CSB BANK FILE
Business

കേരളത്തിന് മറ്റൊരു ബാങ്ക് കൂടി നഷ്ടമാകുമോ?, ഐഡിബിഐയില്‍ സിഎസ്ബി ലയിക്കുമോ?; ഓഹരി വിറ്റഴിക്കലില്‍ ഉയരുന്ന ചോദ്യങ്ങള്‍

ഐഡിബിഐയിലെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തിയായാല്‍ പുനഃസംഘടിപ്പിക്കപ്പെട്ട സ്ഥാപനത്തില്‍ സര്‍ക്കാരിനും എല്‍ഐസിക്കും ചേര്‍ന്ന് 34 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: പ്രമുഖ ബാങ്കായ ഐഡിബിഐ ബാങ്കിലെ 60.72 ശതമാനം ഓഹരികള്‍ 52,877 കോടി രൂപയ്ക്ക് കനേഡിയന്‍ നിക്ഷേപ സ്ഥാപനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സിന് വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ, കേരളത്തിന്റെ ബാങ്കിങ് പാരമ്പര്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്കിന്റെ അസ്തിത്വത്തെ ഈ മെഗാ ഇടപാട് ബാധിക്കുമോ എന്ന ചര്‍ച്ചകള്‍ സാമ്പത്തിക ലോകത്ത് വീണ്ടും സജീവമാകുന്നു. 2018ലാണ് കനേഡിയന്‍ ശതകോടീശ്വരനും ഇന്ത്യന്‍ വംശജനുമായ പ്രേം വത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിങ്‌സ് സിഎസ്ബി ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് ഓഹരി പങ്കാളിത്തം 40 ശതമാനത്തിലേക്ക് കുറച്ചു.

റിസര്‍വ് ബാങ്കിന്റെ നിലവിലെ ചട്ടപ്രകാരം ഒരാള്‍ക്ക് ഒരേസമയം രണ്ട് ബാങ്കുകളുടെ പ്രമോട്ടര്‍ ആകാനാവില്ല. അതായത് ഒരേസമയം രണ്ട് ബാങ്കിങ് ലൈസന്‍സ് കൈവശം വയ്ക്കാനാവില്ല. ഈ പശ്ചാത്തലത്തില്‍ ഒന്നുകില്‍ ഐഡിബിഐ ബാങ്കില്‍ സിഎസ്ബി ബാങ്കിനെ ലയിപ്പിക്കണം. അല്ലെങ്കില്‍ ഒരു ബാങ്കിലെ ഓഹരികള്‍ ഫെയര്‍ഫാക്‌സ് വിറ്റഴിക്കണം. ഇതോടെയാണ് കേരള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് കൂടി നഷ്ടമാകുമോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

വലിപ്പത്തില്‍ ഏറെ മുന്നിലുള്ള ഐഡിബിഐ ബാങ്കുമായി സിഎസ്ബി ബാങ്ക് ലയിക്കുകയാണെങ്കില്‍ മുന്‍പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിച്ചുപോയതുപോലെ കേരളത്തിന് മറ്റൊരു ബാങ്കിന്റെ ആസ്ഥാനം കൂടി നഷ്ടമായേക്കാം. ലയനത്തോടെ ബാങ്കിന്റെ ആസ്ഥാനം മുംബൈയിലേക്ക് മാറേണ്ടി വരും. ഇത് കാര്‍ഷിക- ചെറുകിട വ്യവസായ മേഖലകള്‍ക്കുള്ള വായ്പ മുന്‍ഗണനകളെയും ജീവനക്കാരുടെ പുനര്‍വിന്യാസത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ലയനത്തിന് പകരം സിഎസ്ബി ബാങ്കില്‍ തങ്ങള്‍ക്കുള്ള 40 ശതമാനം ഓഹരികള്‍ രണ്ടുവര്‍ഷത്തിനകം ഘട്ടംഘട്ടമായി വിറ്റൊഴിഞ്ഞ് പൂര്‍ണമായി ഐഡിബിഐ ബാങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫെയര്‍ഫാക്‌സിന് മുന്നിലുള്ള മറ്റൊരു വഴി. 93,500 കോടി രൂപ മൂല്യമുള്ള ഐഡിബിഐ ബാങ്ക് സിഎസ്ബി ബാങ്കിനേക്കാള്‍ വലിയ സ്ഥാപനമാണ്.

ഐഡിബിഐ ഓഹരി വിറ്റഴിക്കല്‍

എയര്‍ഇന്ത്യയുടെ വില്‍പ്പനയ്ക്ക് ശേഷമുള്ള രാജ്യത്തെ ഏറ്റവും വലിയ തന്ത്രപരമായ ഓഹരി വിറ്റഴിക്കലാണ് ഐഡിബിഐയിലേത്. ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ ധനകാര്യമേഖലയിലെ ഏറ്റവും വലിയ പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ആയിരിക്കും ഇത്.

ഐഡിബിഐയിലെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ത്തിയായാല്‍ പുനഃസംഘടിപ്പിക്കപ്പെട്ട സ്ഥാപനത്തില്‍ സര്‍ക്കാരിനും എല്‍ഐസിക്കും ചേര്‍ന്ന് 34 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക. നിലവില്‍ കേന്ദ്രസര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് ഐഡിബിഐയില്‍ കൈവശം വച്ചിരിക്കുന്ന 60.72 ശതമാനം ഓഹരികള്‍ ഫെയര്‍ഫാക്‌സിന് വില്‍ക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഇതില്‍ കേന്ദസര്‍ക്കാരിന്റെ പങ്കാളിത്തം 30.48 ശതമാനമാണ്. എന്നാല്‍ ഈ ഇടപാടിന്റെ പൂര്‍ത്തീകരണം ആവശ്യമായ റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായിരിക്കും.

Will Kerala lose another bank? Will CSB merge with IDBI? Questions arise over the stake sale

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ