മുംബൈ: കഴിഞ്ഞയാഴ്ച വലിയ മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് കാര്യമായ ചലനമില്ല. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് ഓഹരി വിപണി. കഴിഞ്ഞയാഴ്ച വിപണിയില്‍ റാലിയാണ് ദൃശ്യമായത്. അതിനാല്‍ ഒരു ഇടിവ് ഉണ്ടാവുമോ എന്ന ആശങ്കയില്‍ കരുതലോടെയാണ് നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നത്.
ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ സണ്‍ഫാര്‍മ, ട്രെന്‍ഡ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എന്‍ടിപിസി ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. അതേസമയം എണ്ണവില കുറവാണെന്നത് വിപണിക്ക് അനുകൂലമാകുന്നുണ്ട്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. ആഗോള വിപണിയില്‍ എണ്ണവില ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ ഇന്ധനവിലയും പാചകവാതക വിലയും കുറയ്ക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. തിങ്കളാഴ്ച സെന്‍സെക്‌സ് 291 പോയിന്റിന്റെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ആറു പൈസയുടെ നഷ്ടം. 94.69ലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ 30 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates