ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി, നീറ്റ്-സൂപ്പര്‍ സ്‌പെഷ്യാലിറ്റി കൗണ്‍സിലിങ് നടപടികളില്‍ വലിയ മാറ്റത്തിനൊരുങ്ങി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി). നിലവിലുള്ള പെര്‍സന്റൈല്‍ സമ്പ്രദായം ഒഴിവാക്കി പകരം റാങ്ക് അടിസ്ഥാനമാക്കിയുള്ള സംവിധാനം നടപ്പിലാക്കുന്നതിന് കമ്മീഷന്‍ തത്വത്തില്‍ അനുമതി നല്‍കി. നീറ്റ്-പിജി പ്രവേശനവും കൗണ്‍സിലിങ് പ്രക്രിയയും അവലോകനം ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച 12 അംഗ വിദഗ്ധ സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചത്. പുതിയ ചട്ടപ്രകാരം പരീക്ഷാഫലത്തില്‍ പെര്‍സന്റൈല്‍ മാര്‍ക്കുകള്‍ ഒഴിവാക്കി ഉദ്യോഗാര്‍ഥികളുടെ റാങ്ക് മാത്രമായിരിക്കും പ്രസിദ്ധീകരിക്കുക.
കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ചേര്‍ന്ന എന്‍എംസി യോഗത്തിലാണ് നിര്‍ദേശത്തിന് തത്വത്തില്‍ അംഗീകാരം ലഭിച്ചത്. ഇതുസംബന്ധിച്ച അന്തിമ ചട്ടങ്ങള്‍ കമ്മീഷന്‍ ഉടന്‍ രൂപീകരിക്കും. നീറ്റ്-പിജി 2025 പരീക്ഷയുടെ യോഗ്യതാ കട്ടോഫ് പെര്‍സന്റൈല്‍ കേന്ദ്ര സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചുവരികയാണ്. ജനറല്‍ വിഭാഗത്തിന്റെ യോഗ്യതാ സ്‌കോര്‍ 276ല്‍ നിന്ന് 103 ആയും എസ് സി/എസ്ടി/ഒബിസി വിഭാഗങ്ങളുടെ സ്‌കോര്‍ 235ല്‍ നിന്ന് മൈനസ് 40 ആയും കുറച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമിതിയുടെ റിപ്പോര്‍ട്ട്.
നീറ്റ് പരീക്ഷകളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും വളരെ മോശമായതോ നെഗറ്റീവ് മാര്‍ക്ക് നേടിയതോ ആയ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്ന രീതിയില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ അമിതമായി ഇളവ് ചെയ്യരുതെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. മത്സരപ്പരീക്ഷകളുടെ പ്രാധാന്യം ഭരണപരമായ ഔചാരികത മാത്രമായി ചുരുങ്ങരുത്. ക്ലിനിക്കല്‍, നോണ്‍-ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന റെസിഡന്റ് ഡോക്ടര്‍മാര്‍ തമ്മില്‍ ശമ്പളത്തില്‍ വിവേചനം ഉണ്ടാകരുത്. ഗ്രാമീണ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പ്രോത്സാഹനങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. 2027 മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കാനാണ് നിര്‍ദേശം. എന്നാല്‍ ചട്ടങ്ങള്‍ ഇതുവരെ അന്തിമമായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates