന്ന സമയത്ത് വിപണിയില്‍ കുതിച്ചുചാട്ടമാണെങ്കില്‍ വലിയ തുക സമ്പാദിക്കാന്‍ മ്യൂച്ചല്‍ ഫണ്ട് സഹായിക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates