stp investment Ai image
Business

എസ്‌ഐപിയെ അപേക്ഷിച്ച് റിസ്‌ക് കുറവ്?; എന്താണ് എസ്ടിപിയുടെ നേട്ടങ്ങളും കോട്ടങ്ങളും?

തെറ്റായ സമയത്താണ് നിക്ഷേപിക്കുന്നതെങ്കില്‍ വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ല എന്ന് വരാം

സമകാലിക മലയാളം ഡെസ്ക്

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങി നിക്ഷേപം നടത്തും. മറ്റു ചിലര്‍ ഓഹരികള്‍ നേരിട്ട് വാങ്ങുന്നതിനേക്കാള്‍ റിസ്‌ക് കുറഞ്ഞ മ്യൂച്ചല്‍ ഫണ്ടുകളെ ആശ്രയിക്കുന്നു. മ്യൂച്ചല്‍ ഫണ്ടില്‍ തന്നെ ലംപ്സമായി നിക്ഷേപിക്കുന്നവരും എസ്ഐപിയില്‍ നിക്ഷേപിക്കുന്നവരുമുണ്ട്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ എന്‍ട്രി പോയിന്റ് പ്രധാനമാണ്. തെറ്റായ സമയത്താണ് നിക്ഷേപിക്കുന്നതെങ്കില്‍ വിചാരിച്ച റിട്ടേണ്‍ ലഭിച്ചില്ല എന്ന് വരാം. ഈ റിസ്‌ക് ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍(എസ്ടിപി).

റിസ്‌ക് കുറയ്ക്കാനും തെറ്റായ സമയത്തുള്ള നിക്ഷേപം വഴി ഉണ്ടാവുന്ന റിസ്‌ക് ഒഴിവാക്കാനും ദീര്‍ഘകാല ഇക്വിറ്റി നേട്ടങ്ങള്‍ പിടിച്ചെടുക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ മാര്‍ഗമാണിത്. ആദ്യം പണം സുരക്ഷിതമായി നിക്ഷേപിക്കുക, ക്രമേണ വിപണിയില്‍ പ്രവേശിക്കുക എന്നതാണ് എസ്ടിപിയുടെ രീതി.

എസ്ടിപി പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് വ്യവസ്ഥാപിതമായി പണം മാറ്റാന്‍ എസ്ടിപി അനുവദിക്കുന്നു. ആദ്യം മുഴുവന്‍ തുകയും ഒരു ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ പാര്‍ക്ക് ചെയ്യുന്നു. തുടര്‍ന്ന് ഒരു നിശ്ചിത തുക എല്ലാ മാസവും ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് എസ്ടിപി.

ഈ രീതി തെരഞ്ഞെടുക്കുന്നവര്‍ക്ക് ആദ്യ ദിവസം തന്നെ വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് വിധേയമാകില്ല. പകരം, എസ്ഐപി പോലെ മാസങ്ങളോളം കോസ്റ്റ് ആവറേജ് ചെയ്യുന്നത് കൊണ്ട് റിസ്‌ക് കുറവാണ്. പക്ഷേ എസ്ഐപിയില്‍ നിന്ന് വ്യത്യസ്തമായി പുതിയതായി ഫണ്ട് കണ്ടെത്തി നിക്ഷേപിക്കുന്നതിന് പകരം ഇതിനകം പാര്‍ക്ക് ചെയ്ത ഫണ്ട് ആണ് എസ്ടിപിയില്‍ ഉപയോഗിക്കുന്നത് എന്ന പ്രയോജനം ഉണ്ട്.

എസ്ടിപിയുടെ ഗുണം

1. പെട്ടെന്നുള്ള വിപണി ഇടിവുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. തെറ്റായ സമയത്ത് ഒരു വലിയ തുക ഇക്വിറ്റിയില്‍ നിക്ഷേപിച്ചാല്‍ ഉടനടി വലിയ നഷ്ടത്തിലേക്ക് നയിച്ചെന്ന് വരാം. എന്നാല്‍ എസ്ടിപിയില്‍ പണത്തിന്റെ ഒരു ഭാഗം മാത്രമേ ഓരോ മാസവും ഇക്വിറ്റികളില്‍ നിക്ഷേപിക്കുന്നുള്ളൂ. ഇത് ഒരു വലിയ ഇടിവിന്റെ ആഘാതം കുറയ്ക്കുന്നു.

2. ലിക്വിഡ് അല്ലെങ്കില്‍ കടപ്പത്ര വിപണിയില്‍ നിക്ഷേപിച്ച പണം വെറുതെ കിടക്കില്ല. ട്രാന്‍സ്ഫര്‍ കാലയളവില്‍ എഫ്ഡിയേക്കാള്‍ മികച്ച പലിശവരുമാനം നല്‍കുന്നു. ഈ അധിക വരുമാനം മൊത്തത്തിലുള്ള ദീര്‍ഘകാല വരുമാനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

3. റുപ്പീ-കോസ്റ്റ് ആവറേജിങ് ആണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചാഞ്ചാടുന്ന വിപണികളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും.

4. വലിയ തുക കൈവശമുള്ളവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. മുഴുവന്‍ തുകയും ഒരേസമയം ഇക്വിറ്റികളിലേക്ക് മാറ്റുന്നത് അപകടസാധ്യതയുള്ളതാണ്. നിയന്ത്രിതവും കുറഞ്ഞ സമ്മര്‍ദ്ദവുമുള്ള ഒരു പാതയാണ് എസ്ടിപി വാഗ്ദാനം ചെയ്യുന്നത്. ഇതുവഴി ഇക്വിറ്റി- ഹെവി പോര്‍ട്ട്ഫോളിയോ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു.

എസ്ടിപിയുടെ കോട്ടങ്ങള്‍

1. ഹ്രസ്വകാല നിക്ഷേപത്തിന് ഇത് സഹായകമല്ല. കുറഞ്ഞത് 3-5 വര്‍ഷം വരെ ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മാത്രമാണ് ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ആറുമാസത്തേയ്ക്കോ ഒരു വര്‍ഷത്തേയ്ക്കോ നിക്ഷേപിച്ചാല്‍ ഇതില്‍ നിന്ന് മികച്ച റിട്ടേണ്‍ ലഭിക്കണമെന്നില്ല.

2. മോശം ഫണ്ട് തെരഞ്ഞെടുപ്പ് വരുമാനത്തെ ദോഷകരമായി ബാധിച്ചെന്ന് വരാം. തെറ്റായ കടപ്പത്രം, ഇക്വിറ്റി ഫണ്ട് തെരഞ്ഞെടുത്താല്‍ അപകടസാധ്യത ഉണ്ട്. ഗവേഷണവും ഫണ്ടിന്റെ ഗുണനിലവാരവും പ്രധാനമാണ്.

3. ഒരു കടപ്പത്ര വിപണിയില്‍ നിന്നുള്ള ഓരോ ട്രാന്‍സ്ഫറും പിന്‍വലിക്കലായി കണക്കാക്കി ഹ്രസ്വകാല നികുതി ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്.നിക്ഷേപകര്‍ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യേണ്ടതുണ്ട്.

എസ്ഐപിയും എസ്ടിപിയും തമ്മിലുള്ള വ്യത്യാസം?

പ്രതിമാസ വരുമാനത്തില്‍ നിന്ന് നിശ്ചിത തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഒന്നാണ് എസ്ഐപി. ഒരു വലിയ തുക കൈവശം വച്ചിരിക്കുന്നവര്‍ക്കും ഇക്വിറ്റിയിലേക്ക് പടിപടിയായി എന്‍ട്രി ആഗ്രഹിക്കുന്നവര്‍ക്കും എസ്ടിപി മികച്ച ഓപ്ഷനാണ്. റുപ്പീ-കോസ്റ്റ് ആവറേജിങ് നടക്കുന്നതിനാല്‍ രണ്ടും അസ്ഥിരത കുറയ്ക്കുന്നു. എങ്കിലും

അടിസ്ഥാന തുക ഒരു സ്ഥിരതയുള്ള കടപ്പത്ര വിപണിയില്‍ ഇരിക്കുന്നതിനാല്‍ എസ്ടിപി സാധാരണയായി എസ്ഐപിയേക്കാള്‍ കുറഞ്ഞ റിസ്‌ക് ആണ് വഹിക്കുന്നത്.

Why STP is becoming the smarter, low-risk alternative to SIP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെതിരായ തെളിവുകള്‍ പക്ഷപാതത്തോടെ തള്ളി, സാക്ഷികളെ അവിശ്വസിച്ചത് ബോധപൂര്‍വ്വം; വിചാരണ കോടതി ഇരട്ടത്താപ്പ് കാണിച്ചു, നിയമോപദേശം

ക്ലിയർ സ്കിന്നിന് കൊക്കോ പൗഡർ

റിവേഴ്‌സിട്ട് സ്വര്‍ണവില; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

'നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം'; സ്നേഹക്കെതിരെ വീണ്ടും സത്യഭാമ

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

SCROLL FOR NEXT