സിബിഎസ്ഇ പുതിയ പദ്ധതി പ്രകാരം നടപ്പാക്കുന്ന പത്താം ക്ലാസിലെ ആദ്യ രണ്ടാം പരീക്ഷ സംബന്ധിച്ച വിശദാംശങ്ങൾ ബോർഡ് പ്രസിദ്ധീകരിച്ചു.
2026 ലെ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഷെഡ്യൂളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറപ്പെടുവിച്ചത്, ഇതിൽ പരീക്ഷാർത്ഥികളുടെ പട്ടിക (ലിസ്റ്റ് ഓഫ് കാൻഡിഡേറ്റ്സ് -എൽഒസി) സമർപ്പിക്കൽ സമയക്രമവും ഫീസ് അടയ്ക്കൽ പ്രക്രിയയുടെ സമയക്രമവും പരീക്ഷാ സമയവും ഉൾപ്പെടുന്നു.
സിബിഎസ്ഇ പുതിയ നയപ്രകാരം ആദ്യമായി നടത്തുന്ന പത്താംക്ലാസുകാർക്ക് വേണ്ടിയുള്ള രണ്ടാം ബോർഡ് പരീക്ഷകൾ 2026 മെയ് മാസത്തിൽ നടക്കും. പരീക്ഷാ നടക്കുന്ന തീയതികൾ പിന്നാലെ പ്രഖ്യാപിക്കും.
പുതിയ നയം വിദ്യാർത്ഥികൾക്ക് മൂന്ന് വിഷയങ്ങളിൽ വരെ പ്രകടനം മെച്ചപ്പെടുത്താൻ അനുവദിക്കുന്നു. അനുവദിക്കുന്നതാണ് രണ്ടാം ബോർഡ് പരീക്ഷ.
സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) നേരത്തെ വ്യക്തമാക്കിയിരുന്നു. ഒന്നാം പരീക്ഷയിൽ കുറഞ്ഞത് മൂന്ന് വിഷയങ്ങളെങ്കിലും പരീക്ഷ എഴുതാത്തവരെ "എസൻഷ്യൽ റിപ്പീറ്റ്" വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് സിബിഎസ്ഇ അധികൃതർ പറഞ്ഞു.
"എല്ലാ വിദ്യാർത്ഥികളും ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടത് നിർബന്ധമാണ്. വിജയിച്ചതും യോഗ്യതയുള്ളതുമായ എല്ലാ വിദ്യാർത്ഥികൾക്കും സയൻസ്, മാത്സ്,സോഷ്യൽ സയൻസ്, ലാംഗ്വേജ് എന്നിവയിലേതെങ്കിലും മൂന്ന് വിഷയങ്ങളിൽ ഇംപ്രൂവ്മെന്റിന് അനുമതി നൽകും," എന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് നേരത്തെ രണ്ടാം ബോർഡ് പരീക്ഷസംബന്ധിച്ച് വിശദീകരിച്ചിരുന്നു.
എൽഒസി സമർപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള ഘട്ടം ഘട്ടമായുള്ള ഷെഡ്യൂൾ സിബിഎസ്ഇ തയ്യാറാക്കിയിട്ടുണ്ട്. മെയിൻ പരീക്ഷയുടെ ഫലങ്ങൾ പ്രഖ്യാപിച്ചതിനുശേഷം വിദ്യാർത്ഥികൾക്ക് സഹായകരമായ രീതിയിലാണ് ഇത് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് ഈ രണ്ട് പ്രവർത്തനങ്ങളും നടപ്പാക്കേണ്ടത്.
എൽഒസി സമർപ്പണം ആദ്യ ഘട്ടം: 2026 മാർച്ച് 18 മുതൽ മാർച്ച് 31 വരെ
ഫീസ് അടയ്ക്കൽ ആദ്യ ഘട്ടം: ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അടുത്ത ദിവസം മുതൽ അഞ്ച് ദിവസത്തേക്ക്
എൽഒസി സമർപ്പിക്കൽ രണ്ടാം ഘട്ടം: ഫലപ്രഖ്യാപനത്തിന് അടുത്ത ദിവസം മുതൽ അഞ്ച് ദിവസത്തേക്ക്
ഫീസ് അടയ്ക്കൽ രണ്ടാം ഘട്ടം : ഫലപ്രഖ്യാപനത്തിന് ശേഷമുള്ള അടുത്ത ദിവസം മുതൽ അഞ്ച് ദിവസത്തേക്ക്
എൽഒസി സമർപ്പണം മൂന്നാം ഘട്ടം: ഫലം കഴിഞ്ഞ് ഏഴാം ദിവസം മുതൽ രണ്ട് ദിവസത്തേക്ക്
ഫീസ് അടയ്ക്കൽ മൂന്നാം ഘട്ടം: ഫലം വന്നതിന് ശേഷമുള്ള ഏഴാം ദിവസം മുതൽ രണ്ട് ദിവസത്തേക്ക്
എൽ ഒസി, ഫീസ് ഒടുക്കൽ എന്നിവ സംബന്ധിച്ച നിർദ്ദിഷ്ട സമയപരിധികൾ കർശനമായി പാലിക്കണമെന്ന് ബോർഡ് വ്യക്തമാക്കി. ഓരോ ഘട്ടത്തിന്റെയും അവസാന ദിവസം രാത്രി 11.59.59 ന് ഓട്ടോമാറ്റിക് ആയി പ്രവർത്തനം അവസാനിക്കുമെന്നും ഇന്ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരജദ്വാജ് വ്യക്തമാക്കി.
യോഗ്യതയുള്ള എല്ലാ വിദ്യാർത്ഥികളുടെയും എൽഒസി സമർപ്പിക്കൽ ഉത്തരവാദിത്തം നിറവേറ്റാൻ സിബിഎസ്ഇ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വ്യക്തിഗതമായി സമർപ്പിക്കാൻ സാധിക്കുന്നതല്ലെന്നും വിജ്ഞാപനത്തിൽ പറയുന്നു.
⊛വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകൾ എൽഒസി സമർപ്പിക്കണം.
⊛അന്തിമ സമർപ്പണത്തിന് മുമ്പ് പ്രിൻസിപ്പൽമാർ എല്ലാ വിശദാംശങ്ങളും പരിശോധിക്കണം.
⊛യോഗ്യതയും സമയപരിധിയും വിദ്യാർത്ഥികളെ അറിയിക്കണം.
⊛പരീക്ഷാ കേന്ദ്രങ്ങൾ മെയിൻ ബോർഡ് പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം.
⊛പരീക്ഷാ കേന്ദ്രം മാറ്റത്തിനുള്ള അഭ്യർത്ഥനകൾ സ്വീകരിക്കില്ല.
⊛ആവശ്യമെങ്കിൽ മാത്രം വിദ്യാർത്ഥികൾ മെച്ചപ്പെടുത്തൽ പരീക്ഷ എഴുതാൻ തെരഞ്ഞെടുക്കണം.
⊛കംപാർട്ട്മെന്റ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പുതിയ എൽഒസി ആവശ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates