ന്യൂഡല്‍ഹി: രാജ്യത്തെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് മുന്നറിയിപ്പ്. ലോകത്തൊട്ടാകെ 13 ലക്ഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ 98 ശതമാനവും ഇന്ത്യയിലാണെന്ന് സൈബറാക്രമണങ്ങള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധരായ സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഐബി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്തരത്തില്‍ ചോര്‍ത്തപ്പെട്ട 13 ലക്ഷം കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതായും ഗ്രൂപ്പ് ഐബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതില്‍ 98 ശതമാനവും ഇന്ത്യയിലാണ്. ഡാര്‍ക്ക് നെറ്റ് വെബ്‌സൈറ്റായ ജോക്കേഴ്‌സ് സ്റ്റാഷിലാണ് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രാജ്യത്തെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഏതെല്ലാം ബാങ്കുകളുടെ കാര്‍ഡുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. ഇന്ത്യയിലെ ഒരു ബാങ്കിന്റെ മാത്രം 5.5 ലക്ഷം ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ഗ്രൂപ്പ് ഐബി കമ്പനി അവകാശപ്പെടുന്നു. എടിഎം, പിഒഎസ് മെഷീന്‍ എന്നിവയില്‍ നിന്നുമാണ് വിവരങ്ങള്‍ ചോര്‍ന്നത്. ചില സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഒരു കാര്‍ഡിന് ഏകദേശം 7500 രൂപ എന്ന നിലയ്ക്കാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്തിയതായുളള റിപ്പോര്‍ട്ട് വസ്തുതാപരമാണോ എന്ന് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. പരിശോധനയില്‍ റിപ്പോര്‍ട്ട് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ബാങ്കിങ് നിയമം അനുസരിച്ച് പുതിയ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആര്‍ബിഐ ഇടപെടല്‍. കൂടാതെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിന് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നിരീക്ഷിക്കാനും ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിലവിലെ മാഗ്‌നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ക്ക് പകരം ഇഎംവി ചിപ്പ് കാര്‍ഡുകള്‍ ഉള്‍പ്പെടെ സുരക്ഷിത കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 31നകം ഇത് നടപ്പാക്കാനായിരുന്നു ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കിയ നിര്‍ദേശം. നിലവില്‍ 30 ശതമാനം കാര്‍ഡുകള്‍ മാഗ് നെറ്റിക് സ്ട്രിപ്പ് കാര്‍ഡുകളാണ്. റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശം പാലിക്കാത്ത ചില ബാങ്കുകള്‍ ഇപ്പോഴുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates