പ്രതീകാത്മക ചിത്രം 
Business

ലോൺ ആപ്പുകളുടെ ഇരുണ്ട ലോകം, സ്വകാര്യത നഷ്ടപ്പെടുന്ന ചതിക്കുഴികൾ; എങ്ങനെ രക്ഷപ്പെടാം 

സംശയാസ്പദമായ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ 2021ല്‍ 61 ആയിരുന്നത് 2022ല്‍ 900 ആയി ഉയര്‍ന്നു

സ്നിഗ്ധ പൂനം

'ഹരിഹരന്റെ അടുത്ത സുഹൃത്ത് ഇനി അവനോട് സംസാരിക്കില്ല'. കഴിഞ്ഞ വര്‍ഷം ഒരു പുതിയ ജോലിയില്‍ പ്രവേശിച്ച് അവിടെ തുടരാന്‍ തീരുമാനിച്ച, മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ കൂടിയ ഹരിഹരന്‍, ചെന്നൈയിലേക്ക് താമസം മാറിയത് കാരണവും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത് മൂലവും ഉണ്ടായ അധിക ചെലവുകള്‍ നിമിത്തം ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നേരിട്ടത്.

ഹരിഹരന്റെ ക്രെഡിറ്റ് സ്‌കോര്‍ വളരെ കുറവായിരുന്നു. ഒരു ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം. അപ്പോഴാണ് 60 ദിവസത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയെന്ന വാഗ്ദാനവുമായി ഒറ്റ ക്ലിക്കില്‍ തന്നെ വായ്പ നല്‍കുന്ന ഒരു ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് കണ്ടത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കി. 15,000 രൂപയുടെ വായ്പയാണ് എടുത്തത്.

മിനിറ്റുകള്‍ക്കകം ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 രൂപ ക്രെഡിറ്റ് ചെയ്തു. 6000 രൂപ പ്രോസസിങ് ഫീസായി ഈടാക്കി. പണം കിട്ടിയതില്‍ സന്തോഷവാനായ ഹരിഹരന്‍ അടുത്ത ശമ്പളം വരുമ്പോള്‍ അത് തിരികെ നല്‍കാനാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ തന്റെ സമയം കടന്നുപോകുന്നത് അവനറിഞ്ഞില്ല.

'ആറാം ദിവസം, ഒരു അജ്ഞാത നമ്പറില്‍ നിന്ന് എനിക്ക് ഒരു ടെക്‌സ്റ്റ് മെസേജ് ലഭിച്ചു, നിങ്ങള്‍ ഇപ്പോള്‍ തന്നെ 15,000 രൂപ നല്‍കണം, അയച്ചയാള്‍ ഒരു ഓണ്‍ലൈന്‍ പണമിടപാടിനുള്ള ലിങ്കും അയച്ചു തന്നു. പണം അടയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പിന്നാലെ ഒരു ഫോണ്‍ കോളും വന്നു. കൂടുതല്‍ ഭീഷണികള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ ഹരിഹരന്‍ വിവിധ വഴികളിലൂടെ പണം കണ്ടെത്താന്‍ ആരംഭിച്ചിരുന്നു. യഥാര്‍ഥത്തില്‍ എന്റെ തിരിച്ചടവ് തീയതി അടുത്ത മാസമാണെന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു, എന്നാല്‍ അയാള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. പണം തിരിച്ചടയ്ക്കാന്‍ രണ്ടു ദിവസം കൂടി സമയം തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അഭ്യര്‍ഥന മാനിക്കുന്നതിന് പകരം റിക്കവറി ഏജന്റ് വാട്ട്സ്ആപ്പിലൂടെ ഒരു ഇമേജ് ഫയല്‍ അയച്ചു തന്നു' - ഹരിഹരന്‍ പറയുന്നു.

ഹരിഹരന് വാട്‌സ്ആപ്പില്‍ കണ്ടത് വിശ്വസിക്കാനായില്ല. 'എനിക്ക് പരിചയമില്ലാത്ത ഒരു സ്ത്രീയുമായി ഞാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഫോട്ടോയായിരുന്നു അത്. സൂം ചെയ്ത് നോക്കിയപ്പോള്‍ എന്റെ മുഖം മറ്റൊരാളുടെ ശരീരത്തില്‍ ഒട്ടിച്ചിരിക്കുന്നതായി കണ്ടു. വായ്പ കിട്ടാന്‍ എന്റെ ഫോണിന്റെ ക്യാമറയിലേക്ക് ആക്സസ് നല്‍കിയതിന് ശേഷം ആപ്പ് റെക്കോര്‍ഡ് ചെയ്ത അതേ ഫോട്ടോ ആയിരുന്നു അത്. മോര്‍ഫ് ചെയ്ത ചിത്രത്തിന് താഴെ, അവര്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ ഒരു കുറിപ്പും എഴുതിയിരുന്നു, എന്താണ് അടുത്തതായി ചെയ്യേണ്ടതെന്ന് ചിന്തിക്കുന്നതിന് മുമ്പ്, എന്റെ ഫോണിലെ പ്രധാന കോണ്‍ടാക്റ്റുകളിലേക്ക് വാട്‌സ്ആപ്പ് വഴി അവര്‍ ചിത്രം പങ്കുവെച്ചതായി മനസിലായി. അജ്ഞാത നമ്പറില്‍ നിന്നാണ് ചിത്രം അയച്ചിരിക്കുന്നത്.എന്റെ ഭാര്യ, എന്റെ സഹപ്രവര്‍ത്തകര്‍, എന്റെ അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ക്കെല്ലാം ഫോട്ടോ ലഭിച്ചു.'- ദുരനുഭവം വിവരിച്ച് കൊണ്ടുള്ള ഹരിഹരന്റെ വാക്കുകള്‍. ( ഇതൊരു ഉദാഹരണം മാത്രം)

കഴിഞ്ഞ രണ്ട് വര്‍ഷമായി, ഇന്ത്യന്‍ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇത്തരം സംശയാസ്പദമായ ആപ്പുകളില്‍ നിന്ന് വേഗത്തില്‍ വായ്പ ലഭിക്കുമെന്ന് വിശ്വസിച്ച് കടമെടുത്ത ആയിരങ്ങളാണ് പ്രത്യാഘാതങ്ങള്‍ നേരിട്ടത്. നാഷണല്‍ ക്രൈം റിപ്പോര്‍ട്ടിംഗ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, സംശയാസ്പദമായ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ 2021ല്‍ 61 ആയിരുന്നത് 2022ല്‍ 900 ആയി ഉയര്‍ന്നു.

ഈ ആപ്പുകളില്‍ ചുരുക്കം ചിലതിന് മാത്രമേ പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റുകള്‍ ഉള്ളൂ. പ്ലേ സ്‌റ്റോറില്‍ നല്‍കിയിരിക്കുന്ന ഇ-മെയിലുകളും ഫോണ്‍ നമ്പറുകളും തേടി പോയാല്‍ മിക്കവാറും ലഭ്യമല്ല അല്ലെങ്കില്‍ നിലവിലില്ല എന്നാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ ആപ്പുകള്‍ക്ക് പൊതുവായി ഒരു കാര്യമുണ്ട്. ചൈനയിലേക്കുള്ള ഒരു ലിങ്ക്. അവ അവിടെ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണോ, രാജ്യത്തെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്തതാണോ അല്ലെങ്കില്‍ ചൈനയില്‍ തുറന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പോകുന്നതാണോ. അത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

ഇന്ത്യക്കാരില്‍ പലരും പ്രാദേശിക പണമിടപാടുകാര്‍ മുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ വരെയുള്ള ഏതെങ്കിലും സ്രോതസ്സില്‍ നിന്നുള്ള കടത്തെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കടബാധ്യതയുടെ തോത് വര്‍ദ്ധിപ്പിച്ചു. പ്രത്യേകിച്ച് നഗരങ്ങളിലെ താഴ്ന്ന വരുമാനക്കാര്‍ക്കിടയില്‍. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ചുരുക്കം ചില സാമൂഹിക സേവനങ്ങള്‍ അവരെ മുന്നോട്ട് നയിച്ചു. മേല്‍വിലാസവും വരുമാനവും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലാത്ത കാരണത്താല്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് പലപ്പോഴും ബാങ്ക് വായ്പയ്ക്കായി സമീപിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അവരില്‍ പലരും മൊബൈല്‍ ഫോണുകളിലേക്ക് തിരിയുന്നു. 409 ജില്ലകളിലായി 27,500 ആളുകളില്‍ ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ നടത്തിയപ്പോള്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുറഞ്ഞത് 14 ശതമാനം ഇന്ത്യന്‍ പൗരന്മാരെങ്കിലും ഉടന്‍ തന്നെ വായ്പ ലഭിക്കുന്നതിനായി ഇത്തരം സംശയാസ്പദമായ ഇന്‍സ്റ്റ്ന്റ് ആപ്പുകളെ ആശ്രയിച്ചതായി കണ്ടെത്തി.

അപേക്ഷയിന്മേല്‍ അഞ്ചുമിനിറ്റിനകമാണ് ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന ഇത്തരം ഇന്‍സ്റ്റന്റ് വായ്പകള്‍ അനുവദിക്കുന്നതെന്ന് പരാതിക്കാര്‍ പറയുന്നു. എന്നാല്‍ ആ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍ണായകമായ ചിലത് സംഭവിക്കുന്നു. ആപ്പ് ഉപയോക്താവിനോട് അവരുടെ ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റ്, ലൊക്കേഷന്‍, ക്യാമറ, മൈക്രോഫോണ്‍, ഫയലുകള്‍, ഇമേജ് ഗാലറി, ടെക്സ്റ്റ് മെസേജുകള്‍ എന്നിവ ആക്സസ് ചെയ്യാന്‍ അനുമതി ചോദിക്കുന്നു. ഇല്ല എന്ന് പറയുന്നത് ഒരു ഓപ്ഷനല്ല. കാരണം അങ്ങനെ ചെയ്യുന്നത് വായ്പ നടപടിയുടെ അടുത്ത ഘട്ടത്തിലേക്ക് പോകുന്നതില്‍ നിന്ന് ഉപയോക്താവിനെ തടയുന്നു. ഉപയോക്താവ് പിന്നീട് ഒരു വായ്പ തുക തെരഞ്ഞെടുത്ത് സര്‍ക്കാര്‍ നല്‍കിയ വ്യക്തിഗതവും സാമ്പത്തികവുമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അപ്ലോഡ് ചെയ്യുന്നു. പരിശോധന പൂര്‍ത്തിയാക്കാന്‍, ഒന്നുകില്‍ ഒരു മഗ്ഷോട്ട് ( ഫോട്ടോ) എടുക്കാനോ ഒരു സെല്‍ഫി വീഡിയോ റെക്കോര്‍ഡ് ചെയ്യാനോ ആപ്പിനെ അനുവദിക്കുന്നതോടെയാണ് തട്ടിപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ എത്തുന്നത്. മിക്ക ആളുകളും വായിക്കാതെ ഒപ്പിടുന്ന നിബന്ധനകളും വ്യവസ്ഥകളുമാണ് കുരുക്ക് മുറുക്കുന്നത്. ഡാറ്റയിലേക്ക് പൂര്‍ണ ആക്‌സസിന് ആപ്പിന് ഉപയോക്താവ് അനുമതി നല്‍കിയിരിക്കുന്നു എന്നാണ് പ്രമാണത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 ശതമാനം പേരും തങ്ങളോ അവരുടെ കുടുംബത്തിലോ വീട്ടിലോ ഉള്ള മറ്റൊരെങ്കിലുമൊക്കെയോ ലോണ്‍ ആപ്പിന്റെ പ്രത്യാഘാതം നേരിട്ടവരാണ്. ഇവരുടെ വ്യക്തിഗത വിവരങ്ങളാണ് ആപ്പുകള്‍ ദുരുപയോഗം ചെയ്തത്.  2020 ഡിസംബറില്‍, മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട സോഫ്റ്റ് വെയര്‍ എന്‍ജിനീയറും ഹൈദരാബാദ് സ്വദേശിയുമായ 28 കാരന് ലോണ്‍ ആപ്പിന്റെ കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നു. 28കാരന്റെ അടുത്ത കോണ്‍ടാക്റ്റുകള്‍ തെരഞ്ഞെടുത്ത് ലോണ്‍ റിക്കവറി ഏജന്റുമാര്‍ സൃഷ്ടിച്ച ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ യുവാവിനെ അപമാനിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. അതിനുശേഷവും വായ്പ നല്‍കുന്ന ആപ്പുകളില്‍ നിന്ന് അപമാനം നേരിട്ടതിനെത്തുടര്‍ന്ന് 60ലധികം ആളുകളാണ് ജീവനൊടുക്കിയത്. അവരില്‍ ചിലര്‍ ജീവിതം അവസാനിപ്പിക്കുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ച് തങ്ങള്‍ നേരിട്ട ദുരനുഭവം ലോകത്തെ അറിയിച്ചു. പീഡനം അനിയന്ത്രിതമായി തുടരുന്നതിനാല്‍, ഡിജിറ്റല്‍ വായ്പ നല്‍കുന്നവര്‍ ഉപയോഗിക്കുന്ന വായ്പാ പണം തിരിച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന രീതികള്‍ക്കെതിരെ ഇരകള്‍ അണിനിരക്കാന്‍ തുടങ്ങിയിട്ടുണ്ട്.

തന്റെ അശ്ലീലചിത്രം ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം, ഹരിഹരന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ആപ്പിനെതിരെയും റിക്കവറി ഏജന്റുമാര്‍ക്കെതിരെയും പരാതി നല്‍കി.  അതിനുശേഷം കോളുകള്‍ നിലച്ചതായി ഹരിഹരന്‍ പറയുന്നു. 'പക്ഷേ ഭയവും ഉത്കണ്ഠയും വിട്ടുമാറിയിട്ടില്ല. അപ്പോഴാണ് മഹാമാരിയുടെ ആദ്യ നാളുകള്‍ മുതല്‍ 150 ആപ്പുകളില്‍ നിന്ന് വായ്പ എടുത്ത ഒരു സുഹൃത്ത് ആപ്പിന്റെ പീഡനത്തിന് ഇരയായവരെ സഹായിക്കാന്‍ രൂപംകൊണ്ട ഒരു സപ്പോര്‍ട്ട് ഗ്രൂപ്പിനെക്കുറിച്ച് എന്നോട് പറഞ്ഞത്. അന്നുതന്നെ നീതിക്ക് വേണ്ടി ഡാറ്റാ സ്വകാര്യതയ്ക്കും സംരക്ഷണത്തിനും വേണ്ടി പ്രചാരണം നടത്തുന്ന സര്‍ക്കാരിതര സംഘടനയായ സേവ് ദം ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു.'- ഹരിഹരന്‍ പറയുന്നു.

സമാനമായ രീതിയില്‍  വായ്പാ പീഡനം നേരിട്ട സാമൂഹിക പ്രവര്‍ത്തകന്‍ പ്രവീണ്‍ കലൈശെല്‍വനാണ് സംഘടന ആരംഭിച്ചത്. '2020 മാര്‍ച്ച് 10-ന്, ഞാന്‍ CashBeanല്‍ നിന്ന് 15,000 രൂപ വായ്പ എടുത്തു. ഞാന്‍ അത് കൃത്യസമയത്ത് തിരിച്ചടയ്ക്കാന്‍ പോകുകയായിരുന്നു. എന്നാല്‍ തിരിച്ചടവിനുള്ള സമയം ആകുന്നതിന് മുന്‍പ് പിതാവിന് വായ്പ റിക്കവറിയുമായി ബന്ധപ്പെട്ട് ഒരു കോള്‍ വന്നു. ഒരു ട്വിറ്റര്‍ ഹാഷ്ടാഗില്‍ നിന്ന് ലോണ്‍ ആപ്പുകള്‍ സ്വീകരിക്കുന്ന കൊള്ളയടിക്കല്‍ തന്ത്രങ്ങള്‍ക്കെതിരെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന ഒന്നായി SaveThem India Foundation പരിണമിച്ചു. ഇന്ന് അതിന്റെ 80 വോളന്റിയര്‍മാര്‍ ഫോണ്‍, ഇമെയില്‍ ഹോട്ട്ലൈനുകള്‍ കൈകാര്യം ചെയ്യുന്നു. നിയമപാലകരുമായി ബന്ധപ്പെടുന്നു,സൈബര്‍ സുരക്ഷ അന്വേഷണങ്ങള്‍ നടത്തുന്നു, നയരൂപീകരണക്കാരെ ലോബി ചെയ്യുന്നു എന്നിങ്ങനെ വൈവിധ്യമാര്‍ന്ന റോളുകള്‍ നിര്‍വഹിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുറ്റവാളികളെ കണ്ടെത്താനും ഡാറ്റ സ്വകാര്യതാ നിയമങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഒന്നിലധികം കോളേജ് കാമ്പസുകളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാനും അവര്‍ സഹായിച്ചിട്ടുണ്ട്. ഹോട്ട്ലൈനുകളില്‍ ഓരോ മാസവും 400 മുതല്‍ 500 വരെ പരാതികള്‍ ലഭിക്കുന്നുണ്ട്' -കലൈശെല്‍വന്‍ പറയുന്നു.


ഈ പരാതികള്‍ ലോണ്‍ ആപ്പ് ഉപയോക്താവിന്റെ ശരാശരി പ്രൊഫൈലിനെ കുറിച്ച് ധാരണ നല്‍കി. അവര്‍ 22നും 50നും ഇടയില്‍ പ്രായമുള്ളവരായിരുന്നു.  ഇവരില്‍ ഭൂരിഭാഗവും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയില്‍ ബ്ലൂ കോളര്‍ ജീവനക്കാരില്‍ 65 ശതമാനത്തിലധികം പേര്‍ക്കും പ്രതിമാസ ശമ്പളം 15,000 രൂപയില്‍ താഴെയാണ്. വേഗത്തില്‍ എങ്ങനെ വായ്പ നേടാമെന്ന് ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ അവരില്‍ ഭൂരിഭാഗവും വായ്പ നല്‍കുന്ന ആപ്പുകളില്‍ ചെന്ന് വീഴുകയാണ്. സാധാരണയായി മാസത്തില്‍ 20-നോ 21-നോ അവരുടെ ശമ്പളം തീര്‍ന്നുപോകുമ്പോഴാണ് വായ്പ തേടുന്നതെന്നും കലൈശെല്‍വന്‍ പറയുന്നു.

വായ്പയുടെ വലിയൊരു ഭാഗം തിന്നുതീര്‍ക്കുന്ന പ്രോസസ്സിംഗ് ഫീസില്‍ നിന്നാണ് ചൂഷണം ആരംഭിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മുഴുവന്‍ തുകയും തിരിച്ചടയ്ക്കാന്‍ ലോണ്‍ ആപ്പുകള്‍ വായ്പക്കാരോട് ആവശ്യപ്പെടും. ആറാം ദിവസം മുതലാണ് ഉപദ്രവം ആരംഭിക്കുന്നത്. തുടര്‍ന്ന് പിഴകള്‍ ചുമത്താന്‍ തുടങ്ങും. ഏഴു ദിവസത്തിനുള്ളില്‍ വായ്പ പൂര്‍ണ്ണമായും തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ ദുരുപയോഗത്തിന്റെയും ബ്ലാക്ക് മെയിലിങ്ങിന്റെയും ഒരു ചുഴിയിലേക്ക് വലിച്ചെറിയപ്പെടും. അത് മാസങ്ങളോളം തുടരാം.ഒരു ഉപയോക്താവ് പണം തിരിച്ചടച്ചുകഴിഞ്ഞാലും ഉപദ്രവം അവസാനിക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ ആപ്പുകള്‍ പണം തട്ടിയതായി ഇരകള്‍ പരാതിപ്പെട്ട ശേഷവും ചൂഷണം തുടരുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്' -കലൈശെല്‍വന്‍ ഓര്‍മ്മപ്പെടുത്തി.

ഒരു ഉപയോക്താവിന്റെ മുഴുവന്‍ കോണ്‍ടാക്ടുകളും ലഭിച്ചതിന് ശേഷം അച്ഛന്‍, സഹോദരി തുടങ്ങി അടുപ്പമുള്ളവരെ കണ്ടെത്തി, ഏജന്റുമാര്‍ ആദ്യം ഇവര്‍ക്കാണ് ഉപയോക്താവിന്റെ അപകീര്‍ത്തികരമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും അടങ്ങിയ സന്ദേശങ്ങള്‍ അയക്കുക. കടം വാങ്ങിയയാളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കത്തോടൊപ്പം അശ്ലീല ചിത്രവും അടങ്ങുന്നതാണ് സന്ദേശങ്ങള്‍.

2022ല്‍, പൂനെയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഹിലാരി എന്ന സ്ത്രീയുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒരു അജ്ഞാത നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ്  വഴി ഒരു ചിത്രം ലഭിച്ചു. 'എന്റെ ചിത്രത്തില്‍ ആരോ ചുവന്ന അക്ഷരത്തില്‍ ടൈപ്പ് ചെയ്തിരിക്കുന്നു. അശ്ലീല വീഡിയോകളില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ മൊബൈല്‍ നമ്പറും ചുവടെ നല്‍കിയിട്ടുണ്ട്'- ഹിലാരി പറയുന്നു. തന്റെ പ്രസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി പ്ലേ സ്റ്റോറിലെ വിവിധ ലോണ്‍ ആപ്പുകളില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് എടുത്തത്. തന്റെ അശ്ലീല ചിത്രം ചോര്‍ന്നതിനെ തുടര്‍ന്ന് ഫോണ്‍ അനുമതികളും വ്യക്തിഗത രേഖകളും ആപ്പുകള്‍ക്ക് കൈമാറിയതില്‍ ഹിലാരി ഖേദം പ്രകടിപ്പിച്ചു.ചിത്രം ചോര്‍ന്നതിന് പിന്നാലെ ഭര്‍ത്താവ് ഹിലാരിയെ ഉപേക്ഷിച്ചു പോയി.

'ബിരുദ പഠനത്തിന് ശേഷം ഞാന്‍ സംസാരിച്ചിട്ടില്ലാത്ത ഒരു സുഹൃത്ത്, ആ ഫോട്ടോ ലഭിച്ചതിന് ശേഷം എന്നെ വിളിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ മോശം അനുഭവമാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങളില്‍ പരാതിയുമായി മുന്നോട്ടുപോകുന്നതിന് പകരം വിട്ടുകളയാനാണ് അവര്‍ പറഞ്ഞത്. ലോണ്‍ ആപ്പ് ഏജന്റുമാര്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതിപ്പെടാന്‍ വെറെ കുറെ സ്ത്രീകളും പൂനെയിലെ സൈബര്‍ പൊലീസിനെ സമീപിച്ചിരുന്നു. മക്കളോടുള്ള ഉത്തരവാദിത്തം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിതം അവസാനിപ്പിക്കുമായിരുന്നു'- ഹിലാരി പറയുന്നു.

കലൈശെല്‍വനുമായുള്ള ഒരു അഭിമുഖം കാണാന്‍ ഇടയായി. തുടര്‍ന്ന് സേവ് ദം ഇന്ത്യ ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തകയാകാന്‍ തീരുമാനിച്ചു. ഇത്തരം സംഭവങ്ങളില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഇരകളെ സഹായിക്കുകയും അവരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കാനും റിക്കവറി ഏജന്റുമാര്‍ക്കെതിരെ നിലകൊള്ളാനും പിന്തുണ നല്‍കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ തന്റെ സേവനമേഖലയെന്നും ഹിലാരി പറയുന്നു. 'എന്റെ ബന്ധുവും സമാനമായ അനുഭവവുമായി എന്നെ സമീപിച്ചിട്ടുണ്ട്. അവളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെ ഇടയില്‍ ചോര്‍ന്നുവെന്ന് പറഞ്ഞാണ് എന്നെ വന്നു കണ്ടത്. അവളുടെ ഫോട്ടോയ്‌ക്കൊപ്പം അവളെ കുറിച്ച് അപകീര്‍ത്തികരമായ ഒരു പോസ്റ്റും അവര്‍ എഴുതിയിരുന്നു. അത് ഫെയ്‌സ്ബുക്കില്‍ ഒരു അപ്‌ഡേറ്റായി പങ്കുവെച്ചതായി തോന്നിപ്പിക്കുന്നവിധമാണ് നല്‍കിയിരുന്നത്' - ഹിലാരി പറയുന്നു.

ഇത്തരം ഡിജിറ്റല്‍ പണമിടപാട് ദാതാക്കള്‍ ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങളില്‍ മാറ്റം വരുത്തി, ഇതിനെ ആയുധമാക്കി മാറ്റുകയാണെന്ന് ഹൈദരാബാദിലെ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ കെവിഎം പ്രസാദ് പറയുന്നു. ''ചിലര്‍ ഒരു പുരുഷനെ മറ്റൊരു സ്ത്രീയുമായി ചേര്‍ത്തുവച്ച് അവന്റെ ഫോട്ടോയില്‍ കൃത്രിമം കാണിക്കും, ഭാര്യയുടെ ഫോട്ടോ മറ്റൊരു പുരുഷനുമായി ചേര്‍ത്ത് മോശമായി കാണിക്കും.2022 സെപ്തംബറില്‍ തെലങ്കാനയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തത് സമാനമായ ദുരനുഭവങ്ങളെ തുടര്‍ന്നാണ്. രണ്ട് ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത ഭര്‍ത്താവിനെ ഭാര്യയുടെ ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നും കെവിഎം പ്രസാദ് പറയുന്നു.

ഇന്ത്യയില്‍ ലഭ്യമായ ഒട്ടുമിക്ക വായ്പാ ആപ്പുകളും ഒരേ പോലെയുള്ളതാണ്. ഒരു വിദേശ വായ്പാ ആപ്പിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിന്, ഒരു തദ്ദേശീയ കമ്പനി തുടങ്ങണമെന്നാണ് വ്യവസ്ഥ. ഇതില്‍ ഒരു ഇന്ത്യന്‍ ഡയറക്ടര്‍ ഉണ്ടാവണം. കൂടാതെ വായ്പകള്‍ നല്‍കാന്‍ ലൈസന്‍സുള്ള ഒരു സാമ്പത്തിക സ്ഥാപനവുമായി പങ്കാളിയാകുകയും വേണം. 
നിരവധി ചൈനീസ് ലോണ്‍ ആപ്പുകള്‍ ഷെല്‍ കമ്പനികള്‍ വഴിയും ഡമ്മി ഡയറക്ടര്‍മാരെ നിയമിച്ചും ബാങ്കിങ് ഇതര ധനകാര്യ കമ്പനികള്‍ക്ക് കൈക്കൂലി നല്‍കിയും ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും പറയുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന്, നൂറുകണക്കിന് ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ഇതോടെ ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ പ്ലേ സ്റ്റോറില്‍ തുടരുന്നതിന്, അവരുടെ ഉടമസ്ഥാവകാശവും മറ്റ് തിരിച്ചറിയല്‍ വിശദാംശങ്ങളും പുറത്തറിയാതിരിക്കാന്‍ ആപ്പുകള്‍ രഹസ്യാത്മകതയുടെ തോത് വര്‍ധിപ്പിച്ചതായി സൈബര്‍ പൊലീസ് പറയുന്നു.

ഇതുമൂലം ഇരകളുടെ പരാതികളിന്മേല്‍ അന്വേഷണം വഴിമുട്ടാന്‍ ഇടയാക്കാറുണ്ട്.  'ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടപ്പോള്‍ ഡമ്മി ഡയറക്ടറാകാന്‍ ഒരാളില്‍ നിന്ന് 15,000 രൂപ വാങ്ങിയ ഒരു മോട്ടോര്‍ മെക്കാനിക്കിന്റെ ഫോണ്‍ നമ്പറാണ് ലഭിച്ചത്. പേയ്മെന്റ് വാലറ്റുകളില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെര്‍ച്വല്‍ അക്കൗണ്ടുകളിലേക്കാണ് തിരിച്ചടവ് പോകുന്നത് എന്നതിനാല്‍ മണി ട്രയല്‍ പിന്തുടരുന്നത് ഫലപ്രദമല്ല.ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ചത് ആ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പേയ്മെന്റ് വാലറ്റിനോട് ആവശ്യപ്പെടുക മാത്രമാണ്,'- പ്രസാദ് പറയുന്നു. 

മിക്ക ആപ്പുകളും ലോണുകള്‍ വീണ്ടെടുക്കാന്‍ ആഭ്യന്തര കോള്‍ സെന്ററുകളെ വാടകയ്ക്കെടുക്കുന്നു. തൊഴിലില്ലായ്മ കുതിച്ചുയരുമ്പോഴും, എല്ലാ മേഖലയിലും തേര്‍ഡ് പാര്‍ട്ടി റിക്കവറി കേന്ദ്രങ്ങളുടെ സാന്നിധ്യം, വാസ്തവത്തില്‍  ഇന്‍സ്റ്റന്റ് ലോണ്‍ മാര്‍ക്കറ്റ് വളരുന്നതിന്റെ സൂചകമാണ്. കഴിഞ്ഞ ഡിസംബറില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ പത്തുശതമാനമായി റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി. എന്നാല്‍ ലോണ്‍ റിക്കവറി ഏജന്റുമാര്‍ക്കുള്ള ഓപ്പണിംഗ് ധാരാളമാണ്. പ്രൊഫഷണല്‍ വൈദഗ്ധ്യമോ അനുഭവപരിചയമോ ഇല്ലാത്ത തൊഴിലന്വേഷകരെയാണ് ഇത് ആകര്‍ഷിക്കുന്നത്. ലോണ്‍ ആപ്പുകളുടെ വായ്പ പണം തിരിച്ചുപിടിക്കുന്ന രീതികള്‍ നിയമവിരുദ്ധമാണ്. പിടിക്കപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി ഏജന്റുമാര്‍ തമിഴ്നാട്ടിലും തിരിച്ചുമാണ് വായ്പ എടുത്തവരെ  വിളിക്കുന്നതെന്നും കലൈശെല്‍വന്‍ പറയുന്നു.

അസാധാരണമായ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ അധികാരപരിധിക്ക് പുറത്ത് ഒരു കേസ് അന്വേഷിക്കുന്നത്. എന്നിരുന്നാലും, ഈയിടെയായി, ഡല്‍ഹി, ഗുരുഗ്രാം, മുംബൈ, ചെന്നൈ, ബംഗളൂരു എന്നി നഗരങ്ങളിലെ പൊലീസ് സേനകള്‍ വര്‍ധിച്ചുവരുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി ലോണ്‍ റിക്കവറി കോള്‍ സെന്ററുകളില്‍ റെയ്ഡ് നടത്തുന്നുണ്ട്. എന്നിരുന്നാലും, റിക്കവറി ഏജന്റുമാരെ പിന്തുടരുന്നത് ബുദ്ധിമുട്ടാണ്. വായ്പ എടുക്കുന്നവരുമായി ആശയവിനിമയം നടത്താന്‍ വിളിക്കുന്നവര്‍, VPN-കള്‍, കോള്‍-സ്പൂഫിങ് ആപ്പുകള്‍ എന്നിവ പോലുള്ള മാസ്്കിങ് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചേക്കാം. 

ഗൂഗിള്‍ നയങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും നിയമ നിര്‍വ്വഹണ ഏജന്‍സികളും നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും ലംഘിച്ചതിന് പ്ലേ സ്റ്റോറില്‍ നിന്ന് വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയായിരുന്നു നടപടി.  2022-ല്‍ വ്യവസ്ഥകള്‍ ലംഘിച്ചതിന് 3,500-ലധികം വ്യക്തിഗത വായ്പാ ആപ്പുകളാണ് നീക്കം ചെയ്തത്. എന്നാല്‍ മറ്റൊരു പേരും ലോഗോയുമായി ആപ്പുകള്‍ വീണ്ടും വരുമെന്ന് പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍, ഇന്‍സ്റ്റന്റ് വായ്പയോ എന്തുമാകട്ടെ ഒരേ CRM (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്റ്) പോര്‍ട്ടലും അതേ ഇന്റര്‍ഫേസും കാണാം.

ഏപ്രില്‍ 5 ന്, വ്യക്തിഗത വായ്പകളെക്കുറിച്ചുള്ള നയത്തില്‍ ഗൂഗിള്‍ ഒരു അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഇന്ത്യയിലും ഇന്തോനേഷ്യ, നൈജീരിയ, കെനിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് നുഴഞ്ഞുകയറുന്നത് നിരോധിച്ച് കൊണ്ടുള്ളതായിരുന്നു അപ്‌ഡേഷന്‍. ആപ്പുകള്‍ ഫോട്ടോകളും കോണ്‍ടാക്റ്റുകളും പോലുള്ള സെന്‍സിറ്റീവ് ഡാറ്റ ആക്സസ് ചെയ്യുന്നതില്‍ നിന്നാണ് ഗൂഗിള്‍ നിരോധിച്ചത്. 

 ആപ്പ് സ്റ്റോറുകളില്‍ ലിസ്റ്റ് ചെയ്യാന്‍ അനുവദിക്കേണ്ട ആപ്പുകളുടെ ഒരു വൈറ്റ് ലിസ്റ്റ് തയ്യാറാക്കാന്‍ സെപ്റ്റംബറില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദേശിച്ചു. മറ്റുള്ളവരെല്ലാം ബ്ലോക്ക് ചെയ്യപ്പെടും. ഉപയോക്താക്കളും ആക്ടിവിസ്റ്റുകളും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ റെഗുലേറ്റര്‍മാരെ മറികടക്കുന്ന നിയമവിരുദ്ധ ആപ്പുകളെ കുറിച്ചുള്ള ആശങ്ക തുടരുന്നു.

ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് മെസേജ് വഴിയോ വാട്ട്സ്ആപ്പ് വഴിയോ നേരിട്ട് ഡൗണ്‍ലോഡ് ലിങ്കുകള്‍ അയയ്ക്കുന്ന ലോണ്‍ ആപ്പുകളുടെ പുതിയ പ്രവണത കലൈശെല്‍വന്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആപ്പുകള്‍ക്ക് പിന്നിലുള്ള കമ്പനികള്‍ മുമ്പ് ചെറിയ വായ്പ എടുത്ത ആളുകളുടെ ഡാറ്റാബേസുകള്‍ വാങ്ങും. ലോണിനായി അപേക്ഷിക്കാന്‍ പോലും ഉപയോക്താക്കള്‍ ആവശ്യമില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഒരു ആപ്പിന് ഉപയോക്താവിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, അവരുടെ ഏജന്റുമാര്‍ മറ്റൊരു ലിങ്ക് വഴി ഓണ്‍ലൈന്‍ പേയ്മെന്റിനായി അവരെ നേരിട്ട് ബ്ലാക്ക് മെയില്‍ ചെയ്യും. ചെന്നൈയില്‍ ഓരോ തവണ ഫോണ്‍ റിംഗ് ചെയ്യുമ്പോഴും താന്‍ ഇപ്പോഴും പേടിച്ച് വിയര്‍ക്കാറുണ്ടെന്ന് ഹരിഹരന്‍ പറയുന്നു. 

വഞ്ചനയുടെ വെബ്

കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിളിന്റെ 2022-ലെ സര്‍വേ, ലോണ്‍ ആപ്പ് തട്ടിപ്പുകളെ കുറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ചിത്രം വരച്ചുകാണിക്കുന്നു.

സര്‍വേയില്‍ പങ്കെടുത്ത 14% പേരും കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍സ്റ്റന്റ് വായ്പാ ആപ്പുകള്‍ ഉപയോഗിച്ചവരാണ്. മിക്കവരും ഉയര്‍ന്ന പലിശ നിരക്കുകളും കൊള്ളയും ഡാറ്റ ദുരുപയോഗവും നേരിട്ടവരാണ്.

സര്‍വേയില്‍ പങ്കെടുത്ത 58% പേരും തങ്ങള്‍ അല്ലെങ്കില്‍ കുടുംബത്തിലെ ആരെങ്കിലും ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പയെടുത്തപ്പോള്‍ 25 ശതമാനത്തിലധികം വാര്‍ഷിക പലിശ ഈടാക്കിയതായി പറയുന്നു

മോര്‍ഫിങ് (ഡീപ്‌ഫേക്ക്) കണ്ടെത്തല്‍

ഡീപ് ലേണിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സിമുലേഷന്റെ ചുരുക്കെഴുത്തായ ഡീപ്‌ഫേക്ക് (സിന്തറ്റിക് മീഡിയ)  യഥാര്‍ത്ഥ അല്ലെങ്കില്‍ വ്യാജ വ്യക്തിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള വ്യാജ ചിത്രമോ വീഡിയോയോ ആണ്. 

നിങ്ങള്‍ക്ക് ഇത് എങ്ങനെ കണ്ടെത്താന്‍ കഴിയും:

മോശമായി നിര്‍മ്മിച്ച ഡീപ്‌ഫേക്കുകളില്‍ ചര്‍മ്മത്തിനും മുടിക്കും ചുറ്റും മങ്ങുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വീഡിയോയിലുള്ള വ്യക്തി ഫ്രണ്ട് പ്രൊഫൈലില്‍ നിന്ന് സൈഡ് പ്രൊഫൈലിലേക്കോ തിരിച്ചും മാറുമ്പോള്‍.

ചുറ്റുമുള്ള ലൈറ്റിംഗ് അസ്വാഭാവികമായി തോന്നാം.യഥാര്‍ത്ഥ വീഡിയോയുടെ തെളിച്ചം അല്‍ഗോരിതം നിലനിര്‍ത്തുന്നു.

ഒരു മോര്‍ഫ് ചെയ്ത വീഡിയോയിലുള്ള ഒരാള്‍ കണ്ണുചിമ്മാതിരിക്കാം. ഇത് എളുപ്പത്തില്‍ കണ്ടെത്താനാകുമെന്നതിനാല്‍, അത്തരം വീഡിയോകളുടെ പല സ്രഷ്ടാക്കളും സാങ്കേതികവിദ്യ മെച്ചപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത് ഇപ്പോഴും ശ്രദ്ധിക്കേണ്ട ഒരു അടയാളമാണ്

മുഖത്തിന്റെ സവിശേഷതകള്‍ സൂക്ഷ്മമായി നോക്കുക. മുഖത്തിന് അനുയോജ്യമല്ലാത്ത പുരികങ്ങള്‍, അല്ലെങ്കില്‍ തെറ്റായ സ്ഥലത്ത് മുടി, അവരുടെ പ്രായവുമായി പൊരുത്തപ്പെടാത്ത ചര്‍മ്മം.  കണ്ണട ധരിക്കുന്നുണ്ടെങ്കില്‍, അവര്‍ നല്‍കുന്ന പ്രതിഫലനം യാഥാര്‍ത്ഥ്യമാണോ എന്ന്് പരിശോധിക്കുക.

നിലവാരം കുറഞ്ഞ ഡീപ്‌ഫേക്കുകളില്‍ ഓഡിയോയും വീഡിയോയും തമ്മിലുള്ള പൊരുത്തക്കേട് സാധാരണമാണ്

ടാര്‍ഗെറ്റിന്റെ ശബ്ദത്തില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഒരു ഹാക്കര്‍ ടെക്സ്റ്റ് ടൈപ്പ് ചെയ്യേണ്ടതിനാല്‍ സംഭാഷണം സമന്വയിപ്പിക്കാന്‍ സമയമെടുക്കും. ഇത് നീണ്ട ഇടവേളകളില്‍ കലാശിക്കുന്നു. അതോടൊപ്പം ശബ്ദം, അസാധാരണമായ സംഭാഷണ പാറ്റേണുകള്‍ അല്ലെങ്കില്‍ അപരിചിതമായ ഉച്ചാരണങ്ങള്‍ എന്നിവയിലെ അപാകതകള്‍ക്കായി ശ്രദ്ധിക്കുക.

എങ്ങനെ തടയാം:

നിങ്ങള്‍ക്ക് അറിയാവുന്ന ഒരു വ്യക്തിയില്‍ നിന്ന് സഹായത്തിനായുള്ള ഒരു കോളോ സന്ദേശമോ നിങ്ങള്‍ക്ക് ലഭിക്കുകയാണെങ്കില്‍, അവര്‍ എവിടെയാണ് എന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക

ഉയര്‍ന്ന സമ്മര്‍ദ്ദ തന്ത്രം പയറ്റുകയാണെങ്കില്‍ അത് ഒരു ഡീപ്‌ഫേക്ക് ആക്രമണമായിരിക്കാം.

ഫോണ്‍ നിര്‍ത്തി അവരെ തിരികെ വിളിക്കുക

നിങ്ങള്‍ക്ക് അറിയാവുന്ന യഥാര്‍ത്ഥ നമ്പര്‍.

വിളിക്കുന്നയാള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍, ഒരു ഔദ്യോഗിക ഇ-മെയില്‍ പോലെയുള്ള മറ്റൊരു മോഡിലൂടെ സ്വയം തിരിച്ചറിയാന്‍ അവരോട് ആവശ്യപ്പെടുക.

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒഴികെ മറ്റാര്‍ക്കും അറിയാത്ത ഒരു രഹസ്യ ഫാമിലി കോഡ് ഉണ്ടായിരിക്കുക. അതിനാല്‍ അടുത്ത തവണ നിങ്ങളുടെ സഹോദരിയോ പേരക്കുട്ടിയോ മരുമകനോ ആയി ഒരു കോളര്‍ വരുമ്പോള്‍, നിങ്ങള്‍ക്ക് എളുപ്പത്തില്‍ അവരെ തിരിച്ചറിയാന്‍ സാധിക്കും.

നിങ്ങളൊരു വീഡിയോ കോളിലാണെങ്കില്‍ അവരോട് തല തിരിക്കാനും മുഖത്തിനു മുന്നില്‍ കൈ വയ്ക്കാനും മൂളാനും ചിരിക്കാനും അല്ലെങ്കില്‍ പാടാനും ആവശ്യപ്പെടുക.

(ദി ന്യൂ സണ്‍ഡേ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച ലേഖനം)

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT