Ragini Das SOURCE:X
Business

12 വര്‍ഷം മുന്‍പ് ജോലി കിട്ടാതെ പുറത്ത്, ഇന്ന് കാലത്തിന്റെ കാവ്യനീതിയായി ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യ മേധാവി; ആരാണ് രാഗിണി ദാസ്?

സംരംഭകയും ലീപ്. ക്ലബിന്റെ (leap.club) സഹസ്ഥാപകയുമായ രാഗിണി ദാസ് പുതിയ റോളിനെ 'തലയിലെഴുത്തായാണ്' വിശേഷിപ്പിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

2013ല്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ അഭിമുഖത്തിന്റെ അവസാന റൗണ്ട് വരെ എത്തിയെങ്കിലും വിധി മറിച്ചായിരുന്നു. എന്നാല്‍ 12 വര്‍ഷം കഴിഞ്ഞ് 2025ല്‍ ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ മേധാവിയായി ചുമതലയേല്‍ക്കുമ്പോള്‍ രാഗിണി ദാസിന് പറയാനുള്ളത് കാലത്തിന്റെ കാവ്യനീതിയും തൊഴിലന്വേഷകര്‍ക്ക് പ്രചോദനമാകുന്നതുമായ കഥയാണ്.

സംരംഭകയും ലീപ്. ക്ലബിന്റെ (leap.club) സഹസ്ഥാപകയുമായ രാഗിണി ദാസ് പുതിയ റോളിനെ 'തലയിലെഴുത്തായാണ്' വിശേഷിപ്പിക്കുന്നത്. '2013-ല്‍ ഗൂഗിളിന്റെ അവസാന അഭിമുഖ റൗണ്ട് മറികടക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ജീവിതം ശരിക്കും പൂര്‍ണ്ണ വൃത്തത്തിലേക്ക് ഇപ്പോള്‍ വന്നിരിക്കുന്നു'- ഗൂഗിള്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയുടെ മേധാവിയായി നിയോഗിക്കപ്പെട്ടതിന് പിന്നാലെ അവര്‍ എക്‌സില്‍ കുറിച്ചു.

2013ല്‍ ഗൂഗിളിലും സൊമാറ്റോയിലും ഒരേസമയത്താണ് രാഗിണി അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിളിന്റെ അഭിമുഖ സംഭാഷണത്തില്‍ അവസാന റൗണ്ടില്‍ രാഗിണി പുറത്തായി. അത് സൊമാറ്റോയിലേക്കുള്ള പാത തെളിച്ചു. ആറു വര്‍ഷക്കാലമാണ് വിവിധ വിഭാഗങ്ങളിലായി സൊമാറ്റോയില്‍ രാഗിണി സേവനം അനുഷ്ഠിച്ചത്. ഈ ഘട്ടത്തില്‍ താന്‍ അവിശ്വസനീയമായ രീതിയില്‍ പലതും പഠിച്ചെടുത്തുവെന്നും ആജീവനാന്തം ഒപ്പം കൂട്ടാന്‍ സാധിക്കുന്ന സുഹൃത്തുക്കളെ സമ്പാദിക്കാനായെന്നും രാഗിണി പറയുന്നു. തുടര്‍ന്നാണ് ലീപ്.ക്ലബ് സ്ഥാപിക്കാന്‍ മറ്റുള്ളവരുമായി സഹകരിക്കുന്നത്.

ലീപ്.ക്ലബ് നിലവില്‍ വന്നത് 2020ല്‍ ആണ്. ലീപ്.ക്ലബ് തന്റെ ജീവിതത്തിന് പുതു ലക്ഷ്യവും പുതിയൊരു വ്യക്തിത്വവും സമ്മാനിച്ചെന്ന് രാഗിണി പറയുന്നു. ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിന് മാറ്റം വരുത്താന്‍ ലീപ്.ക്ലബിന് സാധിച്ചിട്ടുണ്ടെന്ന് അഭിമാനപൂര്‍വ്വം പറയാനാകും. ഈ വര്‍ഷം ആദ്യം ലീപ്.ക്ലബ് താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനു ശേഷം തന്റെ വ്യക്തി ജീവിതത്തില്‍ പ്രാധാന്യമുള്ള ചില കാര്യങ്ങള്‍ക്കായി സമയം ചെലവിട്ടു. യാത്രകള്‍ നടത്തി. തന്റെ പെറ്റ് ഡോഗ് ജിമ്മിക്കൊപ്പം സമയം ചെലവിട്ടെന്നും രാഗിണി കുറിച്ചു.

രാഗിണി ദാസ് ആരാണ്?

ഗുരുഗ്രാമില്‍ ജനിച്ച രാഗിണി ദാസ് ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ ലങ്കാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലേഴ്‌സ് ബിരുദം നേടുന്നതിന് മുമ്പ് അവര്‍ അവിടെ സാംസ്‌കാരിക സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. ബിരുദത്തിന് പഠിക്കുന്ന സമയത്ത്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലും മറ്റ് സംഘടനകളിലും ഇന്റേണ്‍ഷിപ്പ് നടത്തി. മാര്‍ക്കറ്റ് ഗവേഷണത്തിലും ഇന്ത്യന്‍ വിപണിക്കായി ബിസിനസ് പ്ലാനുകള്‍ വികസിപ്പിക്കുന്നതിലും സഹകരിച്ചു.

2012-ല്‍, ട്രൈഡന്റ് ഗ്രൂപ്പ് ഇന്ത്യയില്‍ ആഭ്യന്തര മാര്‍ക്കറ്റിങ്ങിനായുള്ള ഒരു മുന്‍നിര സംരംഭകയായി അവര്‍ ചേര്‍ന്നു. പിന്നീട് യൂറോപ്പ്, യുഎസ് മാര്‍ക്കറ്റിങ് കൈകാര്യം ചെയ്യുന്നതിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹോം ടെക്‌സ്‌റ്റൈല്‍ ക്ലയന്റുകള്‍, ഹോട്ടലുകള്‍ എന്നിവയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, വില്‍പ്പന പ്രകടനം വിശകലനം ചെയ്യുക, ഉല്‍പ്പാദന, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നിവയായിരുന്നു അവരുടെ ജോലി.

ഒരു വര്‍ഷത്തിനുശേഷം, 2013-ല്‍, രാഗിണി സൊമാറ്റോയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മാനേജരായി ചേര്‍ന്നു. ആറ് വര്‍ഷത്തെ സേവന കാലയളവില്‍, കീ അക്കൗണ്ട് മാനേജര്‍, ഏരിയ സെയില്‍സ് മാനേജര്‍ തുടങ്ങി വിവിധ റോളുകള്‍ കൈകാര്യം ചെയ്തു.

2017ല്‍, സൊമാറ്റോ ഗോള്‍ഡ് സ്ഥാപക ടീമിന്റെ ഭാഗമായി, ഉപയോക്തൃ വളര്‍ച്ച, ഉല്‍പ്പന്ന മാര്‍ക്കറ്റിങ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഓസ്ട്രേലിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഖത്തര്‍, ലെബനന്‍ എന്നിവയുള്‍പ്പെടെ 10 അന്താരാഷ്ട്ര വിപണികളില്‍ സൊമാറ്റോ ഗോള്‍ഡ് ആരംഭിക്കാന്‍ രാഗിണി നേതൃത്വം നല്‍കി. 2020-ല്‍ leap.club ന്റെ സഹസ്ഥാപകയായി.

Who Is Ragini Das? Rejected By Google In 2013, Will Now Lead Its Startup Wing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT