സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ സിഇഒ സ്ഥാനത്തേക്ക് ലാറി പേജിന് പകരക്കാരനായി ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചൈ സ്ഥാനമേല്‍ക്കുന്നു. നിലവില്‍ ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആണ് സൂന്ദര്‍. ഇനി ഗുഗിളിന് പുറമേ സെല്‍ഫ് ഡ്രൈവിങ് കാറുകള്‍, ലൈഫ് സയന്‍സസ് തുടങ്ങിയ മേഖലകളിലേക്കും സുന്ദര്‍ പിച്ചൈയുടെ സേവനമെത്തും.
ഗുഗിള്‍ സ്ഥാപകരായ പേജും സെര്‍ജി ബ്രിന്നും അല്‍ഫബെറ്റിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങളായി തുടരും. കമ്പനിയുടെ ഭരണചുമതലകളില്‍ തങ്ങള്‍ ഇനി ഉണ്ടാകില്ലെന്ന് അറിയിച്ചുകൊണ്ട് ഇരുവരും ജീവനക്കാര്‍ക്ക് കത്തയച്ചു. ഭാവിയിലേക്ക് ഗുഗിളിനെയും ആല്‍ഫബെറ്റിനെയും നയിക്കാന്‍ പിച്ചൈയേക്കാള്‍ മികച്ച മറ്റൊരാള്‍ ഇല്ലെന്ന് പറഞ്ഞാണ് പുതിയ സിഇഒയുടെ നിയമനം അറിയിച്ചത്.
സാങ്കേതിക ലോകത്ത് ആല്‍ഫബെറ്റ് വിവാദങ്ങളില്‍ പെട്ടുനില്‍ക്കുന്ന സമയത്താണ് 47കാരനായ സുന്ദര്‍ പിച്ചൈ സിഇഒ സ്ഥാനത്തേക്കെത്തുന്നത്. സ്വകാര്യതയും ഡാറ്റാ ഉപയോഗവും ആയി ബന്ധപ്പെട്ട് അമേരിക്കയിലടക്കം നിലനില്‍ക്കുന്ന വിവാദങ്ങള്‍ പിച്ചൈക്ക് മുന്നിലുള്ള കടമ്പകളാണ്. തൊഴിലിടത്തെ ലൈംഗീക ചൂഷണ പരാതികളടക്കം വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാതിരുന്നത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം പിച്ചൈ ഒരു സാങ്കേതികവിദഗ്ധന്‍ ആണെങ്കിലും ഒരു ബിസിനസ് നടത്തികൊണ്ടുപോകാനുള്ള പാടവം അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ചെന്നൈ സ്വദേശിയായ പിച്ചൈ ഗോരഖ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷം സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും വാര്‍ട്ടണില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ സ്വന്തമാക്കി. 2014 മുതല്‍ പിച്ചൈ ഗൂഗിളില്‍ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates