പ്ലസ് ടു കഴിഞ്ഞവർക്ക് വിവിധ സാങ്കേതിക വിദ്യകളിൽ പ്രായോഗിക വൈദഗ്ധ്യം നേടാൻ അവസരമൊരുക്കി ആറുമാസത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സ്. ജിയോസ്‌പെഷ്യൽ സാങ്കേതികവിദ്യ, റിമോട്ട് സെൻസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്വിൻ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഡിപ്ലോമ പ്രദാനം ചെയ്യുന്നത്. പ്ലസ് ടു കഴിഞ്ഞവർ ഉൾപ്പെടെയുള്ളവർക്ക് അപേക്ഷിക്കാവുന്ന കോഴ്സ് പൂർണമായും ഓൺലൈനായാണ് നടത്തുന്നത്. വൈകുന്നേരങ്ങളിലാണ് ക്ലാസുകൾ.
ടി.പി.എൽ.സി – ഗവ. എഞ്ചിനീയറിങ് കോളജ് ബാർട്ടൺ ഹിൽ – എ.ജി.എസ്.ആർ.ടി. എന്നിവയുടെ സംയുക്ത സംരംഭമായി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററുമായി (KSREC) സഹകരിച്ചാണ് കോഴ്സ് നടത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് പരിശീലനം.
ജിയോസ്പേഷ്യൽ അനാലിസിസിന്റെ അടിസ്ഥാനപാഠങ്ങൾ ഉൾപ്പെടുന്ന ഒന്നാം ഘട്ടം രണ്ട് മാസവും ഡിജിറ്റൽ ട്വിൻ സിസ്റ്റംസ് ഉൾപ്പെടുന്ന രണ്ടാം ഘട്ടം നാല് മാസവുമാണ്. രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊഫഷണൽ ഡിപ്ലോമ ലഭിക്കും.
കോഴ്സിൽ എന്തൊക്കെ പഠിക്കാം?
ജിഐഎസ് (GIS), റിമോട്ട് സെൻസിങ്, പൈത്തൺ, ഡാറ്റ അനലിറ്റിക്സ്, ജിയോഎഐ, ക്ലൗഡ് വെബ്ജിഐഎസ്, ത്രിമാന മോഡലിങ്, ഐഒടി ഇന്റഗ്രേഷൻ, ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യകൾ എന്നിവ കോഴ്സിന്റെ ഭാഗമാണ്.
മിനി പ്രോജക്ടുകളും ഒരു ക്യാപ്സ്റ്റോൺ പ്രോജക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും മറ്റ് താൽപര്യമുള്ളവർക്കും കോഴ്സിൽ പങ്കെടുക്കാം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജിഐഎസ് അനലിസ്റ്റ്, ജിയോഎഐ എഞ്ചിനീയർ, ഡിജിറ്റൽ ട്വിൻ ഡെവലപ്പർ തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകളുണ്ട്. ഐ.ഐ.ടി. ഡൽഹിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മനബേന്ദ്ര സാഹരിയയാണ് കോഴ്സ് ഉപദേഷ്ടാവ്. രജിസ്ട്രേഷനും വിവരങ്ങൾക്കും tplc@gecbh.ac.in എന്ന ഇമെയിലിലോ 7736136161 എന്ന നമ്പറിലോ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates