ന്യൂഡല്‍ഹി: വാഹന പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ വാഹനമായ കര്‍വിന്റെ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്. പെട്രോള്‍ വേരിയന്റിന്റെ അടിസ്ഥാന വില 9.99 ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന് അല്‍പ്പം കൂടും. 11.49 ലക്ഷം രൂപയാണ് അടിസ്ഥാന വില. നവംബര്‍ മുതല്‍ വില വര്‍ധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് പതിപ്പ് ഇറക്കി ഒരു മാസത്തിന് ശേഷമാണ് പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ പതിപ്പുകള്‍ (internal combustion engine-ice) കമ്പനി അവതരിപ്പിച്ചത്. എട്ട് വേരിയന്റുകളിലും ആറ് കളര്‍ ഓപ്ഷനുകളിലും ടാറ്റ കര്‍വ് ഐസിഇ വാഗ്ദാനം ചെയ്യും.
ഇലക്ട്രിക് പതിപ്പിന്റെ രൂപകല്പനയോട് ഏറെ കുറെ സമാനമാണ് കര്‍വ് ഐസിഇയുടെ രൂപകല്‍പ്പന. എയര്‍ വെന്റുകള്‍ക്കൊപ്പമുള്ള ഫ്രണ്ട് ഗ്രില്ലിലാണ് വ്യത്യാസം. കൂപ്പെ എസ് യുവി രൂപഭാവത്തിലാണ് വാഹനം.
ഇലക്ട്രിക് പതിപ്പിന് സമാനമായി ആകര്‍ഷകമായ ഇന്റീരിയറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിലുള്ളതിന് സമാനമായി 4-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ഉണ്ട്. ഡാഷ്ബോര്‍ഡിന്റെ നീളത്തില്‍ ലൈറ്റിംഗിന്റെ സ്ട്രിപ്പ് ആണ് കൂപ്പെ എസ്യുവിയുടെ മറ്റൊരു പ്രത്യേകത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്യാബിന് ലഭിക്കുന്നു. 9-സ്പീക്കര്‍ JBL ഓഡിയോ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എയര്‍ പ്യൂരിഫയര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയുമുണ്ട്. ആറ് എയര്‍ബാഗുകള്‍ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. എഡിഎഎസ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
രണ്ട് ടര്‍ബോ പെട്രോള്‍ യൂണിറ്റുകളും ഒരു ഡീസല്‍ എന്‍ജിനുമാണ് കര്‍വ് ഐസിഇയില്‍ ഉള്‍പ്പെടുന്നത്. 118 bhp കരുത്തും 170 Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 123 bhp കരുത്തും 225 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ T-GDI ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ എന്നിവയാണ് പെട്രോള്‍ വിഭാഗത്തില്‍. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 113 bhp കരുത്തും 260 Nm torque ഉം ഉല്‍പ്പാദിപ്പിക്കുന്നു. മൂന്ന് എന്‍ജിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ചോടെയാണ് വരുന്നത്. ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ആദ്യത്തെ ഡീസല്‍ കാറായി ഇത് മാറും.
സിട്രോണ്‍ ബസാള്‍ട്ട്, ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റര്‍, സ്‌കോഡ കുഷാക്ക്, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗണ്‍ എന്നിവയ്ക്കെതിരെയാണ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളുള്ള ടാറ്റ കര്‍വ് മത്സരിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates