കേന്ദ്രബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 നാണ് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. ഞായറാഴ്ച അവതരിപ്പിക്കുന്ന ബജറ്റെന്ന അപൂർവതയുമുണ്ട്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റാണിത്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഇന്ന് പ്രവർത്തിക്കും.
തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. കൂടാതെ, മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലഘട്ടങ്ങളിലായി അവതരിപ്പിച്ച 10 ബജറ്റുകളുടെ റെക്കോര്‍ഡിന് തൊട്ടടുത്തും നിർമലയെത്തുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചവരുടെ പട്ടികയിൽ പി ചിദംബരത്തിനൊപ്പം രണ്ടാം സ്ഥാനത്തും നിർമലയെത്തും.
പതിവ് പോലെ ചുവന്ന നിറത്തിലുള്ള തുണി കൊണ്ട് മൂടിയ ടാബ് ലെറ്റുമായാണ് നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തിയത്.
കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രപതി ഭവനില്‍ എത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി.
ബജറ്റിന് അംഗീകാരം നൽകുന്നതിന് 10.15ന് കേന്ദ്രമന്ത്രിസഭായോഗം ചേരും.
ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റില്‍ എത്തി.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ചരിത്രപരമായ ബജറ്റായിരിക്കുമിതെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ റിഫോം എക്സ്പ്രസ് അതിവേഗം കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ഇന്ത്യ വളര്‍ച്ച കൈവരിച്ചു. ഇന്ത്യ ഏഴുശതമാനം വളര്‍ച്ച നിലനിര്‍ത്തിയതായി ധനമന്ത്രി പറഞ്ഞു. 12 വർഷം മുമ്പ് ഞങ്ങൾ അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ സാമ്പത്തിക പാത സ്ഥിരത, സാമ്പത്തിക അച്ചടക്കം, സുസ്ഥിര വളർച്ച, മിതമായ പണപ്പെരുപ്പം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്നു. അനിശ്ചിതത്വത്തിന്റെയും തടസ്സങ്ങളുടെയും സമയങ്ങളിൽ പോലും ഞങ്ങൾ നടത്തിയ ബോധപൂർവമായ തെരഞ്ഞെടുപ്പുകളുടെ ഫലമാണിത്'_ ധനമന്ത്രി പറഞ്ഞു.
കേരളം, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടലോര മേഖലകളിൽ സമ്പന്നമായി കിടക്കുന്ന ധാതുക്കള്‍ പ്രയോജനപ്പെടുത്താന്‍ ധാതു ഖനന ഇടനാഴി സ്ഥാപിക്കും. ഇതിലൂടെ ധാതുക്കളുടെ ഇറക്കുമതി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞു. ഒഡീഷ, കേരളം എന്നിവയ്ക്ക് പുറമേ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഇത് പ്രയോജനം ചെയ്യും.
സെമികണ്ടക്ടര്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് 40,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. സെമികണ്ടക്ടര്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0 പ്രഖ്യാപിച്ചു.
നാടിന്റെ വികസനത്തിന് മൂലധന ചെലവ് കൂട്ടുമെന്ന് ബജറ്റ്. വരുന്ന സാമ്പത്തിക വര്‍ഷം 12.2 ലക്ഷം കോടി രൂപയാണ് മൂലധന ചെലവിനായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്.
ബജറ്റില്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഏറെ ഉറ്റുനോക്കിയ ഈ പദ്ധതിയില്‍ കേരളമില്ല.
1. മുംബൈ -പുനെ
2. പുനെ-ഹൈദരാബാദ്
3. ഹൈദരാബാദ്- ബംഗളൂരു
4. ബംഗളൂരു- ചെന്നൈ
5. ചെന്നൈ- ബംഗളൂരു
6. ഡല്‍ഹി- വാരാണസി
7. വാരാണസി- സിലിഗുരി
വെല്ലുവിളി നിറഞ്ഞ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ബജറ്റില്‍ കൈത്താങ്. രാജ്യത്ത് മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഖാദി, കൈത്തറി എന്നിവ ശക്തിപ്പെടുത്തുന്നതിനായി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ആരംഭിക്കും.
ചെറുകിട സംരംഭങ്ങള്‍ക്ക് കരുത്തുപകരാന്‍ 10,000 കോടി രൂപയുടെ എംഎസ്എംഇ വളര്‍ച്ചാ ഫണ്ടിന് രൂപം നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം
രാജ്യത്ത് ആയുര്‍വേദ ചികിത്സ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് മൂന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
എല്ലാ ജില്ലയിലും പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. വെറ്ററിനറി കോളജുകള്‍, ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലബോറട്ടറികള്‍ എന്നിവയ്ക്കായി വായ്പാ ബന്ധിത മൂലധന സബ്‌സിഡി പിന്തുണാ പദ്ധതിയും നിര്‍ദ്ദേശിച്ചു. പ്രധാന വ്യാവസായിക ലോജിസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം നിലവില്‍ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസത്തിനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി വിദേശത്ത് പോകുന്നവര്‍ക്ക് ആശ്വാസം. ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം അനുസരിച്ച് വിദേശത്ത് പോകുന്നവരുടെ ടിസിഎസ് നിരക്ക് നിലവിലെ അഞ്ചു ശതമാനത്തില്‍ നിന്ന് രണ്ടു ശതമാനമായി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദേശിച്ചു.
വിദേശ യാത്രയുടെ ടിസിഎസ് നിലവിലെ 5 ശതമാനം, 20 ശതമാനം എന്നിവയില്‍ നിന്ന് രണ്ടു ശതമാനമായി കുറച്ചു.
ആദായനികുതി നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര ബജറ്റ്. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച നികുതി നിരക്കുകൾ തന്നെ തുടരും.
പ്രവാസികള്‍ക്ക് പോര്‍ട്ട്ഫോളിയോ നിക്ഷേപ പദ്ധതിയിലൂടെ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യന്‍ ഓഹരി വിപണി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഓഹരി വിപണിക്ക് കരുത്തുപകരുന്ന പ്രഖ്യാപനം.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍, ടെക് പ്രൊഫണലുകള്‍, പ്രവാസികള്‍ തുടങ്ങിയവര്‍ക്ക് വിദേശ ആസ്തി വെളിപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ഒന്നാം അപ്പീല്‍ അതോറിറ്റിക്ക് മുമ്പാകെ അപ്പീല്‍ ചെയ്യുന്ന കാലയളവിലേക്കുള്ള പിഴ തുകയ്ക്ക് നികുതിദായകര്‍ക്ക് പലിശ ബാധ്യത ഉണ്ടാകില്ലെന്ന് ധനമന്ത്രി അറിയിച്ചു.
എല്ലാവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയ കേരളത്തിന് എയിംസ് ഇത്തവണയും കേന്ദ്ര ബജറ്റിൽ ഇടംപിടിച്ചില്ല
ബജറ്റ് കേരളത്തെ സംബന്ധിച്ച് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി പി രാജീവ്. രാജ്യത്ത് ആദ്യമായി അതിവേഗ റെയില്‍ പദ്ധതിയുമായി വന്ന കേരളത്തെ ബജറ്റില്‍ പരിഗണിച്ചില്ല. പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താതിരുന്നത് കടുത്ത വിവേചനമെന്നും പി രാജീവ് പറഞ്ഞു.
വിപണിയെയും സമ്പദ് വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന വന്‍കിട പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടംപിടിക്കാതിരുന്നതിനെ തുടര്‍ന്നുള്ള നിരാശയില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്‌സ് ആയിരത്തോളം പോയിന്റ് ആണ് താഴ്ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates