ന്യൂയോർക്ക്: പുതിയ മൈക്രോ ബ്ലോഗിങ് ആപ്പ് ആയ ത്രെഡ്‌സിന്റെ വരവിന് പിന്നാലെ മെറ്റക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ട്വിറ്റർ. ട്വിറ്ററിന്റെ കോപ്പി ആപ്പ് ആണ് ത്രെഡ്സ് എന്നും ട്വിറ്ററിലെ മുൻ ജീവനക്കാരെ ഉപയോഗിച്ച് ആപ്പിന്റെ രഹസ്യങ്ങൾ ചോർത്തിയാണ് മെറ്റ പുതിയ ആപ്പ് ഉണ്ടാക്കിയതെന്നുമാണ് ട്വിറ്ററിന്റെ വാദം. മെറ്റക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ട്വിറ്റർ മെറ്റ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചു.
ബുധനാഴ്‌ച അർധരാത്രിയോടെയാണ് മെറ്റയുടെ ടെക്‌സ്റ്റ് അധിഷ്‌ഠിത ആപ്പ് ആയ ത്രെഡ്‌സ് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ട് ഏതാണ്ട് 10 മില്യൺ ഉപയോക്താക്കളാണ് ത്രെഡ്‌സിൽ അക്കൗണ്ട് എടുത്തത്. ഇതോടെ സക്കർബർഗിനെതിരെ പരസ്യമായി വെല്ലുവിളിച്ച് ഇലോൺ മസ്ക്കും രംഗത്തെത്തി. 'ഞാൻ ട്വിറ്ററിൽ 44 ബില്യൺ നിക്ഷേപിച്ചു. ഇപ്പോൾ ലിസാഡ് ബോയി(സക്കർബർഗ്) അത് കോപ്പ് അടിക്കുന്നു. ഇപ്പോൾ ഇത് വ്യക്തിപരമാണ്. കൂട്ടിൽ കാണാം സുക്ക്'- എന്നായിരുന്നു മസ്‌കിന്റെ പ്രതികരണം.
എന്നാൽ ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ലെന്ന് മെറ്റ വക്താവ് ആൻണ്ടി സ്റ്റോൺ ത്രെഡ്സിൽ കുറിച്ചു. ഞങ്ങളെ അനുകരിക്കാൻ കഴിയുമായിരിക്കും എന്നാൽ അതിനെ ഡ്യുപ്ലിക്കേറ്റ് ചെയ്യാൻ കഴിയില്ലെന്നും ട്വിറ്ററിന്റെ പുതിയ സിഇഒ ലിൻഡ യാക്കാരിനോ ട്വീറ്റ് ചെയ്‌തു.
ത്രെഡ്‌സ് ട്വിറ്ററിന് ഒരു തലവേദനയാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ ത്രെഡ്സ് എത്രത്തോളം വിജയിക്കുമെന്നതിൽ ഉറപ്പില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. നേരത്തെയും മെറ്റ പല ആപ്പുകളും തുടങ്ങി നിർക്കേണ്ടി വന്നിരുന്നു. ത്രെഡ്സ് ഡാറ്റാ സ്വകാര്യത ആശങ്കകളും ഉയർത്തുന്നുണ്ടെന്നും വിദഗ്ധർ പറഞ്ഞു. 100ലധികം രാജ്യങ്ങളിൽ ആപ്പ് ലഭ്യമായെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഇത് ലഭ്യമല്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates