കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL) പ്രൊബേഷനറി എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുകളാണുള്ളത്. എഞ്ചിനീയറിങ് ബിരുദമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18.
ഇലക്ട്രോണിക്സ് വിഭാഗത്തിൽ 200 ഒഴിവുകളും മെക്കാനിക്കൽ വിഭാഗത്തിൽ 150 ഒഴിവുകളുമാണുള്ളത്. ഇരു വിഭാഗങ്ങളിലുമായി സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് തസ്തികകൾ നീക്കി വെച്ചിട്ടുണ്ട്.
യോഗ്യത
ഇലക്ട്രോണിക്സ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ എന്നീ വിഷയങ്ങളിലൊന്നിൽ ബി.ഇ./ബി.ടെക്./നാല് വർഷത്തെ ബി.എസ്‌സി എഞ്ചിനീയറിങ് ബിരുദം വേണം.
മെക്കാനിക്കൽ വിഭാഗത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഇതേ യോഗ്യത ആവശ്യമാണ്.
പ്രായപരിധി
2026 ഒക്ടോബർ ഒന്നിന് ജനറൽ, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് പരമാവധി 25 വയസാണ് പ്രായപരിധി. മറ്റുള്ള വിഭാഗങ്ങൾക്ക് സർക്കാർ നിയമപ്രകാരമുള്ള ഇളവുകൾ ലഭിക്കും.
ശമ്പളം
പ്രൊബേഷനറി എഞ്ചിനീയർ തസ്തികയുടെ അടിസ്ഥാന ശമ്പള സ്കെയിൽ 40,000–1,40,000 രൂപയാണ്. വാർഷിക സി.ടി.സി. ഏകദേശം 13 ലക്ഷം രൂപയാണ്. അടിസ്ഥാന ശമ്പളത്തിന് പുറമെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ്,തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും.
കംപ്യുട്ടർ അധിഷ്ഠിത പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബി.ഇ.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.bel-india.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 18 .അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനം സന്ദർശിക്കുക.
https://bel-india.in/wp-content/uploads/2026/10/External-Ad-2026-English-1.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates