വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഒരു പുതിയ അവസരം തുറക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പൂർണമായും ധനസഹായത്തോടെ പ്രവർത്തിക്കുന്ന 300 സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ റഷ്യ ക്ഷണിച്ചു. 2026–27 അധ്യയന വർഷത്തേക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.
ഈ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിലുള്ള നിരവധി പ്രമുഖ റഷ്യൻ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കും.
ബിരുദ, സ്പെഷ്യലിസ്റ്റ്, ബിരുദാനന്തര ബിരുദ (മാസ്റ്റേഴ്സ്), ഡോക്ടറൽ പ്രോഗ്രാമുകൾ, അഡ്വാൻസ്ഡ് പരിശീലന കോഴ്സുകൾ എന്നിവയ്ക്കും ഈ പദ്ധതി വഴി അവസരം ലഭിക്കും. സ്കോളർഷിപ്പിന് കീഴിൽ, ലോമോനോസോവ് മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, എംജിഐഎംഒ എന്നിവ ഒഴികെ മിക്ക സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ ട്യൂഷൻ ഫീസ് അടയ്ക്കേണ്ടതില്ല.
മെഡിസിൻ, ഫാർമസി, എൻജിനിയറിങ്, ആർക്കിടെക്ചർ, കൃഷി, മാനേജ്മെന്റ്, ഇക്കണോമിക്സ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, സ്പേസ് സയൻസ്, ഏവിയേഷൻ, സ്പോർട്സ്, ആർട്സ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകൾ തെരഞ്ഞെടുക്കാം.
എൻജിനീയറിങ്ങിലും മെഡിസിനിലും നിരവധി കോഴ്സുകൾ ഇംഗ്ലീഷിൽ പഠിക്കാനാകും. റഷ്യൻ ഭാഷ പരിചയമില്ലാത്തവർക്ക്, മെയിൻ കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി പ്രോഗ്രാമിൽ ചേരാനും സാധിക്കും.
അപേക്ഷകൾ education-in-russia.com എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രമേ സമർപ്പിക്കാൻ കഴിയൂ. മറ്റേതെങ്കിലും പ്ലാറ്റ്‌ഫോം വഴി അയയ്ക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്. അപേക്ഷകരുടെ അക്കാദമിക് സ്കോറുകളും റെക്കമെൻഡേഷൻ ലെറ്റർ, ഗവേഷണ പ്രവർത്തനങ്ങൾ, അല്ലെങ്കിൽ അക്കാദമിക് മത്സരങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയ അനുബന്ധ രേഖകളും അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ വിലയിരുത്തുന്നത്.
രണ്ടാം ഘട്ടത്തിൽ റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിസ പ്രോസസ്സിങ് ഉൾപ്പെടെയുള്ള കാര്യങ്ങളാകും ഉണ്ടാകുക.യോഗ്യത നേടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ അനുയോജ്യമായ സർവകലാശാലകളിൽ പ്രവേശനം ലഭ്യമാക്കും,
ആദ്യ റൗണ്ട് അപേക്ഷകൾക്കുള്ള അവസാന തീയതി 2026 ജനുവരി 15 ആണ്. ഈ സ്കോളർഷിപ്പുകൾക്കുള്ള വിദ്യാർത്ഥികളെ നാമനിർദ്ദേശം ചെയ്യുന്നതിനോ തെരഞ്ഞെടുക്കുന്നതിനോ ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പങ്കുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് ഡിവിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates