തിരുവനന്തപുരം: ബജറ്റില്‍ ആയിരം കോടി രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രളയസെസ് വിലക്കയറ്റമുണ്ടാക്കില്ലെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായുളള ചാനല്‍ അഭിമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.
ബജറ്റില്‍ പ്രളയസെസില്‍ ഇളവ് അനുവദിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുളള വ്യാപാരികളെ ഇതില്‍ നിന്ന് ഒഴിവാക്കും. ഒരു ശതമാനം അനുമാനനികുതി അടയ്ക്കുന്നവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കുക. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള ധനസമാഹരണത്തിന് ജി.എസ്.ടിക്കുമേല്‍ ചുമത്തുന്ന ഒരുശതമാനം സെസ് വിലക്കയറ്റത്തിനിടയാക്കുമെന്ന ഭീതിവേണ്ടെന്ന് ധനമന്ത്രി പറയുന്നു. നാല്‍പതിനായിരത്തോളം വ്യാപാരികള്‍ ഒരു ശതമാനം അനുമാനനികുതി നല്‍കുന്നു എന്നാണ് കണക്ക്.
ജി.എസ്.ടി റിട്ടേണുകള്‍ പൂര്‍ണമായി സമര്‍പ്പിക്കുന്നതിന് പിന്നാലെ നികുതിവെട്ടിച്ചവരെ കണ്ടെത്തി നടപടി തുടങ്ങും. 3000 കോടി ഈയിനത്തില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. നികുതി ഇളവ് ചെയ്യാതെ പിഴ കുറച്ച് വാറ്റ് നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കും. ആറായിരം കോടിരൂപയുടെ അധികവിഭവസമാഹരണമാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണ ബജറ്റില്‍ വിഭാവനം ചെയ്ത ചെലവുചുരുക്കല്‍ വേണ്ടത്ര വിജയിച്ചില്ലെന്ന് ധനമന്ത്രി തുറന്നുസമ്മതിച്ചു.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കൃത്യമായ രൂപരേഖ ഇത്തവണ ബജറ്റിലുണ്ടാകും.വിഴിഞ്ഞം പദ്ധതിക്ക് അനുബന്ധമായി മലയോരമേഖലയിലൂടെ നാലുവരിപ്പാത നിര്‍മിക്കും. ഇരുവശത്തുമായി വ്യവസായമേഖലകള്‍ വിഭാവനം ചെയ്യുന്ന വളര്‍ച്ചാ ഇടനാഴിയായി ഈ പാത മാറും. പശ്ചാത്തലസൗകര്യമേഖലയില്‍ കിഫ്ബി വഴി ഈ വര്‍ഷം പതിനായിരം കോടിരൂപ ചെലവഴിക്കും. പെന്‍ഷന്‍ പ്രായം ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates